ടി. ഷാഹുല്‍ ഹമീദ്
മനുഷ്യന്റെ ആയുസ്സിന്റെ പരിധിയെക്കുറിച്ചും വാര്‍ദ്ധക്യത്തിലും ആരോഗ്യം നിലനിര്‍ത്തുന്നതിന്റെ രഹസ്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ ശാസ്ത്രലോകത്ത് എന്നും വലിയ കൗതുകമാണ് സൃഷ്ടിച്ചിട്ടുള്ളത്. സാധാരണഗതിയില്‍ പ്രായമേറുന്തോറും മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ക്ഷയിക്കുകയാണ് (Immunosenescence) പതിവ്. എന്നാല്‍ 110 വയസ്സോ അതില്‍ കൂടുതലോ ആയുസ്സ് ലഭിച്ച വ്യക്തികളില്‍ – ശാസ്ത്രലോകം ‘സൂപ്പര്‍ സെന്റിനേറിയന്‍സ്’ (Supercentenarians) എന്ന് വിളിക്കുന്നവരില്‍ – രോഗപ്രതിരോധ വ്യവസ്ഥ തകരുകയല്ല, മറിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണെന്ന അദ്ഭുതകരമായ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയിലെയും ആര്‍.ഐ.കെ.ഇ.എന്‍ (RIKEN) സെന്ററിലെയും ഗവേഷകര്‍. ഡോ. ഷിന്‍സുക്കെ ഹഷിമോട്ടോയുടെ (Dr. Shinsuke Hashimoto) നേതൃത്വത്തില്‍ നടന്ന ‘ഹ്യൂമന്‍ ലോഞ്ചെവിറ്റി ഇമ്മ്യൂണോളജി’ (Human Longevity Immunology) പഠനമാണ് വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിച്ചത്.
സൂപ്പര്‍ സെന്റിനേറിയന്മാരും രോഗപ്രതിരോധ വ്യവസ്ഥയും
ലോകജനസംഖ്യയില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നവരാണ് 110 വയസ്സ് പിന്നിട്ട സൂപ്പര്‍ സെന്റിനേറിയന്മാര്‍. അര്‍ബുദം (Cancer) പോലുള്ള മാരകരോഗങ്ങളെയും മറ്റ് ഗുരുതര അണുബാധകളെയും അതിജീവിച്ച് ഇത്രയും ദീര്‍ഘകാലം ആരോഗ്യം നിലനിര്‍ത്താന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നത് വലിയൊരു ചോദ്യചിഹ്നമായിരുന്നു.
സാധാരണയായി വാര്‍ദ്ധക്യത്തില്‍ ശരീരം രോഗങ്ങള്‍ക്ക് വേഗത്തില്‍ കീഴടങ്ങുമ്പോള്‍, സൂപ്പര്‍ സെന്റിനേറിയന്മാരില്‍ അതിശക്തമായ പ്രതിവര്‍ത്തന ശേഷിയാണ് (Adaptive Expansion) രോഗപ്രതിരോധ വ്യവസ്ഥ കാഴ്ചവെക്കുന്നത്. പ്രായമാകുന്തോറും പ്രതിരോധ കോശങ്ങള്‍ നശിക്കുന്നതിന് പകരം, രോഗകാരികളെ നേരിട്ട് എതിര്‍ക്കാന്‍ തക്കവണ്ണം അവ സ്വയം പുനഃസംഘടിക്കപ്പെടുന്നു.
പ്രതിരോധ കോശങ്ങളിലെ മാറ്റവും സ്ഥിതിവിവരക്കണക്കുകളും
വിവിധ പ്രായക്കാരുടെ രക്തസാമ്പിളുകള്‍ വിശദമായ വിശകലനത്തിന് വിധേയമാക്കിയപ്പോള്‍ അപൂര്‍വ്വ പ്രതിരോധ കോശങ്ങളുടെ സാന്നിധ്യത്തില്‍ വലിയ വ്യത്യാസങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്:
70 – 89 പ്രായപരിധിയിലുള്ളവരില്‍: 4% വും
100 – 109 പ്രായപരിധിയിലുള്ളവരില്‍: 9.6%
110 വയസ്സിന് മുകളിലുള്ളവരില്‍ (Supercentenarians): 13.6% ആണ് കണ്ടെത്തിയത്.
മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്ന CD4 T കോശങ്ങള്‍ സാധാരണയായി മറ്റ് കോശങ്ങളെ സഹായിക്കുന്ന ‘ഹെല്‍പ്പര്‍ കോശങ്ങളായാണ്’ (Helper T-cells) പ്രവര്‍ത്തിക്കാറുള്ളത്. എന്നാല്‍ സൂപ്പര്‍ സെന്റിനേറിയന്മാരില്‍ ഈ CD4 T കോശങ്ങള്‍ അര്‍ബുദ കോശങ്ങളെയും രോഗകാരികളായ വൈറസുകളെയും നേരിട്ട് ആക്രമിച്ചു നശിപ്പിക്കുന്ന ‘കില്ലര്‍ T’ (Cytotoxic T-Lymphocytes / CD4-CTLs) കോശങ്ങളായി പരിണമിക്കുന്നു.
സൂപ്പര്‍ സെന്റിനേറിയന്മാരുടെ ശരീരത്തില്‍ ദീര്‍ഘകാല പ്രകോപനങ്ങളെ പ്രതിരോധിക്കാന്‍ ‘ക്ലോണല്‍ എക്‌സ്പാന്‍ഷന്‍’ (Clonal Expansion) വഴി ഈ പ്രത്യേക സി.ഡി.4 കില്ലര്‍ കോശങ്ങള്‍ വന്‍തോതില്‍ പെരുകുന്നു.
സാധാരണക്കാരില്‍ ഇത്തരത്തിലുള്ള CD4-CTL കോശങ്ങള്‍ കേവലം 2% മുതല്‍ 4% വരെ മാത്രമാണ് കാണപ്പെടുന്നത്.
എന്നാല്‍ 110 വയസ്സ് പിന്നിട്ടവരില്‍ ഇവ 33% മുതല്‍ 53% വരെ ഉയര്‍ന്ന തോതില്‍ കണ്ടുവരുന്നു.
രോഗബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതും അര്‍ബുദ കോശങ്ങളായി മാറാന്‍ ഇടയുള്ളതുമായ കോശങ്ങളെ തുടക്കത്തിലേ കണ്ടെത്തി നശിപ്പിക്കാന്‍ ഈ ഉയര്‍ന്ന തോതിലുള്ള കില്ലര്‍ കോശങ്ങള്‍ സഹായിക്കുന്നു. ഇതാണ് ഇവരില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രധാന രഹസ്യങ്ങളിലൊന്ന്.
പഠനത്തിന്റെ പ്രധാന നിഗമനമായി
110 വയസ്സ് പ്രായമുള്ളവരുടെ പ്രതിരോധ വ്യവസ്ഥ തളരുകയോ തകരുകയോ ചെയ്യുന്നില്ല പകരം അടാപ്റ്റീവ് എക്‌സ്പാന്‍ഷന്‍ വഴി ശക്തിപ്പെടുന്നു. അര്‍ബുദങ്ങളെ നശിപ്പിക്കുന്ന കില്ലര്‍ കോശങ്ങള്‍ കൂടുതലായിട്ട് കാണപ്പെടുന്നു.
വാര്‍ദ്ധക്യം എന്നത് കേവലം ശരീരത്തിന്റെയും പ്രതിരോധ വ്യവസ്ഥയുടെയും തളര്‍ച്ചയാണെന്ന പരമ്പരാഗത ശാസ്ത്രീയ ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് ഒസാക്ക സര്‍വ്വകലാശാലയിലെ ഡോ. ഷിന്‍സുക്കെ ഹഷിമോട്ടോയും സംഘവും നടത്തിയ ഈ ശാസ്ത്രീയ പഠനം. അതിപ്രായമായാലും പുതിയ രോഗസങ്കീര്‍ണ്ണതകള്‍ക്കനുസരിച്ച് സ്വയം മാറാനും പോരാടാനും മനുഷ്യശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് സാധിക്കുമെന്നാണ് ഈ കണ്ടെത്തല്‍ തെളിയിക്കുന്നത്.
ഭാവിയില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ തടയുന്നതിനും, ക്യാന്‍സര്‍ പ്രതിരോധത്തിനുമുള്ള മികച്ച ‘ഇമ്മ്യൂണോ തെറാപ്പി’ (Immunotherapy) ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കാന്‍ ഈ പഠനം വലിയ വഴിത്തിരിവാകും. ചുരുക്കത്തില്‍, 110 വയസ്സിലും തോല്‍ക്കാതെ പോരാടുന്ന പ്രത്യേക പ്രതിരോധ കോശങ്ങളിലാണ് ദീര്‍ഘായുസ്സിന്റെയും ആരോഗ്യത്തിന്റെയും ശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുന്നത്! കഴിഞ്ഞദിവസം ജപ്പാനില്‍ നിന്ന് വന്ന വാര്‍ത്ത പ്രതീക്ഷ നിര്‍ഭരമാണ്. 100 വയസ്സ് കഴിഞ്ഞവരുടെ എണ്ണം
107677 ആണെന്നും ഇതില്‍ മിക്കവരും 110 മുകളില്‍ ഉള്ളവരാണ് എന്നത് മനുഷ്യരാശിയുടെ ഭാവി വളര്‍ച്ചയുടെ ഏറ്റവും വലിയ ശുഭ സൂചനയായി കാണുന്നു.
