മുസ്ലിം ലീഗില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും, വേങ്ങരയില്‍ കെഎം ഷാജി
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാന്‍ സാധ്യത. ഇതോടെ കെ എം ഷാജിയെ വേങ്ങരയില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയും ശക്തമായി. കാസര്‍കോട്ടെ പ്രാദേശിക എതിര്‍പ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയില്‍ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങളുടെ നിലപാട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോണ്‍ഗ്രസുമായുള്ള ഉഭയ കക്ഷി ചര്‍ച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങള്‍ ഓരോ നേതാക്കളില്‍ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്.
മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുകയാണെങ്കില്‍, കെ എം ഷാജി വേങ്ങരയില്‍ മത്സരിച്ചേക്കും. ഇന്ന് വൈകീട്ടോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നാളെ പാണക്കാട് വച്ചു സാദിഖ് അലി തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.
