രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; സ്റ്റേ ഇല്ല

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; സ്റ്റേ ഇല്ല

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി.

മാര്‍ച്ചില്‍ സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. ഇതേത്തുടര്‍ന്ന് രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് അയോഗ്യനാക്കിയത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ കോലാറിലാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. നീരവ് മോദി, ലളിത് മോദി തുടങ്ങി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പരാമര്‍ശം മോദി സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രാഹുലിന്റെ അപ്പീല്‍ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

സമാനമായ കേസ് ജാര്‍ഖണ്ഡിലും ബിഹാറിലും രാഹുല്‍ ഗാന്ധിക്കെതിരെ നിലനില്‍ക്കുന്നുണ്ട്. കേസില്‍ രാഹുല്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തനിക്കെതിരായ കേസില്‍ നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്.കെ ദ്വിവേദി അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 16 വരെ രാഹുലിനെതിരേ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പോലിസിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ബിഹാറിലെ കേസില്‍ മൊഴിയെടുക്കുന്നതിന് രാഹുല്‍ ഹാജരാകണമെന്ന് പറ്റ്നയിലെ എം.പി/എം.എല്‍.എ കോടതി രാഹുലിനോട് ഏപ്രില്‍ ഒന്നിന് ഉത്തരവിട്ടിരുന്നു. ബി.ജെ.പി എം.പി സുശീല്‍ കുമാര്‍ മോദിയുടെ പരാതിയിലായിരുന്നു ഉത്തരവ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *