പ്രസ് ക്ലബ് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: പി.എസ്. സിക്ക് ക്രൈംബ്രാഞ്ചിനെ ഭയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാലിക്കറ്റ് പ്രസ് ക്ലബ് മാധ്യമ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാര്‍ഥികളേയും ജനങ്ങളേയും വിശ്വാസ്യത തകര്‍ത്ത ഒരു പി.എസ്.സി ഇതുവരെ ഉണ്ടായിട്ടില്ല. പലനിയമനത്തിലും ഉണ്ടായിട്ടുള്ള ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ പി.എസ്. സി ചെയര്‍മാനും അംഗങ്ങളും വരുന്നില്ല. ഞങ്ങള്‍ അന്വേഷണത്തില്‍ അതീതരാണെന്ന നിലപാടിലാണ്.അവര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഭയപ്പെടുകയാണ്. ഒന്നും ഭയപ്പെടാനില്ലെങ്കില്‍ ആരുടെ മുന്നിലും അന്വേഷണത്തിന് തയ്യാറാണെന്ന ആര്‍ജ്ജവമാണ് പി.എസ്.സി കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ക്രൈംബ്രാഞ്ചിന് മുന്നില്‍ വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പി. അരവിന്ദാക്ഷന്‍ പുരസ്‌കാരം മാധ്യമം സീനിയര്‍ കറസ്‌പോണ്ടന്റ് അനിരു അശോകനും, തെരുവത്ത് രാമന്‍ പുരസ്‌കാരം മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ സി. സജിത്ത്കുമാറും, പി. ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം 24 ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സമീര്‍ സി. മുഹമ്മദും, മുഷ്താഖ് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍. സാംബനും, മുഷ്താഖ് ഫോട്ടോഗ്രാഫി അവാര്‍ഡ് മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജിബിന്‍ ചെംബോലയും ഏറ്റുവാങ്ങി.
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. ജയന്ത് എം.എല്‍.എ, കെ.ഡി.എഫ്.എ സെക്രട്ടറി ഷാജേഷ്‌കുമാര്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജയന്‍ മേനോന്‍ സംസാരിച്ചു. പ്രസ് ക്ലബ് ട്രഷറര്‍ പി. പ്രജിത്ത് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രസ് ക്ലബ് സെക്രട്ടറി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് രേഷ്മ നന്ദിയും പറഞ്ഞു.
പി.എസ്.സിക്ക് ക്രൈംബ്രാഞ്ചിനെ ഭയം: രമേശ് ചെന്നിത്തല
