കോഴിക്കോട്: വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് ബംഗാളിൽ പരവതാനി വിരിച്ച ബുദ്ധദേവിന്റെ ഗതിയാണ്, ജനഹിതം മാനിക്കാതെ കെ.റെയിൽ നടപ്പിലാക്കിയാൽ പിണറായിയെ കാത്തിരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. വല്ലാർപാടം പദ്ധതിക്കായി മൂലമ്പള്ളിയിൽ 316 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാകാത്ത സംസ്ഥാന സർക്കാർ, കെ.റെയിൽ നടപ്പിലാക്കുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന 20,000 കുടുംബങ്ങളെയും, ലക്ഷത്തിലധികം ആളുകളെയും എങ്ങനെ പുനരധിവസിപ്പിക്കും. കെ.റെയിലിന് പണം കണ്ടെത്തുന്നത് വായ്പയെടുത്താണ്. ജപ്പാനിൽ നിന്ന് വായ്പ കിട്ടണമെങ്കിൽ അവിടെ കാലഹരണപ്പെട്ട വണ്ടികൾ ഇവിടെ ഇറക്കുമതി ചെയ്യണം. ഇപ്പോൾതന്നെ സംസ്ഥാനം ലക്ഷക്കണക്കിന് കോടി രൂപ കടത്തിലാണ്. ഇനിയും വായ്പ എടുത്ത് കൂടുതൽ കടക്കാരാകരുത്. പരിസ്ഥിതി സാമൂഹികാഘാത പഠനം നടത്താതെ ഉണ്ടാക്കിയ ഡി.പി.ആർ(വിശദ പദ്ധതി റിപ്പോർട്ട്) ആണ് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്. ഇത് പോരാത്തതിനാൽ പുതിയ കമ്പനിയെ ഏൽപ്പിച്ചിരിക്കുകയാണ്. അവരുടെ റിപ്പോർട്ടിന് 14 മാസം കാത്തിരിക്കണം. ഇന്ത്യൻ റെയിൽവെ നടപ്പാക്കുന്ന ഹൈസ്പീഡ് പദ്ധതികളിലൂടെ തന്നെ കെ.റെയിലിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാനാകും. അതിനു മുൻപ് എന്തിനാണ് ഈ പദ്ധതിയെന്നദ്ദേഹം ചോദിച്ചു. മാധ്യമ പ്രവർത്തകൻ ജിബിൻ മൂഴിക്കലിന്റെ അനുസ്മരണ സമ്മേളനത്തിൽ വികസനവും പരിസ്ഥിതിയും പാളം തെറ്റുമ്പോൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ര പ്രവർത്തനം സമർപ്പണമാണ്. മാഫിയകൾക്കെതിരെ, അനീതിക്കെതിരെ പോരാടാൻ കഴിയുന്ന പത്രപ്രവർത്തകരുടെ എണ്ണം കുറയുകയാണ്. പാർലമെന്ററി ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ‘പ്രസ്സ് ഈസ് എക്സ്റ്റൻഷൻ ഓഫ് പാർലമെന്റ് ‘എന്നാണ് നെഹ്‌റു പറഞ്ഞത്. പാർലമെന്റ് എന്താണോ ചെയ്യുന്നത് അതിനേക്കാൾ വിപൂലീകരിച്ച് പത്രങ്ങൾ ചെയ്യുന്നു എന്നർത്ഥം. മുൻകാലങ്ങളിൽ 90% അടിയന്തിര പ്രമേയങ്ങൾക്കും ആധാരം പത്ര വാർത്തകളായിരുന്നു. മോദി സർക്കാർ പാർലമെന്റിൽ പത്ര പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ചില മാധ്യമങ്ങൾക്ക് നറുക്കിട്ടെടുത്താണ് പാർലമെന്റിൽ പ്രവേശനം നൽകുന്നത്. ജനാധിപത്യത്തിലും, മതേതരത്വത്തിലും വിശ്വസിക്കുന്നവർ മാധ്യമ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തണം. വർഗ്ഗീയ-കോർപ്പറേറ്റ് മൂലധന ശക്തികൾ മാധ്യമങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്നുണ്ട്. ചടങ്ങിൽ രമേശ് കോട്ടൂളി സ്വാഗതം പറഞ്ഞു. കെ.പി.സജീവൻ, അരുൺ തോമസ്, അജയ് ശ്രീകാന്ത് സംസാരിച്ചു.