സിപിഎം തെറ്റ് തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍

സിപിഎം തെറ്റ് തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍

പി.ടി.നിസാര്‍

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് വെച്ച് വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് തുടക്കമായിരിക്കുകയാണ്. ചരിത്രത്തിലില്ലാത്ത കനത്ത തോല്‍വിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ടത്. വിഎസ് അച്യുതാനന്ദന്‍ പടനയിച്ച ഒന്നാം പിണറായി സര്‍ക്കാരിന്റെ രൂപീകരണത്തിലേക്ക് വഴിതെളിയിച്ച ആദ്യ അഞ്ചു വര്‍ഷ ഭരണം നല്‍കിയ തിളക്കമാണ് രണ്ടാം പിണറായി സര്‍ക്കാരിലേക്ക് വഴിയൊരുക്കിയത്. ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭയിലെ പരിണിത പ്രജ്ഞരായ മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് കൂടിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിലേക്ക് നയിച്ചത്. കോവിഡ്, നിപ്പ തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ കേരളത്തെ പിടിച്ചു കുലുക്കിയപ്പോള്‍ കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സൃഷ്ടിച്ച സുരക്ഷാ വലയം എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രീഭവിച്ചിരുന്നു. പൊതു മരാമത്ത് കൈകാര്യം ചെയ്തിരുന്ന ജി.സുധാകരന്റെ അഴിമതിക്കെതിരായ കര്‍ശന നിലപാടും, പ്രവര്‍ത്തന മികവും ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍.
ഇപ്പോള്‍ സിപിഎം കുറ്റസമ്മതം നടത്തുന്നത് 10 വര്‍ഷത്തെ ഭരണം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റി എന്നാണ്. എന്നാല്‍ ആദ്യത്തെ അഞ്ചു വര്‍ഷ ഭരണം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റിയില്ലെന്നതിന് തെളിവാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ രൂപീകരണം. രണ്ടാം പിണറായി സര്‍ക്കാരിലുണ്ടായിരുന്ന മന്ത്രിമാര്‍ക്ക് വേണ്ടത്ര ജനപ്രീതിയാര്‍ജിക്കാന്‍ കഴിഞ്ഞില്ല എന്നത് വാസ്തവമാണ്. അനുഭവ സമ്പത്ത് കുറഞ്ഞവര്‍ക്ക്, പ്രബലമായ വകുപ്പുകള്‍ നല്‍കിയതിന് യാതൊരു ന്യായീകരണവുമില്ല. ഇവിടെയാണ് പാര്‍ട്ടി തീരുമാനങ്ങള്‍ എന്ന രൂപത്തില്‍ നേതാക്കളുടെ വ്യക്തിതാല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ടോ എന്ന് പാര്‍ട്ടിയംഗങ്ങളും പൊതു സമൂഹവും തിരിച്ചറിയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ക്കുണ്ടായ പാര്‍ലമെന്ററി വ്യാമോഹം സിപിഎം തന്നെ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ അതിന് ചുക്കാന്‍ പിടിച്ച നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവുന്നില്ല. ബദല്‍ രേഖയുടെ പേരില്‍ പോളിറ്റബ്യൂറോയില്‍ നിന്ന് ബി.ടി.രണദിവയെ ബ്രാഞ്ചിലേക്ക് തംരതാഴ്ത്തിയതും പാര്‍ട്ടിയുടെ മുഖമായിരുന്ന ഇഎംഎസിനെ മഅദനി വിഷയത്തില്‍ പരസ്യമായി ശാസിച്ചതുമായ നടപടികളൊന്നും ഇത്തരം നേതാക്കള്‍ക്കെതിരെ ഉണ്ടായില്ല എന്ന് പരിശോധിക്കുമ്പേള്‍ ഇന്നത്തെ സിപിഎം, അഖിലേന്ത്യ – സംസഥാന നേതൃത്വം രോഗം മാറാനാണോ ചികിത്സ നടത്തുന്നത് എന്ന സംശയം സ്വാഭാവികമായി ഉയരും.
മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും, മകള്‍ വീണയ്‌ക്കെതിരെയും, മരുമകനും, സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.എം.മുഹമ്മദ് റിയാസിനെതിരെയും ഇഡി നടത്തിയ അന്വേഷണങ്ങളും, അത് സംബന്ധിച്ച് കേസെടുക്കാന്‍ സംസ്ഥാന ഡിജിപിക്ക് കൊടുത്ത കത്തും ഇന്ന് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്വാഭാവികമായും കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം നടത്തുമെന്ന കാര്യം ഉറപ്പാണ്. പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയ ഒന്നാണ് ഈ കേസ്. ലാവ്‌ലിന്‍ കേസുമായി ഇതിനെ താരതമ്യം ചെയ്യാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ലാവ്‌ലിന്‍ കേസൊന്നും ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമല്ല. പിണറായിയെ വേട്ടയാടാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ് പ്രതിരോധിക്കുന്നുണ്ടെങ്കിലും, പാര്‍ട്ടി നേതാക്കള്‍, അവരുടെ മക്കള്‍ ഉണ്ടാക്കുന്ന തലവേദന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിയണം.
ജന്മിത്ത്വത്തിന്റെ മുരട് മുറിച്ച്, അടിയാള വര്‍ഗ്ഗത്തിന്റെ ശിരസ്സ് ഉയര്‍ത്തിപ്പിടിക്കാനും, നവോത്ഥാന കേരളം സൃഷ്ടിക്കാനും, ചരിത്രത്തെ മാറ്റിമറിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്ന പരിതാപകരമായ അവസ്ഥക്ക് കാരണക്കാരായ നേതാക്കള്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനില്‍ക്കുകയാണുത്തമം.
കേരളം വര്‍ഗ്ഗീയ ശക്തികള്‍ക്ക് തൊട്ട് നോക്കാന്‍ കഴിയാത്തത് ഇവിടെ ധീരമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യമാണ്. ഭൂരിപക്ഷ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്, വികാരഭരിതരാക്കി വര്‍ഗ്ഗീയ വിഷം ചിന്തി, സഹോദര സമൂഹങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് ഇവിടുത്തെ തൊഴിലാളി-കര്‍ഷകാദി പ്രസ്ഥാനങ്ങളുടെ അടിത്തറയുള്ളതുകൊണ്ടാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതയും, ന്യൂനപക്ഷ വര്‍ഗ്ഗീയതയും, ജാതി-മത-സാമുദായിക സംഘടനകളെയുമെല്ലാം പടിക്ക് പുറത്ത് നിര്‍ത്തി കേരള ജനത 1987ല്‍ നായനാര്‍ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് പാര്‍ട്ടി നേതൃത്വം മറന്നുപോകരുത്. കേരളം മതനിരപേക്ഷതയുടെ മണ്ണാണ്. വര്‍ഗ്ഗീയ വിഷം തുപ്പുന്ന സാമുദായിക നേതാക്കളെ ചുമന്ന് നടന്നതിനുള്ള തിരിച്ചടികൂടിയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ തോല്‍വി.
എക്കാലവും സിപിഎംനെ വിശ്വസിച്ചിരുന്ന മത ന്യൂനപക്ഷങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കൈവിട്ടു. പാര്‍ട്ടി നേതാക്കളുടെ ഇമേജ് തകരാന്‍ കാരണമായത് അവരുടെ തന്നെ നടപടികളാണ്.  ഭരണാധികാരികള്‍ ജനങ്ങളുടെ അത്താണിയാണ്. അവര്‍ ആഗ്രഹിക്കുന്നത് നല്‍കാന്‍ നേതൃത്വത്തിനായില്ല. പുതു തലമുറയുടെ സാന്നിധ്യം പാര്‍ട്ടിക്ക് എത്രകണ്ട് ഉള്‍ക്കൊള്ളാനാവുന്നു എന്നതും പരിശോധിക്കപ്പെടണം. നിലവിലുള്ള യുവനേതാക്കളുടെ ഇടപെടല്‍ പൊതു സമൂഹത്തിലുണ്ടാക്കുന്ന പ്രതികരണവും സൂക്ഷ്മമായി വിലയിരുത്തപ്പെടണം.
ജനകോടികളുടെ ആശ്രയവും ആവേശവുമാണ് സിപിഎം. അത് അക്ഷരാര്‍ത്ഥത്തില്‍ അരക്കിട്ടുറപ്പിക്കാന്‍ തൊലിപ്പുറത്തുള്ള ചികിത്സ പോര. ചരിത്രത്തിന്റെ തങ്ക ലിപികളില്‍ ഇങ്ങനെ വായിക്കാം. നാടിനും, നാട്ടാര്‍ക്കും വേണ്ടി ജീവിച്ച കമ്യൂണിസ്റ്റ് നേതാക്കള്‍ നടന്നുപോകുന്ന ഇടങ്ങളിലെ മണ്ണെടുത്ത് തിലകം ചാര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത് സ്വപ്‌നം കാണാന്‍പോലുമാകില്ല. ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെങ്കില്‍ ലെനിന്‍ ഉദ്‌ബോധിപ്പിച്ചതുപോലെ വെള്ളത്തിലെ മത്സ്യങ്ങളെപോലെ കമ്യൂണിസ്റ്റ്കാര്‍ പ്രവര്‍ത്തിക്കണം. അത്തരം ഒരു തിരിച്ചു വരവാണ് ചര്‍ച്ച ചെയ്യേണ്ടതും, കര്‍മ്മപഥത്തിലെത്തിക്കേണ്ടതും. ഭാവി കേരളം ആഗ്രഹിക്കുന്നതും ഇതൊക്കെതന്നെയാണ്.

സിപിഎം തെറ്റ് തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍

Share

Leave a Reply

Your email address will not be published. Required fields are marked *