ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഐആര്‍സിടിസി അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനുമെതിരെ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി കോടതി. ലാലുവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി ക്കെതിരെയും കുറ്റങ്ങള്‍ ചുമത്തി. ഗൂഢാലോചന, വഞ്ചന എന്നിവയുള്‍പ്പെടെ കുറ്റങ്ങളാണ് തേജസ്വിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കുമെന്നും കോടതി അറിയിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്ജെഡിക്കേറ്റ കനത്ത പ്രഹരമാണ് കോടതി വിധി.
2004നും 2014നും ഇടയില്‍ ഐആര്‍സിടിസിയുടെ രണ്ട് ഹോട്ടലുകളുടെ പ്രവര്‍ത്തന കരാറുകള്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ചാണ് കേസ്. പുരിയിലെയും റാഞ്ചിയിലെയും ഇന്ത്യന്‍ റെയില്‍വേയുടെ ബിഎന്‍ആര്‍ ഹോട്ടല്‍ ആദ്യം ഐആര്‍സിടിസിക്ക് കൈമാറുകയും പിന്നീട് പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍, പരിപാലനം എന്നിവയ്ക്കായി ബിഹാറിലെ പട്ന ആസ്ഥാനമായുള്ള സുജാത ഹോട്ടല്‍സിന് പാട്ടത്തിന് നല്‍കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ലാലുവും കുടുംബവും അഴിമതി നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിച്ചതായും സുജാത ഹോട്ടലുകളെ സഹായിക്കുന്നതിനായി വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിയതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഐആര്‍സിടിസിയുടെ അന്നത്തെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാരായ വി.കെ അസ്താന, ആര്.കെ ഗോയല്‍, സുജാത ഹോട്ടല്‍സിന്റെ ഡയറക്ടര്‍മാരും ചാണക്യ ഹോട്ടല്‍ ഉടമകളുമായ വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍ എന്നിവരുടെ പേരും കുറ്റപത്രത്തില്‍ ഉണ്ട്.
ആര്‍ജെഡിക്ക് തിരിച്ചടി; ലാലുപ്രസാദ് യാദവിനും മകനുമെതിരെ അഴിമതിക്കുറ്റം
