പി.ടി.നിസാര്‍
രത്ന രാജു എന്ന എഴുത്തുകാരിയില്‍ നിന്ന് കവിതയും, കഥകളും പിറവിയെടുക്കുന്നത് ബാല്യകാലത്താണ്. കുട്ടിക്കാലത്തെ ആഹ്ലാദകരമായ ജീവിതത്തിന്റെ മധുരിക്കുന്ന സ്മരണകളാണ് കൊച്ചു കൊച്ചു രചനകളായി ആ തൂലിക തുമ്പില്‍ നിന്നടര്‍ന്നു വീണത്. ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പതിനാറാം വയസ്സില്‍ ‘സൗന്ദര്യ പൂജ’ എന്ന കവിതയെഴുതുന്നത്. കവിത വായിച്ചു നോക്കിയ മലയാളം പ്രൊഫസര്‍ ഹരീന്ദ്രനാഥ് കുറുപ്പ് നല്കിയ അഭിനന്ദന വാക്കുകളാണ് നീണ്ട നാല് പതിറ്റാണ്ട് പിന്നിട്ട രത്ന രാജുവിന്റെ എഴുത്ത് വഴിയിലെ ആദ്യ പ്രോത്സാഹനം. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വീണ്ടുമെഴുതിയ ‘വിഷാദ പൂക്കള്‍’ എന്ന ചെറുകഥ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ മുഖമാസികയായ ഗാര്ഹികയില് പ്രസിദ്ധീകരിച്ചു. അന്ന് മാഗസിന് എഡിറ്റര്‍ ഉമ്മന്നൂുര് ഗോപാലകൃഷ്ണനായിരുന്നു.
തുഷാര എന്ന തൂലികാ നാമത്തിലാണ് ‘നിര്‍വൃതിയുടെ നിമിഷങ്ങളില്‍’ എന്ന ആദ്യ കഥ പ്രസിദ്ധീകരിച്ചു വരുന്നത്. കൊല്ലം എന്‍ എസ് എസ് കോളേജിന്റെ വാര്‍ഷിക സോവനീറില്‍ നടയറ കബീറാണ് ഈ കഥ പ്രസിദ്ധീകരിച്ചത്.എഴുത്തിന്റെ വാതായനങ്ങള്‍ തുറന്ന് കിട്ടിയതോടെ ആ സപര്യ തുടര്‍ന്നു. മണി ചെന്താപൂരിന്റെ വര്‍ത്തമാന ദു:ഖങ്ങളില്‍, ‘ലയം’ എന്ന കഥ അച്ചടിച്ചു വന്നത്. 1986ല്‍ പി.പി.ശ്രീധരനുണ്ണി എ ഐ ആറില്‍ സാഹിത്യ സോപാനം പംക്തി കൈകാര്യം ചെയ്യുന്ന കാലത്ത് കോഴിക്കോട് ആകാശവാണിയിലൂടെ ശ്രോതാക്കളിലേക്കെത്തി. മുംബൈ മലയാളികളുടെ വിശാല കേരളത്തില്‍ കുറുഞ്ഞിപ്പൂച്ച, സ്റ്റാറ്റസ് എന്നീ കഥകളും പ്രസിദ്ധീകരിച്ചു. കുള്ളന്റെ രോദനം, അക്ഷരച്ചെല്ലം, ആത്മാവിന്റെ തപസ്സ്, പ്രകൃതി നമ്മുടെ അമ്മ എന്നീ കവിതാ സമാഹാരങ്ങളും, മൗനം പൂക്കും നിമിഷങ്ങള്‍ (കഥാ സമാഹാരം) എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമായ പെന്ഡ്രോപ്സിലും കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചിന് സാഹിത്യ അക്കാദമിയുടെ സുവര്‍ണ്ണ തൂലിക, ശ്രേഷ്ഠ ഭാഷാ മലയാളത്തിന്റെ എ.അയ്യപ്പന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പെരുന്നയാണ് രത്ന രാജുവിന്റെ ജന്മ നാട്. പെരുന്ന ഗവ.ഹൈസ്കൂള്‍, ത്രിക്കൊടിത്താനം എന്‍.എസ്.എസ്ഹൈസ്കൂള്‍, തുടര്‍ന്ന് പ്രീഡിഗ്രിയും പാസ്സായി. ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും, വിശ്വ ബ്രാഹ്മണ സമുദായത്തില്‍ പെട്ടവര്‍ക്ക് അന്ന് കൂടുതല്‍ പഠിക്കാന്‍ അവകാശമില്ല. പഠനത്തോടൊപ്പം ടൈപ്പ് റൈറ്റിംഗ് ലോവര്‍, ഹയര്‍ പാസായിരുന്നു. എന്നാല്‍ 18 വയസ് കഴിയുമ്പോള്‍ തന്നെ എന്റെ വിവാഹം നടത്തി. പഠനം ഒരു ഹരമായിരുന്ന എന്നെ തുടര്‍ന്ന് പഠിപ്പിച്ചത് ഭര്‍ത്താവ് രാജുവായിരുന്നു. ഡിഗ്രി പാസായി. പഠന കാലത്താണ് എന്‍.സി.സിയില്‍ ചേര്‍ന്നത്. ഏറ്റവും മികച്ച കേഡറ്റും, ഷൂട്ടറുമായിരുന്നു.U/ 0 എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. 1978ല്‍ കണ്ണൂര്‍ ഫോര്‍ട്ട് മൈതാനിയില്‍ നടന്ന ഇന്റര്‍ ഗ്രൂപ്പ് മത്സരത്തില്‍ ആള് കേരള ബെസ്റ്റ് ഷൂട്ടര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. വയര്‍ലസ്, ടെലിഫോണ്‍ ഓപ്പറേറ്റിംഗ്, മദര്‍ കെയര്‍ ആന്റ് ചൈല്‍ഡ് ക്രാഫ്്റ്റ് പാരച്യൂട്ട്, റോക്ക് ക്ലൈംമ്പിങ് എന്നിവയിലൊക്കെ പ്രാവീണ്യം നേടി. ജി പാര്‍ട്ട് 1, ജി പാര്‍ട്ട് 2 എന്നീ പരീക്ഷകള്‍ പാസായി. തുടരന്ന് ഡല്‍ഹി റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുത്തു.
എം.എക്ക് ചേരണമെന്നും, എന്‍ സി സിയില്‍ ഒരു ജോലി നേടണമെന്നതുമൊക്കെ എന്റെ ജീവിതാഭിലാഷമായിരുന്നു. എന്നാല്‍ എല്ലാം എന്നെ കൈവിട്ടു പോയി. കൊച്ചിന് ഷിപ്പിയാര്‍ഡില്‍ നിന്ന് ക്ലറിക്കല്‍ പോസ്റ്റിലേക്ക് സാധ്യത തെളിഞ്ഞപ്പോഴും ആ കാര്‍ഡ് കോഴിക്കോട്ടായതിനാല്‍ കൈപ്പറ്റാനായില്ല. പിന്നീടാണ് കോഴിക്കോട് പുതിയറ ജില്ലാ ജയിലിലേക്ക് വാര്ഡന് ആയി വിളിക്കുന്നത്. ആ ഘട്ടത്തില്‍ ഗര്‍ഭിണിയായതിനാല്‍ പോകാനായില്ല. കാരപ്പറമ്പ് പി ആര് റ്റി സിയില്‍ ജോലി സാധ്യത തെളിഞ്ഞപ്പോഴും ഇടതു കൈപ്പടം പൊട്ടി ചികിത്സയിലായിരുന്നു. അതോടെ ആ വാതിലും അടഞ്ഞു.
കോഴിക്കോടെത്തിയപ്പോഴാണ് എന്റെ രചനാ ലോകം വിശാലമായത്. 1986ല്‍ പ്രൊഫ.ഹാഫിസ് മുഹമ്മദ് നേതൃത്വം നല്കിയ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായി. ഇവിടെ വെച്ചാണ് എം.ടി, പി.വത്സല, എം.എം.ബഷീര്‍ എന്നീ സാഹിത്യ പ്രതിഭകളെ പരിചയപ്പെടുന്നത്. ആനുകാലികങ്ങളിലും, സോഷ്യല്‍ മീഡിയയിലുമെഴുതി രത്ന രാജു ഇപ്പോഴും സജീവമാണ്. ഭര്‍ത്താവിന്റെയും, മക്കളുടെയും നിറഞ്ഞ പിന്തുണയോടെ ഇതിനിടയില്‍ ബ്യൂട്ടീഷ്യന് കോഴ്സ് പഠിക്കുകയും, തുടര്‍ന്ന് സ്വന്തമായി ഒരു സ്ഥാപനം മാങ്കാവില്‍ ആരംഭിക്കുകയും ചെയ്തു. ഭര്‍ത്താവ് രാജു. മകന് രാജീവ് രാജ് (ആയൂര്‍വ്വേദ ഡോക്ടര്‍). മരുമകള്‍ മാളവിക. ഇവര്‍ക്ക് രണ്ട് മക്കള്‍ ഋതിക് രാജ്, ലക്ഷ്മിക രാജ്. മകള്‍ ആരതി രാജ് (ഇലക്ട്രോണിക് എഞ്ചിനീയര്‍) അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. ഭര്‍ത്താവ് പ്രശാന്ത് സിവില്‍ എഞ്ചിനീയറാണ്. ഇവരുടെ മക്കള്‍ പ്രൃഥ്വി പ്രശാന്ത്, ജ്വാല പ്രശാന്ത്.
സാമൂഹിക നവോത്ഥാന പ്രസ്ഥാനമായ എന്‍ എസ് എസിന്റെ ആസ്ഥാനമായ പെരുന്നയില്‍ മന്നത്ത് പത്മനാഭന്റെ ജന്മ നാട്ടില്‍ ജനിച്ച രത്ന രാജു, ഇന്ന് സാഹിത്യ നഗരമായ കോഴിക്കോടിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ്. ആവരുടെ സാഹിത്യ സപര്യ തുടരുകയാണ്. കോഴിക്കോടിന്റെ സാഹിത്യ പെരുമയ്ക്ക് മാറ്റ് കൂട്ടാന്‍ എഴുത്തുകാരി നിത്യഹരിത രചനകളിലൂടെ നമ്മോടൊപ്പമുണ്ട്.
