പ്രമേഹ ബോധവല്‍ക്കരണവുമായി ലയണ്‍സ് ബ്ലൂ സര്‍ക്കിള്‍ ഹെല്‍ത്ത് ഫെസ്റ്റ്
കോഴിക്കോട്: ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഇ-യുടെ നേതൃത്വത്തില്‍ മലബാര്‍ ഹോസ്പിറ്റല്‍സിന്റെ സഹകരണത്തോടെ പ്രമേഹ ബോധവല്‍ക്കരണം, നേരത്തെയുള്ള രോഗനിര്‍ണയം, ആരോഗ്യകരമായ ജീവിതശൈലീ മാറ്റങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ‘ലയണ്‍സ് ബ്ലൂ സര്‍ക്കിള്‍ ഹെല്‍ത്ത് ഫെസ്റ്റ്’ കോഴിക്കോട് ലുലു മാളില്‍ സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി സൗജന്യ പരിശോധനകളും കൗണ്‍സിലിംഗും രക്തസമ്മര്‍ദ്ദം, ബി.എം.ഐ, വെയ്സ്റ്റ്-ഹിപ്പ് റേഷ്യോ, ബ്ലഡ് ഷുഗര്‍, കൂടാതെ, വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള സീറം ക്രിയാറ്റിനിന്‍ ടെസ്റ്റ്, റെറ്റിനല്‍ സ്‌ക്രീനിംഗ്, പോഡിയാട്രി പരിശോധന, വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ന്യൂട്രീഷന്‍ കൗണ്‍സിലിംഗ് എന്നിവയും നടന്നു.
പാക്കറ്റ് ഭക്ഷണങ്ങളിലെ മറഞ്ഞിരിക്കുന്ന പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ തിരിച്ചറിയാന്‍ പൊതുജനങ്ങളെ സഹായിക്കുന്ന വേറിട്ട ബോധവല്‍ക്കരണ പരിപാടിയായ ‘ലേബല്‍ റീഡിംഗ് കോര്‍ണര്‍’ ഏറെ ശ്രദ്ധേയമായി. ചെറുധാന്യങ്ങളുടെ (മില്ലറ്റുകള്‍) ഗുണങ്ങളും വൈവിധ്യമാര്‍ന്ന തയ്യാറാക്കല്‍ രീതികളും പരിചയപ്പെടുത്തുന്ന ‘മില്ലറ്റ് കൗണ്ടറും’ മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. പ്രമേഹ നിയന്ത്രണത്തില്‍ മാനസിക ആരോഗ്യത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു പ്രത്യേക ‘മെന്റല്‍ ഹെല്‍ത്ത് സെക്ഷനും’ പരിപാടിയുടെ ഭാഗമായിരുന്നു. കേവലം രോഗപരിശോധന എന്നതിലുപരി, ബോധവല്‍ക്കരണം, പഠനം, ശാക്തീകരണം, സാമൂഹിക പങ്കാളിത്തം എന്നിവയാണ് ‘ഫെസ്റ്റ്’ എന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യാതിഥിയായ ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില പറഞ്ഞു. ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഇ ഗവര്‍ണര്‍ രവി ഗുപ്ത, ഡയബറ്റിസ് കോര്‍ഡിനേറ്റര്‍ ഡോ. ആവ്ണി സ്‌കന്ദന്‍, ക്യാബിനറ്റ് സെക്രട്ടറി വിശോഭ് പനങ്ങാട്ട് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പൊതുജനാരോഗ്യ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഈ പരിപാടി നടന്നത്.
പങ്കെടുത്ത എല്ലാവര്‍ക്കും പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്താനുള്ള ലയണ്‍സ് ബ്രാന്‍ഡിംഗോടുകൂടിയ ‘ഹെല്‍ത്ത് പാസ്പോര്‍ട്ടും’ വിതരണം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി നടന്ന ഫെസ്റ്റില്‍ മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്. വയനാട് ലയണ്‍സ് ഹോസ്പിറ്റലില്‍ 150-ലധികം പേരും കണ്ണൂരില്‍ 100-ലധികം പേരും കോഴിക്കോട് 300-ലധികം പേരും പങ്കെടുത്തു. അടുത്ത ആഴ്ച കാസര്‍ഗോഡ്, വയനാട് ജില്ലകളിലും ഇതേ സേവനങ്ങളും ബോധവല്‍ക്കരണ പരിപാടികളുമായി ഫെസ്റ്റ് തുടരും. ‘ബോധവല്‍ക്കരണം, പ്രവര്‍ത്തനം, പ്രതിരോധം’ എന്നതാണ് തങ്ങളുടെ ദൗത്യമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
