ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന് സസ്പെന്ഷന്. ഒരു രാജ്യസഭാംഗത്തിന് ചേരാത്ത അനിയന്ത്രിതമായ പെരുമാറ്റം’ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്. വര്‍ഷകാല സമ്മേളനം അവസാനിക്കും വരെയാണ് സസ്പെന്ഷന്. സഭാനടപടികള്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയര്‍മാനെ അനുസരിക്കാതിരിക്കുകയും ചെയ്തതിന് സഭാനേതാവ് പിയൂഷ് ഗോയലാണ് പ്രമേയം അവതരിപ്പിച്ചത്.
2023ലെ ഗവ. ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്ലിനെ കുറിച്ചുള്ള പ്രസംഗം നിര്‍ത്താന്‍ ടി.എം.സി അംഗം വിസമ്മതിക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെ സഭാധ്യക്ഷനായ ജഗദീപ് ധന്‍ഖര്‍ ക്ഷുഭിതനായിരുന്നു.’ഇത് നിങ്ങള്‍ ശീലമാക്കിയിരിക്കുയാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്യുന്നത്, ഇതെല്ലാം തന്ത്രങ്ങളുടെ ഭാഗമാണ്’ ധന്‍ഖര്‍ പറഞ്ഞു. സസ്പെന്ഷന് ഉത്തരവിന് പിന്നാലെ സഭ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് രാജ്യസഭ 12 മണി വരെ നിര്‍ത്തിവച്ചു.
