കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡും,ക്വാളിറ്റി കെയറും ലയനത്തിന് ശേഷം തങ്ങളുടെ 2026 ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ലയനത്തിന് ശേഷം സംയുക്ത ശൃംഖലയുടെ വരുമാനം 20% വര്‍ധിച്ച് 2,597 കോടി രൂപയായി.പ്രവര്‍ത്തന ലാഭം 30% വര്‍ധിച്ച് 576 കോടി രൂപയിലെത്തിയെന്നും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുണ്‍ ഖന്നയും പറഞ്ഞു. 2026 ജൂലൈ 1നാണ് ലയന നടപടികള്‍ പൂര്‍ത്തിയായത്.
നാല് പതിറ്റാണ്ടോളം നീണ്ട യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ രൂപീകരണമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍, കെയര്‍, കിംസ് ഇന്ത്യ, എവര്‍കെയര്‍ എന്നീ നാല് മുന്‍നിര ബ്രാന്‍ഡുകളെ ഒരൊറ്റ ശൃംഖലയ്ക്ക് കീഴില്‍ കൊണ്ടുവരികയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലീകരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ സേവന ശൃംഖല, മികച്ച ചികിത്സാ വൈദഗ്ധ്യം, സമൂഹത്തില്‍ വലിയ സ്വാധീനം – ഇതാണ് സ്ഥാപനത്തിന്റെ പുതിയ നയമെന്നും അത്യാധുനിക സാങ്കേതികവിദ്യകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഗവേഷണം എന്നിവയിലൂടെ ആരോഗ്യരംഗത്ത് വന്‍മാറ്റങ്ങള്‍ ആവിഷ്‌കരിക്കരിച്ച് ‘നിങ്ങളെ ഞങ്ങള്‍ നന്നായി ശുശ്രൂഷിക്കും’ എന്ന വാഗ്ദാനത്തോടെ, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ രൂപീകരണം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും രാജ്യത്തെ ആരോഗ്യരംഗത്തിനാകെയും വലിയ ആവേശമാണുണ്ടാക്കിയതെന്ന് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുണ്‍ ഖന്ന പറഞ്ഞു.
ലയനത്തിന് ശേഷമുള്ള കണക്കുകള്‍ പ്രകാരം ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ എന്ന സംയുക്ത സ്ഥാപനം 2,597 കോടി രൂപയുടെ വരുമാനമാണ് ഈ പാദത്തില്‍ നേടിയിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20%ത്തിന്റെ വളര്‍ച്ചയാണിത്. പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായ 30 ശതമാനത്തിന്റെ വര്‍ധനവാണ് (576 കോടി രൂപ) ഈ നേട്ടത്തിന് കരുത്തേകിയത്.
