കോഴിക്കോട്: വീടു വീടാന്തരം കയറിയിറങ്ങിയും വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസ് അക്ഷരോന്നതിയ്ക്കായി സമാഹരിച്ചത് 5,000 പുസ്തകം. ഇനിയത് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി അറിവിന്റെ വെളിച്ചമാവും.
വിദ്യാര്‍ഥികള്‍ വായനയിലൂടെ ഉന്നതിയിലേക്ക് എന്ന സന്ദേശമുയര്‍ത്തി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും തയ്യാറാക്കിയ അക്ഷരോന്നതി പദ്ധതിയിലേക്കാണ് പുസ്തകം ശേഖരിച്ചത്. പുസ്തകവണ്ടിയൊരുക്കി രണ്ട് ദിവസങ്ങളിലായി ജില്ലയിലെ 82 കോളേജുകളിലെത്തി ഈ പുസ്തകങ്ങള്‍ ജില്ലാ എന്‍.എന്‍.എസ് കൈപറ്റി. ജൂണ്‍ 25ന് കൊയിലാണ്ടി വടകര, കുറ്റ്യാടി മേഖലകളിലും ജൂണ്‍ 27ന് ഫറോക്ക്, മുക്കം, ബാലുശ്ശേരി, കോഴിക്കോട് ടൗണ്‍ കേന്ദ്രീകരിച്ചുമാണ് പുസ്തകവണ്ടി പര്യടനം നടത്തിയത്.
കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ പുസ്തകങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഐ എ എസിനു കൈമാറി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി. സാജന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ.ടി മുഹമ്മദ് സലിം മുഖ്യഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി രവികുമാര്‍, ഇന്റേര്‍ണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആര്‍. സിന്ദു, ആര്‍.ജി.എസ്.എ ജില്ലാ പ്രൊജക്ട് മാനോജര്‍ എം.എസ് വിഷ്ണു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.സുരേഷ് പുത്തന്‍ പറമ്പില്‍, ജിബിന്‍ ബേബി എന്നിവര്‍സംസാരിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിലെയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിലെയും വിവിധ ഉദ്യോഗസ്ഥര്‍, ആര്‍ ജി എസ് എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, വിവിധ കോളേജുകളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
അക്ഷരോന്നതിയിലേയ്ക്കായി പുസ്തകങ്ങള്‍ നല്‍കാന്‍ താല്പര്യമുള്ളവര്‍ക്കും പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട വിലാസം – ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി ഒ, കോഴിക്കോട്- 673 020, വിഷ്ണു എം എസ് – ജില്ലാ പ്രൊജക്റ്റ് മാനേജര്‍, ആര്‍ ജി എസ് എ, കോഴിക്കോട്- 9746519075 , പദ്മകുമാര്‍- സീനിയര്‍ ക്ലാര്‍ക്ക്-9037547539.
