കോഴിക്കോട്: ശമ്പളം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി കെ.എസ്.ആര്.ടി.സി തൊഴിലാളി സംഘടനകള്‍ രംഗത്ത്. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന കരാര്‍ ലംഘിച്ചതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്.
പണമില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മാസങ്ങളിലെ പോലെ ശമ്പളം വിതരണം ഇത്തവണയും അനിശ്ചിതത്വത്തിലാവുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 20ന് ശേഷമാണ് ശമ്പളം നല്‍കിയത്. ഇതാവര്ത്തിക്കുമെന്ന് കണ്ടാണ് യൂണിയനുകള്‍ മുന്‍കൂട്ടി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസത്തെ ശമ്പള വിതരണത്തിന് 82 കോടി രൂപയാണ് ആവശ്യം. സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പള വിതരണം സാധ്യമാവില്ല. 65 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാരിന് രണ്ടാഴ്ച മുമ്പ് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
കെ.എസ്.ആര്.ടി.സി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ധര്‍ണ നടത്താനാണ് സി.ഐ.ടി.യു തീരുമാനം. സി.എം.ഡി ഓഫിസിന് മുന്നില്‍ രാപ്പകല്‍ സമരവുമായി ഐ.എന്‍.ടിയു.സിയുമുണ്ട്. നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലും കെ.എസ്.ആര്.ടി.സി ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലും അനിശ്ചിതകാല ധര്‍ണ ബി.എം.എസ് ആരംഭിക്കും. സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ ഇരുപതാം തീയതി ആകാതെ ശമ്പളം നല്‍കാനാകില്ല എന്നാണ് മാനേജ്മെന്റ് നിലപാട്.
