സഞ്ജു ഇന്‍ ചെന്നൈ; ടീമുമായി കരാര്‍ ഒപ്പിട്ടു
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സുമായി കരാറൊപ്പിട്ട് മലയാളി താരം സഞ്ജു സാംസണ്. അടുത്ത ഐപിഎല്‍ സീസണില്‍ താരം ചെന്നൈക്കായി കളിക്കുമെന്നുറപ്പായി. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാന് റോയല്‍സിലേക്ക് കൂടുമാറും. ജഡേജ രാജസ്ഥാന് ക്യാപ്റ്റനായി സ്ഥാനമേല്‍ക്കും.
കഴിഞ്ഞ കുറച്ച് നാളായി അന്തരീക്ഷത്തില്‍ നിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു സാംസണ് ചെന്നൈയുമായി കരാറിലെത്തുന്നത്. 2013 മുതല്‍ രാജസ്ഥാന് ജേഴ്സിയില്‍ കളിച്ച താരം കഴിഞ്ഞ കുറച്ച് വര്‍ഷമായി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ലേലത്തിന് മുന്നോടിയായുള്ള ഐ പി എല്‍ ട്രേഡിലൂടെ താരം രാജസ്ഥാന് വിടും എന്ന അഭ്യൂഹം ഏറെക്കാലമായി അന്തരീക്ഷത്തിലുണ്ടായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായിരുന്നു ആദ്യം മുന്നിലുണ്ടായിരുന്നത്. പക്ഷെ ഇരുവരും പിന്മാറി. ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലാണ് ഡല്‍ഹി ഈ ഡീലില്‍ നിന്ന് പിന്മാറിയത്. പിന്നീടാണ് ചെന്നൈ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. നിരവധി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് ഇരു ടീമുകളും ധാരണയിലെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഔദ്യോഗിക അറിയിപ്പുണ്ടാകും എന്നാണ് അറിവ്.
എല്ലാ ടീമുകളും റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക നവംബര്‍ 15നകം കൈമാറണമെന്നാണ് വ്യവസ്ഥ. അടുത്ത മാസം 15ന് ഐപിഎല്‍ ലേലം തുടങ്ങാന്‍ സാധ്യത എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
