എഫ് സി ആര്‍ എ ഭേദഗതി ആശങ്ക പരിഹരിക്കണം(എഡിറ്റോറിയല്‍)

എഫ് സി ആര്‍ എ ഭേദഗതി ആശങ്ക പരിഹരിക്കണം(എഡിറ്റോറിയല്‍)

കേന്ദ്ര സര്‍ക്കാര്‍ വിദേശ സംഭാവന നിയമം (എഫ് സി ആര്‍ എ) ഭേദഗതി ചെയ്യുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രത്യേകിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാണെന്നും വലിയിരുത്തപ്പെടുകയാണ്. മോദി സര്‍ക്കാര്‍ മുസ്ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ അവര്‍ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷയില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന്് വ്യാപകമായ വിമര്‍ശനം രാജ്യത്തുടനീളം ഉയര്‍ന്നിരുന്നു. പൗരത്വ നിയമത്തിനെതിരെയും മറ്റും രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങള്‍ നമ്മളെല്ലാം ദര്‍ശിച്ചതാണ്. ന്യൂനപക്ഷ വേട്ട നടത്തുകയാണെന്ന വാദഗതിയുമായി സുപ്രീംകോടതിയിലടക്കം കേസുകളും നടന്നുവരികയാണ്. മുസ്ലിം സമൂഹത്തിന്റെ വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന നിയമവും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളെ ദ്രോഹിച്ച്, രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ തങ്ങളുടെ വോട്ട് ബാങ്കാക്കി നിലനിര്‍ത്താനുളള നടപടികളാണെന്നാണ് ഇക്കാര്യത്തിലുള്ള പ്രധാന ആരോപണം. കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ എടുക്കുന്ന നടപടികള്‍ ആ ജനവിഭാഗത്തിന് ആശങ്ക സൃഷ്ടിക്കുമ്പോള്‍, മറ്റ് ചില നടപടികള്‍ ക്രിസ്ത്യന്‍ വിഭാഗത്തെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. രാജ്യത്ത് ഇന്ന് പ്രവര്‍ത്തിച്ചുവരുന്ന മഹാഭൂരിപക്ഷം ചാരിറ്റബിള്‍ പ്രസ്ഥാനങ്ങളും സാമ്പത്തിക സഹായം നേടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ആരോരുമില്ലാത്ത അശരണരുടെയും, രോഗികളുടെയും, ശാരീരിക വെല്ലുവിളി നേടുന്നവരുടെയും അത്താണിയാണ്. കേന്ദ്ര സര്‍ക്കാരിനോ, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ഇത്തരം സംവിധാനങ്ങള്‍ ഫലപ്രദമായി നടത്തുന്നത് പരിമിതികളുണ്ട്. അതിലേറ്റവും പ്രധാനം ലാഭേച്ഛയില്ലാതെ ഈ രംഗത്ത് സേവനമനുഷ്ഠിക്കുന്ന നല്ല മനുഷ്യന്മാര്‍ തന്നെയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് സാമൂഹ്യ പ്രവര്‍ത്തകരാണ് ഈ രംഗത്ത് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലൂടെ വഴിവിട്ട ഫണ്ട് എത്തുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടണം. അതിനുള്ള സംവിധാനം ഇപ്പോള്‍ നമ്മുടെ രാജ്യത്തുണ്ട്. അത് കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നതില്‍ ഒരുതെറ്റുമില്ല. എന്നാല്‍ എഫ് സി ആര്‍ എ ഭേദഗതിയിലൂടെ ന്യൂനപക്ഷ സമുദായങ്ങളുടെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ്                                                                                     പ്രധാന ആരോപണം. ഇക്കാര്യത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിനുള്ള ആശങ്ക പ്രധാന മന്ത്രിയെ നേരില്‍ കണ്ട് അറിയിക്കാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. എഫ് സി ആര്‍ എ ഭേദഗതി ന്യൂനപക്ഷ വേട്ടയുടെ മറ്റൊരു മുഖമാണ് ഇടതു പാര്‍ട്ടികളും ആരോപിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ നടപടികള്‍ മുസ്ലിം ക്രിസ്ത്യന്‍ സമൂഹങ്ങളിലെ മഹാഭൂരിപക്ഷവും ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നതൊരു വസ്തുതയാണ്.
മത സമുദായ സംഘടനകള്‍ക്ക് മാത്രമല്ല, രാഷ്ട്രീയ എതിരാളികളെയും വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ, ഇഡി, ഇന്‍കം ടാക്‌സ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളെ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. പല കേസുകളിലും ഇഡിയെ സുപ്രീം കോടതി തന്നെ താക്കീതും ചെയ്തിട്ടുണ്ട്. ഇന്ത്യ എന്നത് ഒരു ബഹുസ്വര രാഷ്ട്രമാണ്. വ്യത്യസ്ത മത വിഭാഗങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന ഒരു രാജ്യമാണിത്. എന്നാല്‍ ഇവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കുകയാണ് രാജ്യത്തിന്റെ ഐക്യത്തിന് നല്ലത്. വിദേശ ശക്തികളുടെ പിണിയാളുകളായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് കര്‍ശന ശിക്ഷയും ഉറപ്പാക്കണം. ഇപ്പോള്‍ ആശങ്കയായ എഫ് സി ആര്‍ എ ഭേദഗതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറായി, കുറ്റമറ്റ രീതിയിലുള്ള നടപടികള്‍ കൈകൊള്ളേണ്ടതാണ്.

എഫ് സി ആര്‍ എ ഭേദഗതി ആശങ്ക പരിഹരിക്കണം(എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *