കൊല്‍ക്കത്ത: ബംഗാളില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് സി.ബി.ഐ ഏറ്റെടുക്കും. ബംഗാള്‍ പൊലീസിന്റെ അന്വേഷണത്തില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.സംസ്ഥാന പൊലീസിന് ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റുമെന്നും വ്യക്തമാക്കി.
കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എത്തുന്നത്.
പീഡനത്തിന് ഇരയാകുന്നതിനു മുന്‍പ് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടിവന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി. സംഭവത്തില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സിവിക് വളണ്ടിയറായ സഞ്ജയ് റോയ്യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുക്കും