കര്‍ഷകസമരവുമായി ബന്ധപ്പെട്ട പോസ്റ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന് കേന്ദ്രം; വിയോജിച്ച് എക്‌സ്

കര്‍ഷകസമരവുമായി ബന്ധപ്പെട്ട പോസ്റ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന് കേന്ദ്രം; വിയോജിച്ച് എക്‌സ്

കര്‍ഷകസമരവുമായി ബന്ധപ്പെട്ട പോസ്റ്റുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടമാക്കി സമൂഹമാധ്യമമായ എക്‌സ്. ഈ അക്കൗണ്ടുകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്ന് എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് പ്രതികരിച്ചു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഐടി മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു.

‘പിഴയ്ക്കും ശിക്ഷയ്ക്കും കാരണമാകുന്ന പ്രത്യേക പോസ്റ്റുകളുടെയും അക്കൗണ്ടുകളുടെയും കാര്യത്തില്‍ നടപടിയെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന് അനുസൃതമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രം ഞങ്ങള്‍ തടയും. എന്നാല്‍ ഈ നടപടിയോട് ഞങ്ങള്‍ വിയോജിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഈ പോസ്റ്റുകളിലേക്കും വ്യാപിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു,’എക്‌സിന്റെ കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ബ്ലോക്കിങ് ഉത്തരവുകള്‍ക്കെതിരായ റിട്ട് അപ്പീല്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണെന്നും സുതാര്യത പരിഗണിച്ച് ഉത്തരവ് പരസ്യമാക്കണമെന്നും എക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജ്യതലസ്ഥാനത്തേക്കുള്ള കര്‍ഷക സംഘടനകളുടെ മാര്‍ച്ച് ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ പോലീസുമായുള്ള സംഘര്‍ഷത്തിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ടതിനുപിന്നാലെ രണ്ട് ദിവസത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഭട്ടിന്‍ഡയില്‍ നിന്നുള്ള ശുഭകരന്‍ സിങ് (21) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടന്നത്. കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് നിരന്തരം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.

 

 

 

കര്‍ഷകസമരവുമായി ബന്ധപ്പെട്ട പോസ്റ്റുകളും
അക്കൗണ്ടുകളും നീക്കണമെന്ന് കേന്ദ്രം; വിയോജിച്ച് എക്‌സ്

 

Share

Leave a Reply

Your email address will not be published. Required fields are marked *