മുക്കം: ലോകകപ്പ് ഫുട്ബോള്‍ ആവേശം കത്തിക്കയറുന്നതിനിടെ കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളില്‍ ഷി ഫുട്ബോളിന് തുടക്കമായി. കളി വിശകലനങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ പ്രശ്സത ഫുട്ബോള്‍ കമന്ററിമാന്‍ സുബൈര്‍ വാഴക്കാട് ആണ് ഗോള്‍ഡന്‍ ഗേള്‍സ് എഫ്.സി ഉദ്ഘാടനം ചെയ്തത്.
ചടങ്ങില്‍ കൊടിയത്തൂര്‍ ഫുട്ബോള്‍ അക്കാദമിക്കുള്ള സന്‍ഡേ ഫുട്ബോള്‍ ക്ലബ്ബിന്റെ അഞ്ചു ഫുട്ബോള്‍ ക്ലബ് അംഗം റിനീഷ് കളത്തിങ്ങല്‍ സമ്മാനിച്ചു. കൂടാതെ ജൂഡോ അക്കാദമിക്കും തുടക്കമായി.
പി.ടി.എ പ്രസിഡന്റ് നൗഫല്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് വി സുലൈഖ ടീച്ചര്‍, ഫുട്ബോള്‍ അക്കാദമി ചെയര്മാന് കെ.സി റിയാസ്, എസ്.എം.സി ചെയര്മാന് പി.പി ഫൈസല്‍, പി.ടി.എ വൈസ് പ്രസിഡന്റ് വി.സി അബ്ദുല്ലക്കോയ, ജൂഡോ അക്കാദമി കോച്ച് ഫുഹാദ് മുക്കം, കണ്‍വീനര്‍ എം സതീഷ്കുമാര്‍ മാസ്റ്റര്‍ സംസാരിച്ചു.
നാടന്‍ വേഷത്തിലും ഭാവത്തിലുമുള്ള സുബൈര്‍ വാഴക്കാടിന്റെ ഫുട്ബോള്‍ അവതരണം കണ്ടുനിന്നവരെയെല്ലാം ആവേശത്തിലാക്കി. ഓരോ രാജ്യത്തിന്റെയും ടീമിന്റെയും കളിക്കാരുടെയും കോച്ചിന്റെയുമെല്ലാം പേര് മണിമണിയായി പറഞ്ഞ് ടീമിന്റെ സാധ്യതകളും പരിമിതികളുമെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി.
കളിക്കളത്തിലെ തന്ത്രങ്ങളും ടീം ഫോര്മേഷനുകളും വിവിധ താരങ്ങളിലെ അപകടക്കുതിപ്പുകളുമെല്ലാം ഇദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍നിന്ന് ഇടതടവില്ലാതെ ഒഴുകിയപ്പോള്‍ ഹര്‍ഷാരവം മുഴക്കിയാണ് സദസ്സ് പിന്തുണ അറിയിച്ചത്. തികഞ്ഞ അര്‍ജന്റീന ഫാനായ അദ്ദേഹം ഇത്തവണയും മെസ്സിക്കായി മനസ്സ് പാകപ്പെടുത്തി കാത്തിരിക്കുകയാണ്. 86-ലെ മെക്സിക്കോ ലോകകപ്പില്‍ മറഡോണയുടെ വിഖ്യാത ദൈവിക ‘മാന്ത്രിക കൈ ഗോളി’ല്‍ അര്‍ജന്റീന കിരീടം ചൂടിയത് കുട്ടികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, റഫറി അത് കണ്ടില്ലെന്നും അത് എതിരാളികള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
താരോത്സവം പരിപാടിക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ.ടി ഇര്ഫാന്, സി.കെ മുഹമ്മദ് ഷാഫി, എം.പി ജസീദ ടീച്ചര്‍, സി ജസീല ടീച്ചര്‍, മുഹ്സിന് (മോനുട്ടന്), നജീബ് ആലേക്കല്‍, ഹമീദ് ചൂലൂര്‍, കദീജ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഷി ഫുട്ബോളിന് യു.കെ ജസീല ടീച്ചറും ഷി ജൂഡോക്ക് എം റഷീന ടീച്ചറുമാണ് നേതൃത്വം നല്‍കുക.
പാഠ്യ-പഠനാനുബന്ധ മേഖലയില്‍ മികച്ച നിലയില്‍ മുന്നോട്ട് കുതിക്കുന്ന സ്കൂളില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഫുട്ബോള്‍ അക്കാദമി തുടങ്ങിയത്. ജില്ലക്കകത്തും പുറത്തുനിന്നുമായി ഇതിനകം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ സ്കൂള്‍ ടീമിലൂടെ, ഒട്ടേറെ താരങ്ങള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമുകളില്‍ ഇടം നേടാനായിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകൃത യുവ പരിശീലകന് സൂരജ് പെരുവയലിന്റെ നേതൃത്വത്തിലാണ് ഫുട്ബോള്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുന്നത്.
സ്കൂളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150-ഓളം കുട്ടികളാണ് ഫുട്ബോള്‍ അക്കാദമിയിലുള്ളത്. അവധിക്കാലത്ത് പാഴൂരിലും ചെറുവാടിയിലും വച്ച് അക്കാദമിയിലെ കുട്ടികള്‍ക്ക് രണ്ടുതവണ സോക്കര്‍ ഡ്രീംസ് മാമാങ്കവും സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങള്‍ക്ക് നിറം പകര്‍ന്ന് ഫാന്‍ ഷോയും ട്രയോണ്ട സൗഹൃദ ഫുട്ബോളും സംഘടിപ്പിച്ച അക്കാദമി, പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്ത് പുത്തന്‍ പ്രതീക്ഷ പകര്‍ന്നാണ് മുന്നോട്ട് കുതിക്കുന്നത്.
കൊടിയത്തൂരില്‍ ഷി ഫുട്ബോളിന് തുടക്കമായി
