കോഴിക്കോട്: കോവിഡിന്റെ പേരിൽ കലാകാരന്മാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും, പരിപാടികൾ അവതരിപ്പിക്കാൻ സൗകര്യമൊരുക്കണമെന്നും മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് പ്ലയേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി കോവിഡിന്റെ ഭീഷണിയിൽ തൊഴിൽ ലഭിക്കാതെ കഷ്ടപ്പെടുകയാണ് കലാകാരന്മാരും അവരുടെ കുടുംബാംഗങ്ങളും. ഈ വർഷത്തെ സീസൺ കാലത്തെങ്കിലും പരിപാടികൾ നടത്താൻ സാധിച്ചില്ലെങ്കിൽ വലിയ പ്രയാസം നേരിടേണ്ടി വരും. കലാകാരന്മാർക്ക് പരിപാടികൾ അവതരിപ്പിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് 22ന് കാലത്ത് കിഡ്സൺ കോർണറിൽ കലാകാരന്മാരും, കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രതിഷേധ സമരം സംഘടിപ്പിക്കും. സെക്രട്ടറി ശ്രീകാന്ത് ഹരിദാസ്, അജിത്ത്ബാബു, ഷിജിഷ്.എം, ഷാദി കിഴിശ്ശേരി പങ്കെടുത്തു.