ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങി. ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെയാണ് സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരന്‍ നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ മത്സരിക്കുന്നതില്‍ സംസ്ഥാനത്ത നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഹൈക്കമാന്‍ഡും ഇതുവരെയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. സുധാകരനെ അനുനയിപ്പിക്കാന്‍ ഡല്‍ഹിയില്‍ പലഘട്ടങ്ങളിലായി ചര്‍ച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ ഉണ്ട്. സണ്ണി ജോസഫ് മത്സര സന്നദ്ധത അറിയിച്ച എം.പിമാരായ കെ. സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി തുടര്‍ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത്.
