സംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് ചുമതലപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ വോട്ട് രേഖപ്പെടുത്തല്‍ സംബന്ധിച്ച് അനിശ്ചിതത്വം ഒ!ിവാക്കണം. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന ഓഫീസില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ അവസരമായിരുന്നു മുന്‍ തിരഞ്ഞടുപ്പുകളിലെങ്കില്, ഇക്കുറി ആ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇത്തരം കേന്ദ്രങ്ങളില്‍ യാതൊരു മുന്നൊരുക്കവും നടന്നിട്ടില്ല. വോട്ട് ചെയ്യാനുള്ള സ്ലിപ്പും ഇതുവരെ പലര്‍ക്കും ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുമായി ബന്ധപ്പെട്ടവര്‍ക്ക് അതത് മണ്ഡലത്തില്‍ വോട്ട് ചെയ്യാനുള്ള സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കുമെന്നാണ് അറിയിപ്പെങ്കിലും ഇതുവരെ പലര്‍ക്കും സന്ദേശം ലഭിച്ചിട്ടില്ല. പൊലീസ്, അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ക്ക് പലര്‍ക്കും വോട്ട് ചെയ്യാനുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനാവശ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ സുതാര്യമായി തപാല്‍ വോട്ട് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൊഴിവാക്കി. പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ (പിവിസി), വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍(വിഎഫ്സി), ഡെസിഗ്നേറ്റഡ് വോട്ടിംഗ് ഫെസിലിറ്റി സെന്റര്‍ മുഖേന വോട്ട് ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ബാലറ്റ് പേപ്പറുകള്‍ വരണാധികാരികളുടെ പരിശോധന കൂടി കഴിഞ്ഞാണ് കേന്ദ്രങ്ങളിലേക്കെത്തിക്കുക. ഇതും കാലതാമസമുണ്ടാക്കുന്നു. തിരഞ്ഞെടുപ്പ് പരിശീലനത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അതിനവസരം ലഭിച്ചില്ലെങ്കില്‍ അവരുടെ സമ്മതിദാന അവകാശം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഇലക്ഷന് കമ്മീഷന് സത്വര നടപടി സ്വീകരിക്കേണ്ടതാണ്.
