സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം  വര്‍ദ്ധിപ്പിക്കണം

എഡിറ്റോറിയല്‍

                സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം പരിതാപകരമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 10,302 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ജിഎസ്ടി, വില്‍പ്പന നികുതി, മദ്യം, ലോട്ടറി എന്നിവയിലൂടെ വരുമനം കൂടിയെങ്കിലും, കേന്ദ്ര ഗ്രാന്റുകളും സംസ്ഥാന സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന സ്റ്റാംപ് ഡ്യൂട്ടിയും കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്റില്‍ 15,904 കോടി രൂപയുടെ കുറവുണ്ടായി. ഭൂമിയുടെ ന്യായ വിലയില്‍ 20% വര്‍ദ്ധന വരുത്തിയതിനാല്‍ സ്റ്റാംപ് ഡ്യൂട്ടിയില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസില്‍ നിന്നുമുള്ള വരുമാനം ഗണ്യമായി കുറഞ്ഞു.  കേന്ദ്ര സര്‍ക്കാര്‍ കടമെടുക്കാന്‍ സമ്മതിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7389 കോടി രൂപ നിശ്ചയിച്ച പരിധിക്കപ്പുറം സംസ്ഥാനം വായ്പയെടുത്തിട്ടുണ്ട്.
ബഡ്ജറ്റുകളില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ മേഖലകളിലും നികുതി പിരിവ് ഏര്‍പ്പെടുത്തിയിട്ടും വരുമാനം വര്‍ദ്ധിച്ചെന്ന് മാത്രമല്ല വരവില്‍ വന്‍ ഇടിവുമാണുണ്ടായിട്ടുള്ളത്. ജിഎസ്ടി വരുമാനം 2017 കോടി അധികം ലഭിച്ചെങ്കിലും ടാര്‍ഗറ്റ് 100% കൈവരിക്കാനായില്ല. ലോട്ടറി ഉള്‍പ്പെടെയുള്ള നികുതി ഇതര വരുമാന സ്രോതസ്സുകളില്‍ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ കടമെടുപ്പ് വര്‍ദ്ധിപ്പിച്ചാണ് പിടിച്ചു നില്‍ക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയാണ് വര്‍ഷം തോറും അധിക കടമായി എടുക്കുന്നത്. കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാരോപിച്ച് കേരളം സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. എത്രനാള്‍ ഇങ്ങനെ കടം വാങ്ങി നമുക്ക് പിടിച്ച് നില്‍ക്കാനാവും. ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കാതെ നമുക്ക് നില നില്‍ക്കനാവില്ല.
സംസ്ഥാനത്ത് പിരിച്ചെടുക്കേണ്ട വരുമാനം സംഭരിക്കുന്നതില്‍ വലിയ കുറവാണുണ്ടായിട്ടുള്ളതെന്ന് എക്കൗണ്ടന്റ് ജനറലിന്റെ കണക്കുകള്‍ വിളിച്ചോതുകയാണ്. ഇക്കാര്യത്തില്‍ വന്ന പോരായ്മകള്‍ സര്‍ക്കാര്‍ പരിശോധിച്ച് ഈ സാമ്പത്തിക വര്‍ഷം അത് നികത്താനും നടപടിയുണ്ടാവണം. കേരളം ഇല്ലാകഥകളുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയാണെന്ന് കേന്ദ്രം ഭരിച്ചിരുന്നവര്‍ ആക്ഷോപമുന്നയിച്ചതിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ക്കൊന്നും ഇടം കൊടുക്കാതെ നമ്മുടെ ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരും ജനങ്ങളും കൈകോര്‍ക്കണം. ജനങ്ങള്‍ക്ക് അതിനാവശ്യമായ ഗൈഡന്‍സും, സാമ്പത്തിക സൗകര്യങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണം. ഈ രംഗത്തെ വിദഗ്ധരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോയി കേരളത്തെ സ്വയം പര്യാപ്തതയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റുകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെങ്കില്‍ അര്‍ഹമായത് പുന:സ്ഥാപിക്കണം. ഫെഡറലിസത്തിന്റെ അന്ത:സത്തക്കിണങ്ങുംവിധം ഊഷ്്മളമായ ബന്ധമാണ് കേന്ദ്രവും, കേരളവും തമ്മിലുണ്ടാവേണ്ടത്. സംസ്ഥാനത്തെ വരവിലുണ്ടായ കുറവുകള്‍ പരിഹരിക്കാനും, കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് നയിക്കാനും ബന്ധപ്പെട്ടവര്‍ ശക്തമായി ഇടപെടണം.

സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം

 വര്‍ദ്ധിപ്പിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *