കോഴിക്കോട്: ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പുന്നക്കലില്‍ ആരംഭിക്കുന്ന റിഹാബിലിറ്റേഷന്‍ സെന്ററായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്‌സലന്‍സിന്റെ ശിലാസ്ഥാപനം 15-ന് വൈകീട്ട് 3:00 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അപകടങ്ങളാലും പക്ഷാഘാതം കൊണ്ടും മറ്റുമുണ്ടാകുന്ന ന്യൂറോളജിക്കല്‍ പരിക്കുകള്‍ മൂലം ശരീരം തളര്‍ന്ന് വീടകങ്ങളില്‍ ഒതുങ്ങിപ്പോയവരെ വീണ്ടും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിക്കുന്ന മഹത്തായ ജീവകാരുണ്യ പദ്ധതിയാണ് ഐ ആര്‍ ഇ.
ഏകദേശം 120 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ റിഹാബിലിറ്റേഷന്‍ എക്‌സലന്‍സ് സെന്ററിന്റെ ആദ്യഘട്ട നിര്‍മ്മാണം 2029-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വൈകല്യമുള്ളവര്‍ക്കും അപകടബാധിതര്‍ക്കും ദീര്‍ഘകാല ചികിത്സ ആവശ്യമായ രോഗികള്‍ക്കും പുതുജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിയുമെന്ന പ്രതീക്ഷ തുറക്കുന്ന ഈ പദ്ധതി കേരളത്തിനും രാജ്യത്തിനും അഭിമാനകരമായ ഒന്നായി മാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ശിലാസ്ഥാപന ചടങ്ങില്‍ പ്രിയങ്കാ ഗാന്ധി, ജോയ് ആലുക്കാസ് (ചെയര്‍മാന്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ്), പോളണ്ട് മൂസ്സ (ചെയര്‍മാന്‍ & സി.ഇ.ഒ. ഫ്രാഗ്രന്‍സ് വേള്‍ഡ് ), ലിന്റോ ജോസഫ് എം എല്‍എ, എ. കെ ഫൈസല്‍ (മലബാര്‍ ഗോള്‍ഡ്), സ്വാമി ജ്ഞാന തീര്‍ത്ഥ (ശിവഗിരി മഠം), റവ: ഫ്രാന്‍സിസ് തോമസ് നാഗപറമ്പില്‍, എം. എ അഷ്‌റഫ് അലി (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ലുലു ഗ്രൂപ്പ്), മുഹമ്മദ് ആലുങ്ങല്‍ (പ്രസിഡന്റ് അല്‍ അബീര്‍ ഗ്രൂപ്പ്) തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി. കെ. അഹമ്മദ്, ഡോ: കെ.പി ഹുസൈന്‍, കെ. എം. അഷ്റഫ് നാദാപുരം, നിയാസ് കെ. വി, നൗഫല്‍ എം. കെ, മുഹമ്മദ് മിറാഷ്, സിദ്ദീഖ് തിരുവണ്ണൂര്‍ പങ്കെടുത്തു.
