ആഗോള ജനന നിരക്കിലെ ഇടിവ്: സാമ്പത്തിക പാക്കേജുകള്‍ കൊണ്ടുമാത്രം പരിഹരിക്കാവുന്നതാണോ?

ആഗോള ജനന നിരക്കിലെ ഇടിവ്: സാമ്പത്തിക പാക്കേജുകള്‍ കൊണ്ടുമാത്രം പരിഹരിക്കാവുന്നതാണോ?

ടി. ഷാഹുല്‍ ഹമീദ്

ആധുനിക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളിലൊന്നാണ് ജനനനിരക്കില്‍ ഉണ്ടാകുന്ന നാടകീയമായ ഇടിവ്. പല വികസിത, വളര്‍ന്നുവരുന്ന രാജ്യങ്ങളിലും ജനനനിരക്കിലെ കുറവ് വലിയ പ്രതിസന്ധിയും സാമൂഹിക അടിയന്തരാവസ്ഥയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ജനതയുടെ നിലനില്‍പ്പിനും ജനസംഖ്യ ഒരേ നിലയില്‍ നിലനില്‍ക്കുന്നതിനും (Replacement Level) ഒരു സ്ത്രീ ശരാശരി 2.1 കുട്ടികള്‍ക്ക് ജന്മം നല്‍കണം. എന്നാല്‍ ആഗോളതലത്തില്‍ ഈ നിരക്ക് വലിയതോതില്‍ കുറഞ്ഞുവരികയാണ്. ആഗോള ശരാശരി 2.23 ആണെങ്കിലും, ലോകത്തെ 135-ഓളം രാജ്യങ്ങളില്‍ ജനനനിരക്ക് Replacement level ല്‍ 2.1) നിന്നും താഴേക്ക് പതിച്ചിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘ജനസംഖ്യാ സ്‌ഫോടനത്തെ’ ഭയപ്പെട്ടിരുന്ന ഭരണകൂടങ്ങള്‍ ഇന്ന് ‘ജനസംഖ്യാ തകര്‍ച്ച’ നേരിടുകയാണ്. ജനനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അതിനപ്പുറമുള്ള ഘടനാപരമായ മാറ്റങ്ങളാണ് ആവശ്യമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ആഗോള ചിത്രവും ജനനനിരക്കിലെ വിടവും:

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ജനസംഖ്യാ വൈവിധ്യമാണ് കാണാന്‍ കഴിയുന്നത്. ചില രാജ്യങ്ങളില്‍ പ്രത്യുല്‍പാദന ശേഷി ആഗോള ശരാശരിയേക്കാള്‍ വളരെ പിന്നിലാണ്:
ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള പ്രദേശങ്ങള്‍ (സ്ത്രീക്ക് ശരാശരി കുട്ടികള്‍):
ദക്ഷിണ കൊറിയ: 0.72
തായ്വാന്‍: 0.72
ഹോങ്കോങ്ങ് & മക്കാവു: 0.75
സിംഗപ്പൂര്‍: 0.97
ജപ്പാന്‍: 1.2
ഇറ്റലി & സ്‌പെയിന്‍: 1.2

പ്രതിവര്‍ഷം കൂടുതല്‍ ജനനം നടക്കുന്ന രാജ്യങ്ങള്‍:

ഇന്ത്യ: 2.3 കോടി
ചൈന: 86 ലക്ഷം
നൈജീരിയ: 77 ലക്ഷം
ജപ്പാന്‍: 70 ലക്ഷം
പാക്കിസ്ഥാന്‍: 69 ലക്ഷം
കോംഗോ: 46 ലക്ഷം
ഇന്തോനേഷ്യ: 44 ലക്ഷം
അമേരിക്ക: 37 ലക്ഷം
റഷ്യ: 12.5 ലക്ഷം

 

ഉയര്‍ന്ന ജനനനിരക്കുള്ള രാജ്യങ്ങള്‍:

പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഉയര്‍ന്ന ജനനനിരക്ക് കാണപ്പെടുന്നത്. നൈജര്‍ (6.7), സോമാലിയ (6.1) എന്നീ രാജ്യങ്ങള്‍ ഇതില്‍ മുന്നില്‍ നില്‍ക്കുന്നു.
ലോകത്ത് പ്രതിവര്‍ഷം ഏകദേശം 136 ദശലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ മരണസംഖ്യ 61 ദശലക്ഷത്തോളമാണ്. ഒറ്റനോട്ടത്തില്‍ ജനസംഖ്യ കൂടുന്നതായി തോന്നുമെങ്കിലും ജനനനിരക്കിലെ വേഗത കുറയുന്നത് ഭാവിയില്‍ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് വഴിതുറക്കും.

പുതിയ തലമുറ എന്തുകൊണ്ട് വിവാഹവും മാതൃത്വവും ഒഴിവാക്കുന്നു?

ജെന്‍ ഇസഡ് (gen Z) തലമുറകള്‍ക്കിടയില്‍ ജീവിത മുന്‍ഗണനകള്‍ മാറിയതാണ് ജനനനിരക്ക് കുറയാനുള്ള പ്രധാന കാരണം. കേവലം പണമില്ലാത്തതുകൊണ്ട് മാത്രമല്ല പുതിയ തലമുറ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മടിക്കുന്നത്.മികച്ച വിദ്യാഭ്യാസവും കരിയറിലെ ഉയര്‍ച്ചയും ലക്ഷ്യമിടുന്ന യുവതി യുവാക്കള്‍ വിവാഹം നീട്ടിവെക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു.
പഴയ തലമുറയെ അപേക്ഷിച്ച് കടുത്ത സമ്മര്‍ദ്ദങ്ങളും അനിശ്ചിതത്വങ്ങളും അനുഭവിക്കുന്നതിനാല്‍ ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പുതുതലമുറ ഭയപ്പെടുന്നു.
ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗവും വ്യാജ ബന്ധങ്ങളുടെ വര്‍ദ്ധനവും സോളോ ലൈഫിലേക്ക് യുവസമൂഹത്തെ നയിക്കുന്നു. പ്രണയബന്ധങ്ങളില്‍ നിന്ന് മാറി ഒറ്റയ്ക്കുള്ള ജീവിതം (‘സോളോ ലൈഫ്’) തിരഞ്ഞെടുക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു. ദക്ഷിണ കൊറിയയിലെ ‘ഹോന്‍ജോക്ക്’ (Honjok)
സംസ്‌കാരം ഇതിനൊരു ഉദാഹരണമാണ്.
വീട് വാങ്ങുന്നതിനും കുട്ടികളെ വളര്‍ത്തുന്നതിനും വരുന്ന അമിത ചെലവ് പലരെയും പിന്നോട്ട് വലിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം, സ്വന്തമായി വീട് വാങ്ങാനുള്ള കഴിവ്, പങ്കാളിയുടെ തുല്യ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത് 20-കളില്‍ കല്യാണം കഴിച്ചിരുന്ന പഴയ പ്രവണത മാറി വിവാഹം നീണ്ടുപോകുന്നു.
സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക സാമ്പത്തിക സഹായം കൊണ്ട് മാത്രം കുട്ടികളെ വളര്‍ത്താന്‍ കഴിയില്ലെന്ന ചിന്ത യുവാക്കളെ വരിഞ്ഞുമുറുക്കിയിരിക്കുന്നു.

വിവിധ രാജ്യങ്ങളിലെ ധനസഹായങ്ങളും പ്രോത്സാഹന പദ്ധതികളും:-

ജനനനിരക്ക് കൂട്ടാന്‍ ഭരണകൂടങ്ങള്‍ പലതരത്തിലുള്ള സാമ്പത്തിക ബോണസുകള്‍ നടപ്പിലാക്കുന്നുണ്ട്:

ദക്ഷിണ കൊറിയ: ‘മദര്‍ മീറ്റ് ചൈല്‍ഡ് പ്ലാന്‍’ വഴി കുട്ടി ജനിക്കുമ്പോള്‍ 1800 ഡോളറും, ആദ്യവര്‍ഷത്തില്‍ പ്രതിമാസം തുടര്‍ച്ചയായ സാമ്പത്തിക സഹായവും നല്‍കുന്നു. ചില വന്‍കിട സ്വകാര്യ കമ്പനികള്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ സ്വന്തം ജീവനക്കാര്‍ക്ക് 75 ലക്ഷം രൂപ വരെ ബോണസ് നല്‍കുന്നു.

സിംഗപ്പൂര്‍: ‘ബേബി ബോണസ് സ്‌കീം’ വഴി ഒന്നും രണ്ടുമുള്ള കുട്ടികള്‍ക്ക് 10,000 സിംഗപ്പൂര്‍ ഡോളറും, മൂന്നാമത്തെ കുട്ടി മുതല്‍ അതില്‍ കൂടുതല്‍ തുകയും നല്‍കുന്നു.

ഫിന്‍ലാന്‍ഡ്: അമ്മമാര്‍ക്ക് വസ്ത്രങ്ങളും കിടക്കയും കളിപ്പാട്ടങ്ങളും അടങ്ങിയ ‘ബേബി ബോക്‌സ്’ നല്‍കുന്നു. ബോക്‌സ് ആവശ്യമില്ലാത്ത കുടുംബങ്ങള്‍ക്ക് ഇതിന് തുല്യമായ തുക നല്‍കും.

റഷ്യ: ‘മാറ്റേണല്‍ ക്യാപിറ്റല്‍’ (Maternal Capital) സര്‍ട്ടിഫിക്കറ്റ് വഴി ഒന്ന്, രണ്ട് കുട്ടികള്‍ ജനിക്കുന്ന കുടുംബങ്ങള്‍ക്ക് വീട് വാങ്ങാനോ കുട്ടികളുടെ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവുന്ന വന്‍ തുക ലഭ്യമാക്കുന്നു.

ഓസ്ട്രേലിയ: കുട്ടികളുടെ വളര്‍ച്ചാ ചെലവുകള്‍ക്ക് വലിയ തുക കുടുംബങ്ങള്‍ക്ക് നല്‍കിവരുന്നു.

തമിഴ്നാട് (ഇന്ത്യ): സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ‘തായ്മാമന്‍ തങ്ക മോതിരം’ പദ്ധതി വഴി സ്വര്‍ണ്ണമോതിരം നല്‍കുന്ന തമിഴ് സംസ്‌കാരത്തിലധിഷ്ഠിതമായ പരിപാടി ശ്രദ്ധേയമാണ്.

സാമ്പത്തിക സഹായങ്ങള്‍ക്കപ്പുറം വിജയം കണ്ട അന്താരാഷ്ട്ര മാതൃകകള്‍:-

കേവലം സാമ്പത്തിക സഹായങ്ങളോ പ്രതിമാസ അലവന്‍സുകളോ കൊണ്ട് മാത്രം ഒരു സമൂഹത്തില്‍ ജനനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. കുട്ടികളെ വളര്‍ത്താന്‍ അനുയോജ്യമായ ഒരു സാമൂഹിക, ആരോഗ്യ, തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ച രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മാതൃകയാകുന്നത്.

 

മികച്ച ആഗോള മാതൃകകള്‍ :-

 

ഫ്രാന്‍സില്‍, കുട്ടിക്ക് മൂന്ന് മാസം പ്രായമാകുന്നത് മുതല്‍ സര്‍ക്കാരിന്റെ ഉയര്‍ന്ന ഗുണനിലവാരമുള്ള ക്രഷുകളില്‍ (Creshes പ്രവേശനം ലഭിക്കുന്നു. പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാണ്.
കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആദായനികുതിയില്‍ ഗണ്യമായ ഇളവുകള്‍ ലഭിക്കുന്നു.
പ്രസവാനുകൂല്യങ്ങള്‍ക്ക് ശേഷം കരിയര്‍ നഷ്ടപ്പെടാതെ ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള നിയമപരമായ ഉറപ്പ് ഫ്രാന്‍സില്‍ ഉണ്ട്.

മാതാപിതാക്കള്‍ക്ക് ഒന്നിച്ചെടുക്കാവുന്ന 480 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് സ്വീഡന്റെ പ്രത്യേകത, ഇതില്‍ 90 ദിവസം നിര്‍ബന്ധമായും അച്ഛന്മാര്‍ എടുത്തേ മതിയാകൂ (‘Daddy Quarantine’).
കുട്ടികള്‍ക്ക് 8 വയസ്സാകുന്നതുവരെ ജോലി സമയം 25% വരെ കുറയ്ക്കാനോ വീട്ടിലിരുന്ന് ജോലി ചെയ്യാനോ സ്വീഡനില്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്.
കൂടാതെ വര്‍ക്കിംഗ് പാരന്റ്‌സിന് താങ്ങാനാവുന്ന നിരക്കില്‍ സര്‍ക്കാര്‍ ഡേ-കെയര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നു.

കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് ഹംഗറിയില്‍ വീട് വാങ്ങാനും നിര്‍മ്മിക്കാനും വലിയ സബ്സിഡിയും പലിശരഹിത വായ്പകളും നല്‍കുന്നു. നിശ്ചിത എണ്ണം കുട്ടികളാകുമ്പോള്‍ വായ്പ തിരിച്ചടക്കേണ്ടതില്ല.
4 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുട്ടികളുള്ള സ്ത്രീകള്‍ക്ക് ആജീവനാന്ത ആദായനികുതി ഹംഗറിയില്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
വലിയ കുടുംബങ്ങള്‍ക്ക് ഏഴ് സീറ്റുള്ള വാഹനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നു

കുട്ടി ജനിച്ച ശേഷം മാതാപിതാക്കളില്‍ ഒരാള്‍ക്ക് 435 ദിവസം (ഏകദേശം ഒന്നര വര്‍ഷം) വരെ മുന്‍കാല ശമ്പളത്തിന്റെ 100% തുകയോടെ എസ്റ്റൊണിയയില്‍ അവധിയില്‍ പ്രവേശിക്കാം.
ചൈല്‍ഡ് കെയര്‍ അനുമതികള്‍, മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകള്‍, സ്‌കൂള്‍ പ്രവേശന നടപടികള്‍ എന്നിവയെല്ലാം എസ്റ്റോണിയയില്‍ ഡിജിറ്റലായി ലഭ്യമാക്കുന്നു.

ജപ്പാന്‍ നല്‍കുന്ന സൂചന:-

ജനനനിരക്കിലെ ഇടിവും വയോജന വര്‍ദ്ധനവും സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ജപ്പാന്‍. ജപ്പാനില്‍ 100 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 1,07,677 ആയി ഉയര്‍ന്നപ്പോള്‍, ജനനനിരക്ക് കുത്തനെ ഇടിയുകയാണ്. 2008-ല്‍ 12.8 കോടി ജനങ്ങള്‍ ഉണ്ടായിരുന്ന ജപ്പാനില്‍ 2070 ആകുമ്പോഴേക്കും ജനസംഖ്യ കേവലം 8.7 കോടിയായി ചുരുങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ ലോകത്തെമ്പാടുമുള്ള ജനനനിരക്ക് ഇടിവിന്റെ നേര്‍സാക്ഷ്യമാണ്.

ഉപസംഹാരം:-

ലോക ജനസംഖ്യ സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ജനനനിരക്കിലെ കുറവ് പരിഹരിക്കുന്നതിനും കേവലം പണം മാത്രം വിതരണം ചെയ്യുന്നത് ഫലപ്രദമല്ലെന്ന് അന്താരാഷ്ട്ര അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ജനനനിരക്ക് കുറയുന്നത് കേവലം ഒരു സാമ്പത്തിക പ്രശ്‌നമല്ല, മറിച്ച് അതൊരു സാമൂഹിക മാറ്റത്തിന്റെ സൂചനയാണ്. വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുമ്പോള്‍ വെറും പണം നല്‍കി ആ മാറ്റത്തെ തടയാനാവില്ല.
‘കുട്ടികളെ വളര്‍ത്തുന്നത് മാതാപിതാക്കളുടെ മാത്രം ബാധ്യതയല്ല, മറിച്ച് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഒന്നാകെയുള്ള ഉത്തരവാദിത്തമാണ്’ എന്ന വീക്ഷണം വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. തൊഴില്‍രംഗത്ത് സ്ത്രീകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും, ജോലിസ്ഥലങ്ങളിലെ വിവേചനം ഇല്ലാതാക്കുകയും, പുരുഷന്മാര്‍ വീട്ടുജോലികളിലും കുട്ടികളുടെ പരിപാലനത്തിലും തുല്യ പങ്കാളികളാകാന്‍ അവസരമൊരുക്കുകയും ചെയ്യണം. സര്‍ക്കാര്‍ ചെലവില്‍ വിശ്വസിക്കാവുന്ന ശിശുപരിചരണ-ആരോഗ്യ കേന്ദ്രങ്ങള്‍ ഒരുക്കുക എന്നതുമാണ് ശാശ്വത പരിഹാരം. പണത്തേക്കാള്‍ ഉപരിയായി, ഒരു കുട്ടിയെ വളര്‍ത്താന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന രാജ്യങ്ങള്‍ക്കായിരിക്കും വരുംകാലങ്ങളില്‍ മികച്ച ജനസംഖ്യാ അടിത്തറയും സാമൂഹിക സുരക്ഷിതത്വവും ഉണ്ടാവുക.

 

 

 

ആഗോള ജനന നിരക്കിലെ ഇടിവ്: സാമ്പത്തിക
പാക്കേജുകള്‍ കൊണ്ടുമാത്രം പരിഹരിക്കാവുന്നതാണോ?

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *