തിരുവനന്തപുരം: പരുമല ആശുപത്രിയിലെ വധശ്രമ കേസില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. കേസ് പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന് നിര്‍ദേശം നല്കി. പുളിക്കീഴ് എസ്എച്ച്ഒക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഓഗസ്റ്റ് 5ന് പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് സംഭവം നടന്നത്. പ്രസവിച്ചു കിടന്ന യുവതിയെ അനുഷ ഒഴിഞ്ഞ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അനുഷയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ സ്നേഹയ്ക്ക് നേരെയാണ് വധശ്രമം ഉണ്ടായത്.
സംഭവത്തില്‍ സ്നേഹയുടെ ഭര്‍ത്താവ് അരുണിനെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. അനുഷ ആശുപത്രിയില്‍ എത്തിയത് സ്നേഹയെ കൊല്ലുവാനുറപ്പിച്ച് തന്നെയാണെന്നാണ് പൊലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
എയര്‍ എംബോളിസം പ്രയോഗിച്ചത് പൂര്‍ണ ബോധ്യത്തോടെയാണെന്നും പ്രതിക്ക് വൈദ്യശാസ്ത്രപരായ അറിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വധശ്രമത്തിന് കാരണം പരാതിക്കാരിയുടെ ഭര്‍ത്താവുമായി അനുഷയ്ക്കുള്ള അടുപ്പമാണന്നും റിപ്പോര്‍ട്ടിലുണ്ട്.
