ഇന്ത്യയും, യു എസും തമ്മിലുണ്ടാക്കിയ വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി പുറത്ത് വന്നിട്ടില്ലെങ്കിലും, കരാറില്‍ ഇന്ത്യക്ക് പ്രതികൂലമാകുന്ന പല ഘടകങ്ങളുമുണ്ടെന്ന് വിദഗ്ത്തര്‍ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സ് പാര്‍ലമെന്റില്‍ ഇക്കാര്യം അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഈ കരാറിന്റെ മുഴുവന്‍ വിവരങ്ങളും പുറത്ത് വരാതെ ഇതിലൊരു അന്തിമ വിധിയെഴുത്ത് നടത്തുന്നത് ശരിയല്ല. എന്നിരുന്നാലും ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും യു എസ് പ്രസിഡണ്ടായി വന്നതിന് ശേഷം ലോകത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. സ്വതന്ത്ര രാജ്യങ്ങളില്‍ പോലും കയറി അവിടുത്തെ ഭരണകൂടങ്ങളെ ചൊല്പടിയിലാക്കാന് ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയും, അമേരിക്കയും, ഭായി-ഭായിയാണെന്ന് പറയുമ്പോഴും, അമേരിക്ക തങ്ങളുടെ താല്പര്യം വിട്ട് ഒരു കളിക്കും നില്‍ക്കില്ലെന്നത് പകല്‍പോലെ വ്യക്തവുമാണ്. മാത്രവുമല്ല അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നിന്നില്ലെങ്കില്‍ കര്‍ശന സാമ്പത്തിക ഉപരോധവും, നികുതികളും ഏര്‍പ്പെടുത്തുമെന്നതും സുവ്യക്തമാണ്.
ഇന്ത്യക്ക് മേല്‍ ചുമത്തിയ വ്യാപാര നികുതി 50%ല്‍ നിന്ന് 18%മായി കുറച്ചു എന്നാണ് പുതിയ കരാറിലെ പ്രധാന അവകാശവാദം. ഫലത്തില്‍ ഇത് വലിയ മെച്ചമുണ്ടാക്കില്ലെന്നു അഭിപ്രായമുണ്ട്. ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നതോടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലേക്ക് അമേരിക്കക്ക് കടന്നുകയറാന്‍ വഴിയൊരുക്കുമെന്നത് ഇന്ത്യന്‍ കാര്‍ഷിക മേഖലക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. കരാര്‍ ഒപ്പിട്ടതിനു ശേഷം ബംഗ്ലാദേശിനുള്ള നികുതി അമേരിക്ക കുറച്ചത് ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നും, വസ്ത്ര മിര്‍മ്മാണ വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവര്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ഉറപ്പാണ്. ബംഗ്ലാദേശ് ഈ അവസരം ഫലപ്രദമായി ഉപയോഗിക്കുകയും, അമേരിക്കയുമായി വസ്ത്ര നിര്‍മ്മാണത്തിനാവശ്യമായ കോട്ടണ്‍ അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ലോകത്ത് ഇന്ത്യയെക്കാളും വസ്ത്ര നിര്‍മ്മാണ കയറ്റുമതി രംഗത്ത് മുന്നിലാണ് ബംഗ്ലാദേശ്. എന്നാല്‍ ബംഗ്ലാദേശാവട്ടെ വസ്ത്ര നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയില്‍ നിന്നാണ് വാങ്ങിയിരുന്നത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്കടക്കം ബംഗ്ലാദേശ് വസ്ത്ര കയറ്റുമതി വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതെല്ലാം ഇന്ത്യയുടെ വസ്ത്ര വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങരുതെന്നും ട്രംപ് അന്ത്യശാസനം ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. ഇതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ട്രംപിന്റെ കക്ഷത്തില്‍ ഇന്ത്യ പിരടിവെച്ചു കൊടുക്കുമോ എന്നും ഇപ്പോഴുള്ള കരാര്‍ പുറത്ത് വന്നാല്‍ മാേ്രത വ്യക്തമാവൂ. ഇന്ത്യയും യൂറോപ്യന്‍ യൂണിയനുകളും തമ്മിലുണ്ടാക്കിയ കരാര്‍ പൂര്ണ്ണമയി പ്രാബല്യത്തിലായാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും വിദഗ്ത്തര്‍ അഭിപ്രായപ്പെടുന്നുണ്ട്. വന്‍കിട രാജ്യങ്ങള്‍ ലോക സമ്പത്ത് കയ്യടക്കാന്‍ ശ്രമിക്കുന്ന സാഹചര്യവും നിലവിലുണ്ട്്. എണ്ണക്കച്ചവടവും, ആയുധ വില്‍പ്പനയുമാണ് ഇത്തരം രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. അതിനായി ലോകത്ത് അശാന്തി സൃഷ്ടിക്കാനും ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂട ശ്രമം തുടരുന്നുണ്ട്. സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ട് വെച്ചില്ലെങ്കില്‍ 140 കോടി ജനങ്ങള്‍ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിപണിയില്‍ മനുഷ്യത്വ രഹിതമായ കച്ചവടത്തിന്റെ അരങ്ങൊരുങ്ങാന്‍ ഇടയാവും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും ജാഗ്രത പുലര്‍ത്തണം.
