ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. സമഗ്ര ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്നാണ് വിവരം. ഒറ്റ തിരഞ്ഞെടുപ്പ് 2029ല്‍ നടക്കുകയാണെങ്കില്‍ അതിനിടയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സര്‍ക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്ക്കേണ്ടി വരും. ഓരോ നിയമസഭകള്‍ക്കും വിവിധ വര്ഷക്കണക്കിലായിരിക്കും കാലാവധി വെട്ടിക്കുറയ്ക്കപ്പെടുക. ജാര്‍ഖണ്ഡ്, ബിഹാര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി നാലു വര്‍ഷമായി വെട്ടിച്ചുരുക്കേണ്ടി വരും. കേരളം, ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്നു വര്‍ഷവും ആക്കേണ്ടി വരും.
മണിപ്പുര്‍, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ നിയമസഭാ കാലവധി രണ്ടു വര്‍ഷമായും ഹിമാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, കര്‍ണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുടേത് ഒരു വര്‍ഷമായും വെട്ടികുറയ്ക്കേണ്ട സാഹചര്യമുണ്ടാകും.
ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നതാണ് മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ഏറ്റവും സുപ്രധാന നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
