ഇറാനും, ഇസ്രയേലും-അമേരിക്കയും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍, യുദ്ധമവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസം നല്‍കുന്ന ഒരു തീരുമാനത്തിലേക്കെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് യു എസ് തുടക്കത്തില്‍ വെല്ലുവിളി നടത്തുകയും, ഇക്കാര്യം നേടിയെടുക്കാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെ വ്യാപാരം നടത്തുന്ന രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവരാരും ട്രംപിന്റെ ആഹ്വാനത്തിന് അനുകൂലമല്ലാത്ത സാഹചര്യം വന്നപ്പോള്‍ ട്രംപ് പിന്നോക്കം പോവുകയാണുണ്ടായത്. ഇപ്പോള്‍ ട്രംപ് പറയുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ തന്നെ അതിനുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്നാണ.് കഴിഞ്ഞ ദിവസം ട്രംപ് മറ്റൊരു കാര്യം വെളിപ്പെടുത്തിയത് ഇറാന്റെ പരമോന്നത നേതാവാകാന്‍ തന്നെ ക്ഷണിച്ചെന്നും, യുദ്ധം അവസാനിപ്പിച്ചു തരാന്‍ ഇറാന്‍ അഭ്യര്‍ത്ഥിച്ചെന്നുമായിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളെല്ലാം ഇറാന്‍ തളളുകയാണുണ്ടായത്.
പ്രശ്‌നത്തിലിടപെടേണ്ട ഐക്യരാഷ്ട്ര സംഘടന ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെട്ടിട്ടില്ല എന്നതാണ് വാസ്തവം. ട്രംപിന്റെ യുദ്ധ നടപടികള്‍ക്കെതിരെ അമേരിക്കയില്‍ വന്‍ ബഹുജന പ്രതിഷേധങ്ങളും നടന്നുവരുന്നുണ്ട്. മാത്രവുമല്ല അമേരിക്കക്ക് യുദ്ധം വലിയ സാമ്പത്തിക ബാധ്യതയും വരുത്തിവെച്ചിട്ടുണ്ട്. ഇതിനെല്ലാം എതിരെ അമേരിക്കയിലെ ജനാധിപത്യ വാദികള്‍ വന്‍ പ്രതിഷേധമുയര്‍ത്തുകയാണ്.
യുദ്ധം ലോകമാകെയുള്ള ജന ജീവിതത്തെ പ്രത്യക്ഷമായും, പരോക്ഷമായും ബാധിച്ചിട്ടുണ്ട്. യുദ്ധം ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ ആള്‍നാശവും, സ്വത്ത് നാശവും മാത്രമായിരിക്കും അനന്തര ഫലം. അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചകള്‍ ഫലപ്രദമാക്കി യുദ്ധം അവസാനിപ്പിക്കാനുള്ള സത്വര നടപടിയുണ്ടാവുകയാണ് അടിയന്തിരമായി വേണ്ടത്.
