ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിനെക്കുറിച്ചുള്ള പഠന റിപ്പേര്‍ട്ട് സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അടുത്തയാഴ്ച സമര്‍പ്പിക്കും. അതിനുശേഷം ഉടന്‍ തന്നെ നിയമസഭാ സമ്മേളനം ചേര്‍ത്ത് ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
പുഷ്കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്.
ലിംഗസമത്വത്തിനും കുടുംബ സ്വത്തുക്കളില്‍ പെണ്മക്കള്ക്ക് തുല്യാവകാശത്തിനും ഊന്നല്‍ നല്‍കുന്നതാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് എന്നാണ് വിവരം. സ്ത്രീകളുടെ വിവാഹപ്രായം 18 ആയി നിലനിര്‍ത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. വിവാഹ രജിസ്ട്രേഷന്, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ സംരക്ഷണം, സംസ്ഥാനാന്തര സ്വത്തവകാശം, പരിപാലനം തുടങ്ങിയ വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിലാണ് ബില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം വിവാഹങ്ങള്‍ക്കുള്ള ഏതെങ്കിലും മതപരമായ ആചാരങ്ങളെ സ്പര്ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
