പണക്കൊഴുപ്പിന്റെ കളിമുറ്റവും ലോകകപ്പ് ഫുട്‌ബോളിന്റെ അദൃശ്യ ചരടുകളും

പണക്കൊഴുപ്പിന്റെ കളിമുറ്റവും ലോകകപ്പ് ഫുട്‌ബോളിന്റെ അദൃശ്യ ചരടുകളും

ടി. ഷാഹുല്‍ ഹമീദ്

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ വികാരമായ ഫുട്‌ബോള്‍ കളി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കത്തിന് തിരശ്ശീലയിട്ടിരിക്കുകയാണ്. 1930-ല്‍ ഉറുഗ്വേയില്‍ ആരംഭിച്ച ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ചരിത്രം, യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നീ വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നടന്ന 2026-ലെ ടൂര്‍ണമെന്റില്‍ എത്തിനില്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ വെറുമൊരു കായിക മത്സരം മാത്രമല്ല, കായിക ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള ബിസിനസ്സ് സംരംഭം കൂടിയാണ് എന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.
ഫുട്‌ബോള്‍ എന്ന സുന്ദരമായ കളിയെ പണം എത്രത്തോളം പിടികൂടിയിരിക്കുന്നുവെന്നും, കോടികള്‍ കൈമറിയുന്ന വലിയൊരു ബിസിനസ് തന്ത്രമായി അത് മാറിക്കഴിഞ്ഞിട്ടുണ്ടെന്നും ഈ ലോകകപ്പ് മത്സരങ്ങള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാകും. കളിയുടെ ഘടനയിലും ആത്മാവിലും വരുത്തിയ മാറ്റങ്ങള്‍ വിശകലനം ചെയ്താല്‍ ‘പണമാണ് എല്ലാം’ എന്ന് നമുക്ക് നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കും.

ശതകോടികളുടെ ആഗോള വ്യവസായം

ഫുട്‌ബോള്‍ ഇന്ന് കോടിക്കണക്കിന് ഡോളറുകള്‍ മറിയുന്ന ആഗോള വ്യവസായമാണ്. ഇത്തവണത്തെ ലോകകപ്പപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക വസ്തുതകള്‍ അതിശയിപ്പിക്കുന്നതാണ്. 2023-2026 സാമ്പത്തിക വര്‍ഷങ്ങളില്‍ ഫിഫ ലക്ഷ്യമിടുന്നത് 13 ബില്യണ്‍ ഡോളറിന്റെ (ഏകദേശം $13,000,000,000) വരുമാനമാണ്. ഇതില്‍ 8.9 ബില്യണ്‍ ഡോളറും ഈ വര്‍ഷത്തെ ടൂര്‍ണമെന്റിലൂടെയാണ് ഫിഫ സമാഹരിക്കുന്നത്. 2022-ലെ ഖത്തര്‍ ലോകകപ്പ് സമയത്തുണ്ടായിരുന്ന വരുമാനത്തേക്കാള്‍ 70%-ത്തിലധികം വര്‍ദ്ധനവാണിത്.
വിജയികളെ കാത്തുനില്‍ക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാണ്. ഇത്തവണ ആകെ 6250 കോടി രൂപയാണ് സമ്മാനമായി നല്‍കുന്നത്. ഖത്തര്‍ ലോകകപ്പിലേതിനേക്കാള്‍ 65% വര്‍ദ്ധനവാണ് സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത്. ജേതാക്കള്‍ക്ക് 606 കോടി രൂപ ലഭിക്കുമ്പോള്‍ റണ്ണര്‍അപ്പിന് 315.15 കോടി രൂപയും, മൂന്നാം സ്ഥാനത്തിന് 276.95 കോടിയും, നാലാം സ്ഥാനം നേടുന്ന ടീമിന് 258 കോടിയും ലഭിക്കും. കൂടാതെ അവസാന 8-ല്‍ എത്തുന്ന ടീമുകള്‍ക്ക് 181 കോടിയും, പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയ ടീമുകള്‍ക്ക് 143 കോടിയും, റൗണ്ട് 32-ല്‍ എത്തുന്നവര്‍ക്ക് 105 കോടിയും, ആദ്യ ഘട്ടത്തില്‍ പുറത്താകുന്ന ടീമുകള്‍ക്ക് പോലും 86 കോടി രൂപ വീതവും ലഭിക്കുന്ന കായിക മാമാങ്കമായി ലോകകപ്പ് മാറി.
ടെലിവിഷന്‍, സ്ട്രീമിംഗ് അവകാശങ്ങളിലൂടെ മാത്രം ഫിഫ 3.9 ബില്യണ്‍ ഡോളര്‍ നേടും. ഈ ലോകകപ്പ് കാലയളവില്‍ മാത്രം ആഗോളതലത്തില്‍ പരസ്യങ്ങള്‍ക്കായി കമ്പനികള്‍ ചെലവഴിക്കുന്നത് 10.5 ബില്യണ്‍ ഡോളറാണ്. ഫോക്‌സ് (Fox) പോലുള്ള പ്രമുഖ ചാനലുകളില്‍ മത്സരങ്ങള്‍ക്കിടയിലെ ഒരു മിനിറ്റ് പരസ്യത്തിന് 1 മില്യണ്‍ ഡോളറിലധികമാണ് ഈടാക്കുന്നത്. ഇത്തവണ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാന്‍ ഡിമാന്‍ഡ് അനുസരിച്ച് വില മാറുന്ന ‘ഡൈനാമിക് പ്രൈസിങ്’ രീതിയാണ് ഉപയോഗിച്ചത്. ഇതിലൂടെ ടിക്കറ്റ്, ഹോസ്പിറ്റാലിറ്റി വരുമാനം മാത്രം 3 ബില്യണ്‍ ഡോളറിലെത്തി. ലോകകപ്പ് വഴി ആഗോള ജി.ഡി.പിയിലേക്ക് 40.9 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഉത്തേജനം ഉണ്ടായെന്നും ടൂറിസം, ഹോട്ടല്‍ മേഖലകളിലായി എട്ടു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ഫിഫയും വേര്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനും അവകാശപ്പെടുന്നു.

പണത്തിനുവേണ്ടി മാറിയ നിയമങ്ങളും ഘടനയും

പണത്തിന്റെ ഒഴുക്ക് കൂട്ടാനും കൂടുതല്‍ രാജ്യങ്ങള്‍ക്ക് അവസരം നല്‍കുവാനുമായി ഫിഫ കളിയുടെ നിയമങ്ങളിലും ഘടനയിലും ചരിത്രപരമായ മാറ്റങ്ങളാണ് വരുത്തിയത്. 32 ടീമുകള്‍ മാറ്റുരച്ചിരുന്ന സ്ഥാനത്ത് 48 ടീമുകളാണ് 2026-ല്‍ പങ്കെടുത്തത്. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം ടീമുകള്‍ ഒന്നിച്ച് കളിക്കുന്നത്. ഇത് കൂടുതല്‍ രാജ്യങ്ങളിലെ പ്രേക്ഷകരെ കളിയിലേക്ക് ആകര്‍ഷിക്കാനും അതുവഴി വരുമാനം കൂട്ടാനും സഹായിച്ചു.
ടീമുകള്‍ കൂടിയതോടെ മത്സരങ്ങളുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവുണ്ടായി. 64 മത്സരങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 104 മത്സരങ്ങളാണ് നടന്നത്. ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം 39 ദിവസമായി നീണ്ടുനിന്നു. വടക്കേ അമേരിക്കയിലെ കടുത്ത വേനല്‍ച്ചൂടില്‍ കളിക്കാരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ പകുതിയുടെയും മധ്യത്തില്‍ (22, 67 മിനിറ്റുകളില്‍) കളി മൂന്നു മിനിറ്റ് നേരത്തേക്ക് നിര്‍ബന്ധമായി നിര്‍ത്തിവെക്കുന്ന നിയമം കൊണ്ടുവന്നു. എന്നാല്‍, കളിക്കാര്‍ക്ക് വെള്ളം കുടിക്കാനുള്ള ഈ സമയം പ്രക്ഷേപകര്‍ക്ക് വലിയൊരു ചാകരയായി മാറി. ഈ ബ്രേക്കുകളിലെ ലൈവ് പരസ്യങ്ങളിലൂടെ മാത്രം 7 മുതല്‍ 9 മില്യണ്‍ ഡോളര്‍ വരെ അധിക വരുമാനമാണ് ചാനലുകാര്‍ക്ക് ലഭിക്കുന്നത്. ഇത് ഫുട്‌ബോളിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുമെന്ന കടുത്ത വിമര്‍ശനവുമുണ്ട്.
48 ടീമുകളെ 4 ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളായാണ് തിരിച്ചത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ മുമ്പുണ്ടായിരുന്ന റൗണ്ട് ഓഫ് 16-ന് പകരം പുതിയ ‘റൗണ്ട് ഓഫ് 32’ എന്നൊരു നോക്കൗട്ട് ഘട്ടം കൂടി ഇത്തവണ കളിയില്‍ ഉള്‍പ്പെടുത്തി. കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതിനാല്‍ കളിക്കാര്‍ക്ക് തുടര്‍ച്ചയായി വിലക്ക് വരാതിരിക്കാന്‍ ഫിഫ നിയമങ്ങളും പരിഷ്‌കരിച്ചു. ഗ്രൂപ്പ് ഘട്ടത്തിനുശേഷവും, പിന്നീട് ക്വാര്‍ട്ടര്‍ ഫൈനലിനുശേഷവും കളിക്കാരുടെ സിംഗിള്‍ മഞ്ഞക്കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടത് ഇതിന്റെ ഭാഗമായാണ്.
2026-ലെ ഈ വന്‍ കുതിച്ചുചാട്ടത്തിന് അടിത്തറയിട്ടത് ഖത്തറാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി മാത്രം ഏകദേശം 220 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച ഖത്തര്‍, ഫുട്‌ബോളിനെ തങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായ ലോകത്തിനു മുന്നില്‍ മാറ്റിയെടുക്കാനുള്ള ഒരു ‘സോഫ്റ്റ് പവര്‍’ ആയും ദീര്‍ഘകാല ടൂറിസം-ബിസിനസ്സ് ഹബ്ബായും മാറ്റാമെന്ന് തെളിയിച്ചു. അതിന്റെ തുടര്‍ച്ചയാണ് അമേരിക്കന്‍ വന്‍കരയിലും കണ്ടത്. കളിയുടെ വ്യാപ്തി കൂടിയതും ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും ഫുട്‌ബോള്‍ കൂടുതല്‍ ജനപ്രിയമാക്കുമെങ്കിലും കളിയിലെ അമിതമായ പണക്കൊഴുപ്പ് കായിക മൂല്യങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.

‘ബ്രാന്‍ഡ്’ ആയി മാറുന്ന കളിക്കാര്‍

കളിയില്‍ പണത്തിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത് കളിക്കാരുടെ വരുമാനത്തിലാണ്. കളിക്കാര്‍ ഇന്ന് വെറും കായികതാരങ്ങളല്ല, വലിയ വിപണി മൂല്യമുള്ള ഉല്‍പന്നങ്ങളാണ്. ഫോര്‍ബ്സ് മാസികയുടെ കണക്കുകള്‍ പ്രകാരം, ലയണല്‍ മെസ്സി 2026-ല്‍ മാത്രം നേടുന്നത് 140 മില്യണ്‍ ഡോളറാണ് (ഏകദേശം 1,100 കോടിയിലധികം രൂപ). ഇതില്‍ പകുതിയും പരസ്യങ്ങളിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ലഭിക്കുന്നതാണ്. സൗദി ക്ലബ് കരാറിന്റെ പശ്ചാത്തലത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് 300 മില്യണ്‍ ഡോളര്‍ ആകെ വരുമാനത്തോടെ ഒന്നാമതുള്ളത്. കിലിയന്‍ എംബാപ്പെ ($95M), എര്‍ലിംഗ് ഹാലണ്ട് ($80M) തുടങ്ങിയ യുവതാരങ്ങളും കോടികളുടെ വരുമാനത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു.
ലോകകപ്പ് കളിക്കുന്നതിലൂടെയും അതിനുശേഷവും കളിക്കാര്‍ക്ക് ലഭിക്കുന്ന വരുമാനം പല വഴികളിലൂടെയാണ്. ഫിഫ സമ്മാനത്തുക വലിയതോതില്‍ വര്‍ധിപ്പിച്ചതിനാല്‍ ഓരോ രാജ്യത്തിന്റെ ഫുട്‌ബോള്‍ അസോസിയേഷനുകളും കളിക്കാര്‍ക്ക് നല്‍കുന്ന പ്രതിഫലവും വര്‍ധിപ്പിക്കും. ചാമ്പ്യന്മാരാകുന്ന ടീമിലെ ഓരോ കളിക്കാരനും ദശലക്ഷക്കണക്കിന് ഡോളറാണ് ബോണസ്സായി ലഭിക്കുക. കളിക്കാരെ ലോകകപ്പിന് വിട്ടുനല്‍കുന്നതിനായി ഫിഫ വന്‍കിട ക്ലബ്ബുകള്‍ക്ക് നല്‍കുന്ന തുക 335 മില്യണ്‍ ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് കളിക്കാരുടെ പ്രതിഫലത്തുക വീണ്ടും ഉയരാന്‍ കാരണമാകും.
ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ കളിക്കാരെ ആഗോള ബ്രാന്‍ഡുകളാക്കി മാറ്റുന്നു. സൂപ്പര്‍ താരങ്ങള്‍ കളിക്കളത്തിന് പുറത്തുനിന്ന് പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ, സ്‌പോണ്‍സര്‍ഷിപ്പ് വഴി നേടുന്ന വരുമാനം അവരുടെ ക്ലബ് ശമ്പളത്തേക്കാള്‍ കൂടുതലാണ്. 2026-ലെ ലോകകപ്പിലൂടെ ഉയര്‍ന്നുവരുന്ന പുതിയ പ്രതിഭകളെയും കാത്ത് കോടിക്കണക്കിന് ഡോളറിന്റെ ബ്രാന്‍ഡ് കരാറുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കായിക പരസ്യ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പണക്കൊഴുപ്പിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. ആഗോള ബ്രാന്‍ഡുകളായ കമ്പനികള്‍ മെസ്സിയെപ്പോലെയുള്ള താരങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രധാന പരസ്യങ്ങള്‍ ചിത്രീകരിച്ചത്. പ്രമുഖ പരസ്യങ്ങളില്‍ നാലിലൊന്നിലും മെസ്സിയുടെ സാന്നിധ്യമുണ്ട്. കളിക്കാരെ വെറും കായികതാരങ്ങളായല്ല, മറിച്ച് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഏറ്റവും മികച്ച ബ്രാന്‍ഡ് അംബാസഡര്‍മാരായാണ് കമ്പനികള്‍ കാണുന്നത്.

സാമ്പത്തിക അസമത്വവും ഫിഫയിലെ ആരോപണങ്ങളും

പണം കളി കൈയടക്കിയതോടെ ഫുട്‌ബോള്‍ ലോകത്ത് വലിയൊരു സാമ്പത്തിക അസമത്വം രൂപപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി പോലുള്ള ഏതാനും ശതകോടീശ്വര ക്ലബ്ബുകള്‍ക്ക് മാത്രമേ ഇന്ന് വലിയ കിരീടങ്ങള്‍ നേടാന്‍ കഴിയുന്നുള്ളൂ. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്കന്‍ വന്‍കരകളിലെ മികച്ച പ്രതിഭകളെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ യൂറോപ്പിലേക്ക് പറിച്ച് നടപ്പെടുകയാണ്.
ഇതിനൊപ്പം ഫിഫ ഭാരവാഹികളുടെ അമിതാധികാരവും സുതാര്യതക്കുറവും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രതിവര്‍ഷം 4.5 മില്യണ്‍ ഡോളറിലധികം (37 കോടിയിലധികം രൂപ) ശമ്പളവും ബോണസുമായി കൈപ്പറ്റുന്നു. 2034 ലോകകപ്പ് സൗദി അറേബ്യയ്ക്ക് ലഭിക്കുന്ന രീതിയില്‍ ലേല പ്രക്രിയകള്‍ സുതാര്യതയില്ലാതെ മാറ്റിയെന്നത്, വന്‍കിട നിക്ഷേപകരും ഫിഫ ഭാരവാഹികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

ത്രസിച്ചു നില്‍ക്കുന്ന വംശീയ പ്രശ്‌നങ്ങള്‍

പണക്കൊഴുപ്പിനും ചൂതാട്ടത്തിനുമൊപ്പം കായിക ലോകത്തെ നിരന്തരം വേട്ടയാടുന്നതാണ് വംശീയ അധിക്ഷേപങ്ങള്‍. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ നേരിട്ട വംശീയ അധിക്ഷേപങ്ങള്‍ ഇതിന് ഉദാഹരണമാണ്. കിലിയന്‍ എംബാപ്പെ, ബുക്കായോ സാക്ക തുടങ്ങിയ താരങ്ങളെല്ലാം കളി തോല്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്.
ഫിഫ ഇത്തവണ കളിക്കളത്തില്‍ വംശീയ അധിക്ഷേപം ഉണ്ടായാല്‍ കളി നിര്‍ത്തിവെക്കാനുള്ള ‘നോ ടു റേസിസം’ (X ആകൃതിയിലുള്ള കൈ സിഗ്‌നല്‍) നിയമവും മൂന്ന് ഘട്ടങ്ങളായുള്ള കര്‍ശന നടപടികളും കൊണ്ടുവന്നിട്ടുണ്ടെങ്കിലും, കളിക്കളത്തിന് പുറത്ത് ഫുട്‌ബോളിന്റെ ഉയര്‍ന്ന തീരുമാനങ്ങള്‍ എടുക്കുന്ന ഭരണ സമിതികളില്‍ ഇപ്പോഴും ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തത് ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ റേസിസം’ നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. പണം കൊണ്ടോ മികച്ച സാങ്കേതികവിദ്യ കൊണ്ടോ മാത്രം ഫുട്‌ബോളിലെ വംശീയത തുടച്ചുനീക്കാന്‍ കഴിയില്ല. കാണികളുടെ മനോഭാവത്തിലും നിയമനിര്‍വഹണത്തിലും കടുത്ത മാറ്റങ്ങള്‍ വരികയും വംശീയാധിക്ഷേപം നടത്തുന്ന ടീമുകള്‍ക്കെതിരെ പോയിന്റ് വെട്ടിക്കുറയ്ക്കുന്നത് പോലുള്ള കര്‍ശനമായ ശിക്ഷ നടപ്പാക്കുകയും ചെയ്താലേ ഫുട്‌ബോളിനെ വംശീയ വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ.

വാതുവെപ്പുകാരുടെ ആഗോള ലോകം

മുന്‍കാലങ്ങളില്‍ ഫുട്‌ബോളിന്റെ വിശുദ്ധി തകരുമെന്ന ഭയത്താല്‍ ബെറ്റിംഗ് കമ്പനികളില്‍ നിന്ന് ഫിഫ അകലം പാലിച്ചിരുന്നു. എന്നാല്‍ ഇത്തവണ വരുമാനം വര്‍ദ്ധിപ്പിക്കാനായി പ്രമുഖ ബെറ്റിംഗ് ബ്രാന്‍ഡായ ‘ബെറ്റാനോ’ (Betano) യെ ഫിഫ ഔദ്യോഗിക പങ്കാളിയാക്കിയിട്ടുണ്ട്. ആരാണ് ജയിക്കുക എന്നതിന് പുറമെ, അടുത്ത അഞ്ച് മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് കിട്ടുമോ എന്ന് വരെ പന്തയം വെക്കുന്ന ‘മൈക്രോ-ബെറ്റിംഗ്’ ഇന്ന് സജീവമാണ്. ഫിഫയുടെ സ്വന്തം പെരുമാറ്റച്ചട്ടം പ്രകാരം കളിക്കാര്‍ക്കോ റഫറിമാര്‍ക്കോ ബെറ്റിംഗില്‍ പങ്കാളികളാകാന്‍ അനുവാദമില്ലെങ്കിലും, ഫിഫ എന്ന സംഘടന കോടിക്കണക്കിന് ഡോളറിന്റെ വരുമാനത്തിനായി ഇതേ ബെറ്റിംഗ് ഭീമന്മാരുമായി വലിയ കരാറുകളില്‍ ഏര്‍പ്പെടുന്നത് വലിയൊരു ഇരട്ടത്താപ്പായാണ് കായിക ലോകം കാണുന്നത്.
ഇത്തവണ ഫിഫ ‘എ.ഡി.ഐ പ്രെഡിക്റ്റ് സ്ട്രീറ്റ്’ എന്ന കമ്പനിയുമായി 152 മില്യണ്‍ ഡോളറിന്റെ ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചു. ഇത് സാധാരണ ബെറ്റിംഗിന് പുറമേ ക്രിപ്‌റ്റോ അധിഷ്ഠിത പ്രവചനങ്ങള്‍ സാധ്യമാക്കുന്ന ഒന്നാണ്. സ്‌പോര്‍ട്‌സ് ഡാറ്റാ പ്രൊവൈഡറായ ‘സ്റ്റാറ്റ്‌സ് പെര്‍ഫോം’ എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ ഓണ്‍ലൈന്‍ ബെറ്റിങ് ഓപ്പറേറ്റര്‍മാര്‍ക്ക് ലോകകപ്പ് മത്സരങ്ങള്‍ തത്സമയം സ്ട്രീം ചെയ്യാനുള്ള അവകാശങ്ങളും ഫിഫ നല്‍കിയിട്ടുണ്ട്. കളിയിലെ പണക്കൊഴുപ്പ് അഴിമതിക്കും മാച്ച് ഫിക്‌സിങ്ങിനും വഴിമാറുമോ എന്ന ആശങ്ക കായിക വിദഗ്ധര്‍ പങ്കുവെച്ചിട്ടുണ്ട്. ആഗോളതലത്തില്‍ നിയമാനുസൃതമല്ലാത്ത ബെറ്റിങ് സൈറ്റുകളുടെ പരസ്യങ്ങള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ കാണിക്കുന്നത് ആരാധകരെ ആകര്‍ഷിക്കുന്നു.
ഈ ഭീഷണികള്‍ നിരീക്ഷിക്കാന്‍ ഇത്തവണ ഐ.സി 360 എന്ന സുരക്ഷാ കമ്പനിയുമായി ചേര്‍ന്ന് ‘ProhiBet’ എന്ന പ്രത്യേക സോഫ്റ്റ്വെയര്‍ ഫിഫ ഉപയോഗിക്കുന്നുണ്ട്. കളിക്കാരോ മാച്ച് ഒഫീഷ്യല്‍സോ സ്വന്തം കളിയില്‍ ബെറ്റ് വെക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് ഇത് ഉപയോഗിക്കുന്നത്. ബെറ്റിങ് കമ്പനികളുടെ അധിനിവേശത്തെ വിവിധ രാജ്യങ്ങള്‍ വ്യത്യസ്തമായ രീതിയിലാണ് പ്രതിരോധിക്കുന്നത്. ബ്രസീലിയന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘Caze TV’ കളി നടക്കുമ്പോള്‍ തന്നെ ലൈവ് ബെറ്റിങ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചത് വലിയ വിവാദമായി. ഇത് കാരണം ബ്രസീലില്‍ ബെറ്റിങ് നടത്തുന്നവരുടെ എണ്ണം മേയ് മാസത്തിലെ 11%-ല്‍ നിന്നും ജൂണ്‍ മാസത്തില്‍ 35% ആയി കുതിച്ചുയര്‍ന്നു. ഇതേ തുടര്‍ന്ന് കടുത്ത പരസ്യ നിയന്ത്രണങ്ങളാണ് ബ്രസീല്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ലോകകപ്പ് കാലത്ത് ചൂതാട്ട പരസ്യങ്ങള്‍ വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ തങ്ങളുടെ ജേഴ്‌സിയുടെ മുന്‍വശത്ത് നിന്ന് ബെറ്റിങ് സ്‌പോണ്‍സര്‍മാരെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ കായിക മേഖലയില്‍ നിന്ന് ബെറ്റിങ്ങിനെ പൂര്‍ണ്ണമായും നിരോധിച്ച രാജ്യങ്ങളാണ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇത്തരം പരസ്യങ്ങള്‍ ബെറ്റിങ് നിരോധിച്ച രാജ്യങ്ങളിലും എത്തുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഈ രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്.
കളിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഫിഫ താഴെത്തട്ടില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ചൂതാട്ട കമ്പനികളുടെ പണം കളിമുറ്റത്തേക്ക് പൂര്‍ണ്ണമായി അടിയറവ് വെക്കുന്നത് ഫുട്‌ബോളിന്റെ സുതാര്യതയും ധാര്‍മ്മികതയും വരുംകാലങ്ങളില്‍ വലിയ പ്രതിസന്ധിയിലാക്കും എന്നതില്‍ സംശയമില്ല.

ഫുട്‌ബോളിന്റെ ഭാവി എന്താകും?

ഭാവിയില്‍ ഫുട്‌ബോള്‍ കളിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (AI) ഡാറ്റാ അനലിറ്റിക്‌സിന്റെയും സ്വാധീനം വന്‍തോതില്‍ വര്‍ദ്ധിക്കും. വലിയ ക്ലബ്ബുകള്‍ ഒത്തുചേര്‍ന്ന് ഫിഫയെ വെല്ലുവിളിച്ച് സ്വന്തമായി ഒരു ‘യൂറോപ്യന്‍ സൂപ്പര്‍ ലീഗ്’ ഭാവിയില്‍ യാഥാര്‍ത്ഥ്യമാക്കിയേക്കാം. മത്സരങ്ങളുടെ എണ്ണം കൂടുമ്പോള്‍ കളിക്കാരുടെ ജോലിഭാരവും പരിക്കുകളും വര്‍ദ്ധിക്കും.
പണത്തെ ഫുട്‌ബോളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുക അസാധ്യമാണ്. എന്നാല്‍ പണം കളിയെ വിഴുങ്ങുന്നതിന് പകരം, കളിയുടെ വളര്‍ച്ചയ്ക്ക് – പ്രത്യേകിച്ച് കുട്ടികളുടെ പരിശീലനത്തിനും പ്രാദേശിക അക്കാദമികള്‍ക്കും – ഇന്ധനമായി മാത്രം മാറുന്ന രീതിയില്‍ ഫിഫ ശക്തമായ നിയമ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഫുട്‌ബോളിന്റെ വശ്യത ഭാവി തലമുറയ്ക്കും ആസ്വദിക്കാന്‍ കഴിയൂ. കളിക്കാര്‍ക്ക് നല്‍കാവുന്ന ആകെ ശമ്പളത്തിന് ഒരു പരിധി നിശ്ചയിക്കുക വഴി വന്‍കിട ക്ലബ്ബുകള്‍ എല്ലാ മികച്ച കളിക്കാരെയും സ്വന്തമാക്കുന്നത് തടയാന്‍ സാധിക്കും. നിലവില്‍ ഫിഫയ്ക്ക് സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും വന്‍കിട ക്ലബ്ബുകള്‍ നിയമപോരാട്ടത്തിലൂടെ ഇത് മറികടക്കാറുണ്ട്. ഒരു ക്ലബ്ബിന് അവരുടെ യഥാര്‍ത്ഥ വരുമാനത്തേക്കാള്‍ കൂടുതല്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ചെലവഴിക്കാന്‍ കഴിയില്ല എന്ന നിയമം കര്‍ശനമായി നടപ്പാക്കണം.
ജര്‍മ്മനിയിലെ ബുണ്ടസ് ലീഗ യില്‍, ഒരു ക്ലബ്ബിന്റെ 51% ഓഹരിയും നിയമപ്രകാരം അവിടുത്തെ സാധാരണക്കാരായ ആരാധകരുടെ കൂട്ടായ്മയ്ക്കായിരിക്കും ലഭിക്കുക. വന്‍കിട കോടീശ്വരന്മാര്‍ക്കോ കമ്പനികള്‍ക്കോ ക്ലബ്ബ് പൂര്‍ണ്ണമായി വിലയ്ക്കു വാങ്ങാന്‍ കഴിയില്ല. ഇത് കളിയെ പണക്കാരന്റെ കളിപ്പാട്ടമാക്കാതെ ജനങ്ങളുടേതായി നിലനിര്‍ത്തും. വരുമാനത്തിന്റെ ഭൂരിഭാഗവും കളിയുടെ അടിത്തട്ടിലേക്ക് തിരിച്ചുവിടാന്‍ നിയമം കൊണ്ടുവരണം. വലിയ ക്ലബ്ബുകള്‍ക്ക് ലഭിക്കുന്ന ടിവി-സ്‌പോണ്‍സര്‍ഷിപ്പ് വരുമാനത്തിന്റെ നിശ്ചിത ശതമാനം നിര്‍ബന്ധമായും കുട്ടികളുടെ പരിശീലനം, പ്രാദേശിക സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം, അക്കാദമികള്‍ എന്നിവയ്ക്കായി മാറ്റിവെക്കണം. ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാഭം കോടീശ്വരന്മാരുടെ സ്വന്തം കീശയിലേക്ക് പോകുന്നത് തടഞ്ഞ്, സ്ത്രീകളുടെ ഫുട്‌ബോള്‍, യൂത്ത് അക്കാദമികള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയ്ക്കായി പുനര്‍നിക്ഷേപിക്കാന്‍ നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കണം.
യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ക്ലബ്ബുകളിലേക്കും പണം കുമിഞ്ഞുകൂടുമ്പോള്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെയും ആഫ്രിക്കന്‍, ഏഷ്യന്‍ വന്‍കരകളിലെയും ആഭ്യന്തര ഫുട്‌ബോള്‍ ക്ലബ്ബുകള്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്നു. ലോകത്തിലെ 211 അംഗരാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഫിഫ നേരിട്ട് സാമ്പത്തിക സഹായം (FIFA Forward) നല്‍കുന്നുണ്ടെങ്കിലും, വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന തുക വളരെ കുറവാണ്. ഫിഫ നല്‍കുന്ന ഫണ്ടുകളും വലിയ രാജ്യങ്ങളുടെ സാമ്പത്തിക താല്പര്യങ്ങളുമാണ് ഇന്ന് ഫുട്‌ബോളിനെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള കായിക വിനോദമായി നിലനിര്‍ത്തുന്നത്. എങ്കിലും ഫിഫയ്ക്ക് ലഭിക്കുന്ന പണം കൃത്യമായി താഴെത്തട്ടിലേക്ക് ഒഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഫിഫ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
വെറുമൊരു കച്ചവടച്ചരക്കാകാതെ ജനങ്ങളുടെ കളിയായി ഫുട്‌ബോള്‍ നിലനില്‍ക്കട്ടെ.

Share

Leave a Reply

Your email address will not be published. Required fields are marked *