കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം

യു എസ് കമ്പനിയായ കോറോ ഹെല്‍ത്ത് ഒറ്റയടിക്ക് പിരിച്ചുവിട്ടത് 800 പേരെയാണ്. പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരോട് യാതൊരു മുന്നറിയിപ്പുമില്ലാതെ നിങ്ങളെ പിരിച്ചുവിട്ടതായി കമ്പനി പ്രഖ്യാപിക്കുകയായിരുന്നു. കൊച്ചി, കോഴിക്കോട് ഓഫീസുകളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ഇങ്ങനെ തൊഴില്‍ നഷ്ടപ്പെട്ടത്. നഷ്ടത്തിലായതിനാല്‍ കമ്പനി ഓഫീസ് പൂട്ടുകയാണെന്നും നാമമാത്ര നഷ്ട പരിഹാരം നല്‍കി തൊഴിലാളികളെ വഴിയാധാരമാക്കിയ കോറോ ഹെല്‍ത്ത് കമ്പനിയുടെ നിയമലംഘനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ രൂപത്തിലിടപെട്ട് തൊഴിലാളികള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഏകപക്ഷീയമായാണ് തൊഴിലാളികളെ പിരിച്ചുവിടാറുള്ളത്. അത്തരം കമ്പനികളില്‍ ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യം പലപ്പോഴും അനുവദിക്കപ്പെടാറില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പനികള്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കമ്പനികളുടെ നിയമ ലംഘനങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിമിതികളുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോറോ ഹെല്‍ത്ത് 2021ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളിലായി ഏതാണ്ട് 17,000ത്തോളം ജീവനക്കാര്‍ കമ്പനിക്കുണ്ട്.
കേരളത്തില്‍ മാത്രമാണ് ഇപ്പോള്‍ കോറോ ഹെല്‍ത്ത് ജീവനക്കാരെ പിരിച്ചുവിട്ട് തൊഴിലാളി വിരുദ്ധ നടപടി കൈക്കൊണ്ടത്. ജീവനക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ ജന പ്രതിനിധികളും ലേബര്‍ ഉദ്യോഗസ്ഥന്മാരും രംഗത്തുണ്ടെങ്കിലും ഒരു അന്താരാഷ്ട്ര കമ്പനിയുമായി നടക്കുന്ന തൊഴില്‍ തര്‍ക്കം എന്നുള്ള നിലയ്ക്ക് ഈ വിഷയത്തില്‍ ചെയ്യാന്‍ പറ്റാവുന്ന ഇടപെടല്‍ നടത്തി ജീവനക്കാര്‍ക്ക് നീതി ഉറപ്പാക്കേണ്ടതുണ്ട്. കോറോ ഹെല്‍ത്ത് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ തൊഴിലാളി വിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പാസ്സാക്കിയ ലേബര്‍ കോഡുകള്‍ തുണയാകുന്നുണ്ടെന്ന് ട്രേഡ് യൂണിയന്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 100 ജീവനക്കാരുള്ള ഒരു കമ്പനി അടച്ചുപൂട്ടണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന നിയമം അട്ടിമറിക്കപ്പെടുകയും, 300 ജീവനക്കാരുള്ള കമ്പനിക്കാര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും ലോബര്‍ കോഡില്‍ ഉള്ളപ്പോള്‍ ഇത്തരം കമ്പനികള്‍ക്ക് ഇത് സഹായകരമാകും. കമ്പനികളിലെ ട്രേഡ് യൂണിയനിസം പരിമിതപ്പെടുത്തുന്ന ലേബര്‍ കോഡ് നിയമം തൊഴിലാളി വിരുദ്ധമാണെന്ന് ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇതിനകം രാജ്യവ്യാപക പ്രക്ഷോഭം നടന്നിരുന്നു. ലേബര്‍ കോഡ് നടപ്പിലാക്കപ്പെടാത്ത ഒരു സംസ്ഥാനം എന്നുള്ള നിലയ്ക്ക് കേരളത്തിലെ ലേബര്‍ നിയമങ്ങള്‍ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഈ അനീതിക്കെതിരെ തൊഴിലാളികള്‍ക്കായി പോരാടേണ്ടതാണ്.

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം

Share

Leave a Reply

Your email address will not be published. Required fields are marked *