ലോക സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമായി നില്ക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മുടെ സാമൂഹിക ഐക്യം അരക്കിട്ടുറപ്പിക്കാന്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായി പരിശ്രമിക്കേണ്ട കാലഘട്ടമാണിത്. അമേരിക്ക, ഇസ്രയേല്‍-ഇറാന് യുദ്ധം തുടരുമ്പോള്‍ അത് നമ്മുടെ പരിസരത്തേക്കും എത്തിയിരിക്കുകയാണ്. ലോകത്തെല്ലായിടത്തും എത്തിപ്പെട്ട മലയാളികള്‍, സംഘര്‍ഷ ബാധിത മേഖലയിലും ജീവിക്കുന്നുണ്ട്. നമ്മുടെ സഹോദരങ്ങളുടെയും അവിടങ്ങളിലെ മനുഷ്യരുടെയും ജീവനുകള്‍ക്ക് അപകടമുണ്ടാവാതിരിക്കട്ടെ. അമേരിക്കയും, ഇസ്രയേലും ഉണ്ടാക്കിയെടുത്ത ഒരു സംഘര്‍ഷമാണ് ഇപ്പോള്‍ ഒരു യുദ്ധമായി മാറിയിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ നരവേട്ടയില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. ഹമാസ് നടത്തിയ തിരിച്ചടിയില്‍ ഇസ്രയേലിലും ആളുകള്‍ കൊല്ലപ്പെട്ടു. ആ പ്രശ്നത്തിന് ചെറിയ അയവ് വന്നപ്പോഴാണ് ഇറാനുമായി സംഘര്‍ഷമുണ്ടാവുന്നത്. അമേരിക്കയും, ഇസ്രയേലും സംയുക്തമായാണ് ഇറാനെ ആക്രമിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവടക്കം മുതിര്‍ന്ന നേതാക്കള്‍ ഇതിനകം ഇറാന് നഷ്ടപ്പെടുകയുണ്ടായി. ഇസ്രയേലിലും ഇറാനിലും മറ്റുമുണ്ടായ ആള്‍നാശത്തിന്റെയും വസ്തുവകകളുടെയും നാശത്തിന്റെ കണക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല. സമാധാനം ഉറപ്പാക്കേണ്ട ഐക്യരാഷ്ട്ര സംഘടന നോക്ക് കുത്തിയായി നില്‍ക്കുകയാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ അപക്വമായ നടപടികള്‍ ലോക രാജ്യങ്ങള്‍ക്കാകെ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയുടെ ലോക പൊലീസ് ചമയലിനെ എതിര്‍ക്കാന്‍ മറ്റൊരു ശക്തി ഇല്ല എന്നതും ഇന്നത്തെ സംഘര്‍ഷാവസ്ഥ തുടരുന്നതിന് പ്രധാന കാരണമാണ്. വിദേശത്ത് നടക്കുന്ന യുദ്ധത്തെപോലും, നമ്മുടെ നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ചില ഛിദ്ര ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം വിഭാഗീയ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ഒന്നായി കൈകോര്‍ക്കണം. ജാതിയുടെയും, മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി വോട്ട് ബാങ്കുകളുണ്ടാക്കാനും, അധികാരം പിടിക്കാനും ശ്രമിക്കുന്നവരെയും സമൂഹം തിരിച്ചറിയണം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ ഒന്നിച്ചൊന്നായി ഈ പ്രതിസന്ധി കാലത്തെ മുറിച്ച് കടന്ന് നാനാത്വത്തില്‍ ഏകത്വത്തില്‍ വിളങ്ങി നില്ക്കുന്ന നമ്മുടെ ഇന്ത്യയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ലോകത്ത് സമാധാനം അനിവാര്യമാണ്. ഗാന്ധിയന്‍ മാര്മല്ലാതെ ലോക സമാധാനത്തിന് മറ്റൊരു മറുമരുന്നില്ല. അതിന്റെ സന്ദേശ വാഹകരായി ഓരോ ഭാരതീയനും മുന്നോട്ട് പോകും.
