ഹമാസിനെ വേരോടെ പിഴുതെറിയും ഇസ്രയേല്‍

ഹമാസിനെ വേരോടെ പിഴുതെറിയും ഇസ്രയേല്‍

ജറുസലം: ഗാസയില്‍ നിന്ന് ഹമാസിനെ വേരോടെ പിഴുതെറിയുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റം. ഗാസ നഗരം പൂര്‍ണ്ണമായും വളഞ്ഞുവെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു്. ഒക്ടോബര്‍ ഏഴിന് ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയില്‍ ആരംഭിച്ച പ്രത്യാക്രമണം, ഒരു മാസം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ്, ഗാസ വളഞ്ഞതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങള്‍ ഒന്നടങ്കം വെടിനിര്‍ത്തല്‍ എന്ന ആവശ്യം ഉയര്‍ത്തുമ്പോഴും, അതു പരിഗണനയില്‍ പോലുമില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.

അതേസമയം, ഗാസയില്‍ ഉടനീളമുള്ള ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കി ഹമാസ് ശക്തമായി പ്രതിരോധിക്കുന്നതായാണ് വിവരം. ഗാസയില്‍ കടക്കുന്ന ഇസ്രയേല്‍ സൈനികരെ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കുമെന്ന ഭീഷണിയുമായി ഹമാസും നിലയുറപ്പിക്കുന്നു. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000ത്തിന് അടുത്തെത്തി. അതില്‍ ഏറിയ പങ്കും കുട്ടികളും സ്ത്രീകളുമാണ്. ആയിരക്കണക്കിന് ആളുകള്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. ഗാസ വളഞ്ഞ് ഇസ്രയേല്‍ സൈന്യം നടത്തുന്ന മുന്നേറ്റം ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് അടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ആശങ്കയുണ്ട്.

ഗാസ നഗരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു ഹമാസിന്റെ മറുപടി. തുരങ്കങ്ങളില്‍നിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിര്‍ത്തും വഴിയില്‍ കുഴിബോംബുകൊണ്ടു കെണിയൊരുക്കിയും സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്.

ഇസ്രയേല്‍ കരയുദ്ധം കനപ്പിക്കുന്നതിനിടെ, ഗാസയിലെ സ്ഥിതി കൂടുതല്‍ മോശമാവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ 35 ആശുപത്രികള്‍ ഇതിനകം പ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞു. അവയില്‍ പലതും ഇപ്പോള്‍ അഭയാര്‍ഥി ക്യാംപുകളായി. ആശുപത്രികളുടെ വരാന്തകളില്‍പ്പോലും ആളുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനം മുടങ്ങുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു.

ആയിരത്തിലേറെ ഡയാലിസിസ് രോഗികളും മാസം തികയാതെ പിറന്ന് ഇന്‍കുബേറ്ററിലുള്ള 130 നവജാത ശിശുക്കളും മരണം മുന്നില്‍ക്കാണുകയാണെന്ന് സംഘടന പറഞ്ഞു. ഗാസയിലെ ഇന്തൊനീഷ്യന്‍ ഹോസ്പിറ്റലിലെ പ്രധാന ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു. ഗാസയ്ക്ക് നിലവില്‍ ഇസ്രയേലിന്റെ ഇന്ധനവിലക്കുണ്ട്. ഇന്ധനം അനുവദിച്ചാല്‍ ഹമാസ് അതു സൈനിക ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *