കോഴിക്കോട്: മനുഷ്യന്റെ ഇന്ദ്രിയാനുഭവങ്ങൾ ഉണർത്തി, വ്യത്യസ്ത തലത്തിൽ അവതരിപ്പിക്കുന്ന മരണാനുകരണം എന്ന നാടകം കോഴിക്കോട് സാമൂതിരി സ്കൂളിൽ അരങ്ങേറി. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകം ഒരേ സമയം 15 പേർക്ക് ദർശിക്കാനാകും. ജനുവരി ഒന്നുവരെ വൈകിട്ട് ആറരക്കും, എട്ടരക്കും രണ്ട് അവതരണങ്ങൾ നടക്കും. രുചി സ്പർശം, കാഴ്ച, മണം, വെള്ളം അഗ്നി, മണ്ണ് തുടങ്ങിയ ദൈവസ്പർശനങ്ങളുടെ സംയോജനത്തിലൂടെ അഭിനേതാക്കൾക്കൊപ്പം കാണികളും ചേർന്നാണ് നാടകാവതരണം ശ്രദ്ധേയമാകുന്നത്. എപ്പോൾ വേണമെങ്കിലും മാറ്റി എഴുതപ്പെടാൻ സാധ്യതയുള്ള മനുഷ്യ ജീവിതത്തിന്റെ അരക്ഷിതത്വവും അസന്നിഗ്ധവുമായ അവസ്ഥകളെ ഒരു മറയുമില്ലാതെ ആൻ ഇമിറ്റേഷൻ ഓഫ് ഡെത്ത് (മരണാനുഭവം) എന്ന നാടകത്തിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നു. നടനും സംവിധായകനും എഴുത്തുകാരനുമായ എമിൽ മാധവിയാണ് നാടകം സംവിധാനം ചെയ്തിട്ടുള്ളത്. ഓരോ അഭിനേതാവും ഓരോ ഇടങ്ങളായി മാറുകയും, ആ ഇടം മരണത്തെക്കുറിച്ച് സംസാരിക്കുകയും മരണമെന്നത് ജീവിതം തന്നെയാകുന്നതും നാടകാവിഷ്കാരമായി അരങ്ങത്തെത്തുന്നുണ്ട്. 16 അഭിനേതാക്കൾ 18 ഇടങ്ങളെ അവതരണ ഇടങ്ങളാക്കി പരിവർത്തിപ്പിക്കുന്നുണ്ട്. മരണം എന്നത് ജീവിതം തന്നെയാണെന്നും മരിക്കാൻ നമുക്ക് അവകാശമുണ്ട് എന്ന് പറയുമ്പോൾ അത് കൊല്ലപ്പെടാതിരിക്കാനുള്ള അവകാശം കൂടിയാകുന്നുണ്ട്. അവിടെയാണ് നാടകം രാഷ്ട്രീയ മണ്ഡലത്തിൽ സംവദിക്കുന്നത്. കോഴിക്കോട് കോക്കല്ലൂർ സ്കൂളിലെ പൂർവ്വ വിദ്യാർതഥി സംഗമമായ മാവറിക്സ് ആണ് നാടക സംഘാടനം. മണി.ഇഷ,നിവേദ്, പി.എസ്.സായന്ദ്, പുണ്യ, വിസ്്മയ, യദു, അനില, അതുൽരാജ്, അശ്വിൻ, വൽസല, പ്രണവ്, ആദിത്യൻ, ഗണേശൻ, രാമചന്ദ്രൻ, ഹരീന്ദ്രനാഥ്, മനിയ എന്നിവരാണ് അഭിനേതാക്കൾ.

