കോഴിക്കോട്: അന്താരാഷ്ട്ര വിവര്‍ത്തന ദിനത്തില്‍ ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച ചടങ്ങില്‍ പ്രമുഖരായ മലയാളി വിവര്‍ത്തകരെ ഓര്‍മ്മിച്ചു. ‘മലയാളി ഓര്‍ക്കുന്ന വിവര്‍ത്തകര്‍’ എന്ന വിഷയത്തിലുള്ള സെമിനാര്‍ പ്രമുഖ മലയാളം, ഹിന്ദി വിവര്‍ത്തകന്‍ ഡോ.ആര്‍സു ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തെ പരിപോഷിപ്പിച്ച വിവര്‍ത്തകരെ അദ്ദേഹം അനുസ്മരിച്ചു. ചടങ്ങില്‍ ഡോ. പി.കെ.രാധാമണി അധ്യക്ഷത വഹിച്ചു. വിവിധ ഭാരതീയ ഭാഷകളില്‍ നിന്ന് ഡോ.ഒ. വാസവന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ചെറുകഥാ സമാഹാരം ‘കഥയഴക്’ കവി പി.പി.ശ്രീധരനുണ്ണി ഡോ.ഗോപി പുതുക്കോടിന് നല്‍കി പ്രകാശനംചെയ്തു. ബംഗാളിയില്‍ നിന്ന് ശരത്ചന്ദ്ര ചതോപാദ്ധ്യായ, ജ്ഞാനപീഠ പുരസ്‌കാര ജേതാക്കളായ ഗുര്‍ദയാല്‍ സിംഗ്, ജയകാന്തന്‍, കൃഷ്ണസോബ്തി, ദാമോദര്‍ മൗസോ തുടങ്ങിയവരുടെ ചെറുകഥകള്‍ ഉള്‍പ്പെടുന്നതാണ് ഈ സമാഹാരം. വിവര്‍ത്തകന്‍ എ.പി. കുഞ്ഞാമു മലയാള വിവര്‍ത്തന സാഹിത്യത്തെയും വിവര്‍ത്തകരെയും വിലയിരുത്തി സംസാരിച്ചു. പി.പി.ശ്രീധരനുണ്ണി, ഗോപി പുതുക്കോട്, കെ.ജി.രുനാഥ്, എസ്.എ.ഖുദ്‌സി, കെ.രാജേന്ദ്രന്‍, കെ.എംവേണുഗോപാല്‍, സഫിയ നരിമുക്കില്‍, ഡോ.ഒ വാസവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബൈബിള്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ സെയിന്റ് ജറോമിന്റെ ഓര്‍മ്മ ദിനമായ സപ്തംബര്‍ 30 ആണ് അന്താരാഷ്ട്ര വിവര്‍ത്തന ദിനമായി ആചരിക്കുന്നത്. 2017 മുതല്‍ ഐക്യരാഷ്ട്രസഭ ഇതിന് അംഗീകാരം നല്‍കി.
വിവര്‍ത്തകരെ ഓര്‍മ്മിച്ചും പുസ്തകം പ്രകാശനം ചെയ്തും വിവര്‍ത്തനദിനം
