തിരു: മതങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങള്‍ക്ക് വിരാമമിടാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന സന്ദേശം വിളംബരം ചെയ്യുന്ന മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് റംസാന് മാസമെന്നു മുന്‍ മന്ത്രി അഡ്വ.വി.എസ് ശിവകുമാര്‍ പ്രസ്താവിച്ചു. പ്രവാസി ഭാരതിയും എന്‍.ആര്.ഐ. കൗണ്‍സിലും നടത്തിയ റംസാന് റിലീഫ് സംഗമം
വള്ളക്കടവ് ഐക്യ വേദി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണതയും സമാധാനവും ശാന്തതയും സര്‍വ്വോപരി സഹായങ്ങളും സഹജര്‍ക്ക് നല്‍കണമെന്നു ഉദ്ബോധിപ്പിക്കുന്ന പുണ്യമായ റംസാന് മാസത്തില്‍ അന്നത്തിനു വക നല്കി സഹകരിക്കുന്നത് ഏറ്റവും പുണ്യ സല്ക്കര്മ്മമാണെന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രസ്താവിച്ചു. കൗണ്‍സില്‍ സീനിയര്‍ വൈസ് ചെയര്മാന് ശശി ആര് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ആര്‍ഭാടപൂര്‍വ്വം നടത്തുന്ന ഇഫ്ത്താറുകള് റംസാന് നിഷ്കര്‍ഷിക്കുന്ന രീതിയിലല്ലെന്നും ചിലര്‍ തന് പ്രമാണിത്വം പ്രദര്ശിപ്പിക്കുവാനും മറ്റ് ചിലര്‍ സ്വന്തം കാശ് മുടക്കാനുള്ള കര്‍ത്തവ്യത മറന്നു
പൊതു ഖജനാവിനെ കൊള്ളയടിച്ചാണു ഇഫ്ത്താറുകള് നടത്തുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ കൗണ്‍സില്‍ ദേശീയ ചെയര്മാന് പ്രവാസിബന്ധു ഡോ: എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.
തെറ്റായ ദിശയിലുള്ള ഇത്തരം ഇഫ്ത്താറുകളില്‍ പങ്കെടുക്കുന്ന മുസ്ലീം മത പണ്ഡിതന്മാര് അറിഞ്ഞുക്കൊണ്ട് ചെയ്യുന്ന തെറ്റാണെന്നും അവ സമുദായത്തെയും വളരുന്ന തലമുറയേയും അവഹേളിക്കുന്നതിന് തുല്യമാണെന്നും പരിശുദ്ധ റംസാന് മാസത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തരുതെന്നും അഹമ്മദ് അഭ്യര്‍ത്ഥിച്ചു.
ഹാഫിള് വള്ളക്കടവ് എം.മുഹമ്മദ് ബിലാല്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു. ഫൊക്കാന മുന്‍ പ്രസിഡന്റുമാരായ മാധവന് പിള്ള, പോള്‍ കറുകപ്പിള്ളില്‍, കൗണ്‍സിലര്‍ ഷാജിതാ നാസര്‍, കോശി അലക്സാണ്ടര്‍, അംബികാ ദേവി, വള്ളക്കടവ് ഐക്യ വേദി ജനറല്‍ സെക്രട്ടറി എച്ച്. ഷംഷുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സില്‍ വൈസ് ചെയര്മാന് എം. നജീബ് സ്വാഗതവും കണ്‍വീനര്‍ പുഞ്ചക്കരി വി. ഉണ്ണി നന്ദിയും പറഞ്ഞു.
വിവിധ മതസ്തരായ 300 പേര്‍ക്ക് കിറ്റുകള്‍ നല്കി.
റംസാന് മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകം: വി.എസ്. ശിവകുമാര്‍
