ലോകമാകെ ആഹ്‌ളാദം ചൊരിഞ്ഞ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇസ്രായേലും, ഹമാസുമായി രണ്ട് വര്‍ഷമായി നടക്കുന്ന യുദ്ധത്തിന് വിരാമമിട്ടുകൊണ്ടുള്ള കരാറില്‍ ഇരുപക്ഷവും ഒപ്പിട്ടിരിക്കുകയാണ്. ഗാസയിലും, ഇസ്രായേലിലും ജനങ്ങള്‍ ഈ വാര്‍ത്തയറിഞ്ഞ് ആഹ്‌ളാദ നൃത്തം ചവിട്ടുകയാണ്. ഇവരോടൊപ്പം ലോകത്തെല്ലായിടത്തുമുള്ള സമാധാന പ്രേമികളും ആനന്ദത്തിലാണ്. രണ്ട് വര്‍ഷക്കാലത്തെ യുദ്ധം വിതച്ചത് കൊടിയ ദുരന്തങ്ങളാണ്്. പതിനായിരക്കണക്കിന് പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അംഗവൈകല്യവും മറ്റ് കെടുതികളും അനുഭവിച്ചവര്‍ അതിലധികമാണ്. ഗാസയുടെ 90% വും ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. ഹമാസ് ഏകപക്ഷീയമായി നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് യുദ്ധം ആരംഭിച്ചത്. ഹമാസിന്റെ ആക്രമണത്തില്‍ ആയിരത്തിലധികം ഇസ്രയേലി പൗരന്മാര്‍ക്കും ജീവഹാനിയുണ്ടായി. നിരവധി പേരെ ഹമാസ് ബന്ദികളാക്കി. അതില്‍ പലരും കൊല്ലപ്പെട്ടു. ബാക്കിയുള്ള ബന്ദികളെ വിട്ടുകൊടുക്കാമെന്ന് കരാറില്‍ ഹമാസ് സമ്മതിച്ചിട്ടുണ്ട്. ഇസ്രായേലില്‍ ജയിലില്‍ കിടക്കുന്ന പലസ്തീനികളെ വിട്ടയക്കാനും ധാരണയായിട്ടുണ്ട്. ഗാസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരഹത്യക്കെതിരെ വലിയ പ്രതിഷേധമാണ് ലോകത്ത് എല്ലായിടത്തും ഉയര്‍ന്നത്. ഇസ്രായേലിലും, പലസ്തീനിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. ഏത് യുദ്ധത്തിലും കൊല്ലപ്പെടുന്നതുപോലെ ഇവിടെയും സ്ത്രീകളും കുട്ടികളുമാണ് ഭൂരിപക്ഷവും കൊല്ലപ്പെട്ടത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ ധിക്കാരപരമായതും മനുഷ്യത്വരഹിതവുമായ തീരുമാനങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് പോലെ ഇവിടെയും നിരപരാധികള്‍ക്കാണ് സ്വജീവിതം നഷ്ടമായത്.
ഹമാസും, ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് എടുത്ത മുന്‍കൈയും വലിയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, അറബ് രാജ്യങ്ങള്‍ എടുത്ത പങ്കും അഭിനന്ദനാര്‍ഹമാണ്. ഇസ്രായേലും, ഹമാസും തമ്മില്‍ നടന്ന സംഘര്‍ഷം പശ്ചിമേഷ്യ മുഴുവന്‍ വ്യാപിക്കുന്നതാണ് പിന്നീട് കണ്ടത്. ഇറാനിലും, അറബ് രാഷ്ട്രങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടായി. ഖത്തറിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണം വലിയ പ്രതിഷേധത്തിനിടയാക്കി. പിന്നീട് ഇക്കാര്യത്തില്‍ ഇസ്രായേല്‍ മാപ്പ് പറയുകയുണ്ടായി. ലോകമാകെ നിറഞ്ഞു നിന്നിരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ ഇസ്രായേല്‍-ഹമാസ് കരാര്‍ വഴിയൊരുക്കട്ടെ. ഈ യുദ്ധത്തില്‍ ലോക രാജ്യങ്ങള്‍ പോലും പക്ഷം പിടിക്കുന്നതും ഇക്കാലത്തുണ്ടായി. എന്നാല്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ ഏതാണ്ടെല്ലാ രാജ്യങ്ങളും ശബ്ദമുയര്‍ത്തിയെന്നത് സമാധാനപരമായ ഒരു ലോകം സൃഷ്ടിക്കാനുള്ള ചുവട്‌വെപ്പ്തന്നെയാണ്.
റഷ്യയും, യുക്രൈനും തമ്മിലും ഇപ്പോഴും യുദ്ധം തുടരുകയാണ്. ഇതവസാനിപ്പിക്കാനും നടപടികളുണ്ടാവണം. യുദ്ധത്തിലും, അക്രമത്തിലും മനുഷ്യജീവനുകള്‍ പൊലിയാതിരിക്കാനാണ് ഭരണാധികാരികള്‍ കിണഞ്ഞു പരിശ്രമിക്കേണ്ടത്. ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിന്തിരിയണം.
പലസ്തീന്‍ പ്രശ്‌നത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിന്റെ ചരിത്രഗതികളിലേക്ക് വഴിമാറി പരസ്പരം പകയും, വൈരവും ചൊരിഞ്ഞാല്‍ വീണ്ടും പഴയ അവസ്ഥ വരാന്‍ സാധ്യതയുണ്ട്. പലസ്തീനിന്റെ അസ്തിത്വം അമേരിക്കയടക്കം അംഗീകരിക്കുകയും, ഗാസയില്‍ ശാശ്വത സമാധാനമുണ്ടാക്കുകയും, ഹമാസടക്കമുള്ള പ്രസ്ഥാനങ്ങള്‍ സമാധാന പാതയില്‍ ചരിക്കുകയും, ഇസ്രായേല്‍ പലസ്തീനിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും ചെയ്ത് മുന്നോട്ടുപോയാല്‍ ഇനിയിവിടെ ബോംബ് വീഴില്ല, ജീവന് വേണ്ടിയുള്ള നിലവിളികളുയരില്ല, ഭക്ഷണത്തിനു വേണ്ടി മനുഷ്യര്‍ വിലപിക്കില്ല, പട്ടിണി അവിടെ താണ്ഡവ നൃത്തമാടില്ല. വരും നാളുകള്‍ സമാധാനം പൂത്തുലയുന്ന ഗാസ പുഷ്പിക്കട്ടെ. ആ വശ്യ സൗന്ദര്യത്തില്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ ആനന്ദനൃത്തമാടട്ടെ. അത് കണ്ട് ലോകമാകെ സന്തോഷത്തില്‍ ആറാടട്ടെ. യുദ്ധം ഒന്നിനും പരിഹാരമല്ല. സമാധാനമാണ് മുന്നോട്ടുള്ള വഴി. അത് ലോകത്തിന്റെ സഞ്ചാരപാതയാകട്ടെ.
