മഞ്ചേരി : സംസ്ഥാനത്തെ മതസൗഹാര്‍ദ്ദത്തിന് വിഘാതമുണ്ടാക്കുന്ന തരത്തില്‍ മലപ്പുറം ജില്ലയിലെ മുസ്ലിം സമൂഹത്തിനെതിരെ നിരന്തരമായി അപകീര്‍ത്തികരമായ രീതിയില്‍ പ്രസ്താവന നടത്തുന്ന വെള്ളപ്പള്ളി നടേശനെതിരെ പൊതു പ്രവര്‍ത്തകനും ദി ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ തൃശൂര്‍ നസീര്‍ മഞ്ചേരിയിലെ പ്രമുഖ അഭിഭാഷകനായ എ പി മുഹമ്മദ് ഇസ്മയില്‍ മുഖാന്തിരം വക്കീല്‍ നോട്ടീസ് അയച്ചു. മാസങ്ങളായി തുടരുന്ന അധിക്ഷേപം ടെലിവിഷന്‍ ചാനലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപകമായി തുടരുകയാണ്. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി വ്യാപകമായി ദുഷ്പ്രചരണങ്ങളും അധിക്ഷേപങ്ങളും നടത്തുന്നുണ്ട്.
പ്രസ്താവനകളുടെ അനന്തരഫലം ഒരു മുഴുവന്‍ മതസമൂഹത്തിനും മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്കും എതിരെ മുന്‍വിധി സൃഷ്ടിക്കുകയും അതുവഴി മതസ്പര്ദ്ദക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍, മുസ്ലീം സമൂഹത്തിനും മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്കുമെതിരെ കൂടുതല്‍ തെറ്റായ, അപകീര്‍ത്തികരമോ അവഹേളനപരമോ ആയ പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കുകയും പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് നോട്ടീസിലെ ആവശ്യം. ഇതിനകം നടത്തിയ അത്തരം എല്ലാ പ്രസ്താവനകളും പിന്‍വലിക്കുക, പരസ്യമായി നിഷേധിക്കുക; എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും, വെബ്സൈറ്റില്‍ നിന്നും മറ്റ് മാധ്യമങ്ങളില്‍ നിന്നും അത്തരം പ്രസ്താവനകള്‍ അടങ്ങിയ എല്ലാ വീഡിയോകള്‍, അഭിമുഖങ്ങള്‍, പ്രസംഗങ്ങള്‍, പോസ്റ്റുകള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും തൃശൂര്‍ നസീര്‍ പറഞ്ഞു.
