600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും
കോഴിക്കോട്: മലബാറിന്റെ ഐടി മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്റെ പുതിയ ഐടി സംരംഭമായ ‘ഹൈലൈറ്റ് സൈബര്‍ ടവര്‍’ കോഴിക്കോട്ട് ഉയരുന്നു. 2.5 ഏക്കറില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന ഈ ഗ്രേഡ് എ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഒക്ടോബര്‍ 3-ന് കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വ്വഹിക്കും.
അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ 12 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ് വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ സൈബര്‍ ടവര്‍.
600 കോടി രൂപയുടെ നിക്ഷേപത്തില്‍ നിര്‍മ്മിക്കുന്ന ഈ ടവര്‍, ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ-വികസന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ അത്യാധുനിക ഐടി അടിസ്ഥാനസൗകര്യ സമുച്ചയമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക മേഖലകളില്‍ മലബാറിന്, പ്രത്യേകിച്ച് കോഴിക്കോടിന്, മികച്ച മുന്നേറ്റം നല്‍കുന്നതിനൊപ്പം പതിനായിരത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, തദ്ദേശീയമായ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കാനും ഈ പദ്ധതി സഹായിക്കും.
നമ്മുടെ പ്രഗത്ഭരായ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി ചെയ്യാനും വളരാനും തിളങ്ങാനുമുള്ള സാധ്യതകളും അവസരങ്ങളും ഒരുക്കുക എന്നതാണ് ഹൈലൈറ്റ് സൈബര്‍ ടവറിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം തൊഴിലവസരങ്ങള്‍ക്കും സംരംഭകത്വത്തിനും പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു.’ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു.
‘വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഇടങ്ങളുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, പദ്ധതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സ്‌പേസ് പൂര്‍ണ്ണമായും ലീസ് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ശനമായ ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂതനവും സുസ്ഥിരവും ഊര്‍ജ്ജക്ഷമതയുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി നിര്‍മ്മിക്കുന്ന ഹൈലൈറ്റ് സൈബര്‍ ടവര്‍, ആഗോള സഹകരണം, നവ ആശയങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങള്‍ക്ക് അനുയോജ്യമായ തൊഴിലിടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ചടങ്ങില്‍ വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ. പി. അനില്‍ കുമാര്‍, എംപി എം. കെ. രാഘവന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍, എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ കെ. പ്രവീണ്‍ കുമാര്‍, എംഎല്‍എമാരായ എം. എ. റസാഖ് മാസ്റ്റര്‍, ഫൈസല്‍ ബാബു, കെ. ജയന്ത്, പി.എം.എ. സമീര്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഹൈലൈറ്റ് ഗ്രുപ്പിന്റെ സൈബര്‍ ടവര്‍; ഒക്ടോബര്‍ 3ന് മുഖ്യമന്ത്രി തറക്കല്ലിടും
