മദ്യനയം ആശങ്കയുണ്ടാക്കരുത്

മദ്യനയം ആശങ്കയുണ്ടാക്കരുത്

           സംസ്ഥാനത്ത് വീണ്ടും മദ്യനയ വിവാദം കത്തുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ  നികുതി കുറയ്ക്കുകയും അത് മാര്‍ക്കറ്റില്‍ സുലഭമായി വില്‍ക്കുകയും ചെയ്യുമ്പോള്‍ കേരളം വീണ്ടും മദ്യാസക്തിയിലമരുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേ ആരോപണവുമായി വിവിധ സാമുദായിക സംഘടനകളും മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യ നിരോധനത്തിനുള്ള സാധ്യത നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവരാണ് യുഡിഎഫ് സര്‍ക്കാര്‍. മദ്യത്തിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കുന്ന ഓരോ നടപടിയും ജനവിരുദ്ധമാണ്. അത് കേരളത്തെ നശിപ്പിക്കുന്നതുമാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം ഏതാണ്ട് 45,000 കോടിയിലധികം രൂപയുടെ മദ്യമാണ് സര്‍ക്കാര്‍ വില്‍ക്കുന്നതെന്നാണ് കണക്ക്. ഇതില്‍ 15,000 കോടി രൂപയോളം പ്രതിവര്‍ഷം സര്‍ക്കാരിന് വരുമാനമുണ്ട്. മദ്യം വിറ്റ് ജനങ്ങളെ നശിപ്പിച്ച് പണമുണ്ടാക്കിയിട്ടെന്ത് കാര്യമെന്ന് അധികാരികള്‍ ആഴത്തില്‍ ചിന്തിക്കണം. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കിയത് ആന്റണി സര്‍ക്കാരായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാവട്ടെ സംസ്ഥാനത്തെ മദ്യ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം 900 ത്തില്‍ നിന്ന് 128 ആക്കി കുറയ്ക്കുകയും ചെയ്തിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് വീണ്ടും മദ്യഷാപ്പുകള്‍ കൂടുതലായി അനുവദിക്കപ്പെട്ടത്. കുടിക്കുന്നവന്‍ കുടിച്ച് നശിച്ചോട്ടെ എന്ന് ചിന്തിക്കുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഒരു മദ്യപാനി ഒരു കുടുംബത്തിലുണ്ടായാല്‍ ആ കുടുംബം പേറുന്ന ബുദ്ധിമുട്ട് വലുതാണ്. സംസ്ഥാനത്ത് ആരോഗ്യകരമായ കുടുംബ ബന്ധം സൃഷ്ടിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്. ഓപ്പറേഷന്‍ തൂഫാന്‍ എന്ന പേരില്‍ മയക്കുമരുന്നിനെതിരായ പോരാട്ടം ശക്തിപ്പെടുമ്പോള്‍, മറ്റൊരു വശത്ത് മദ്യത്തിന്റെ  കുത്തൊഴുക്ക് ഉണ്ടാവുന്നത് ശരിയല്ല. എല്ലാ ലഹരിയും അപകടം തന്നെയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം പക്വതാപരമായ നിലപാടാണ് സ്വീകരിക്കേണ്ടത്.

മദ്യനയം ആശങ്കയുണ്ടാക്കരുത്

Share

Leave a Reply

Your email address will not be published. Required fields are marked *