ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്ക് എത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ അധികൃതർ അഗാർക്കറെ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരിയിൽ ഒരു വാർത്താചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിൽ കുരുങ്ങി ചേതൻ ശർമ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്ക് ഇതുവരേയും മറ്റാരും എത്തിയിട്ടില്ല.
നിലവിൽ ഒരു കോടി രൂപയുള്ള ചീഫ് സെലക്ടറുടെ വാർഷിക ശമ്പളം ഉയർത്താമെന്ന വാഗ്ദാനവും ബിസിസിഐ അധികൃതർ അഗാർക്കർക്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം.ഇതോടെ അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കുകയായിരുന്നു. അപേക്ഷകരുടെ പട്ടികയിലെ പ്രധാനിയും അഗാർക്കറാണ്.
ഐപിഎൽ ടീം ഡൽഹി ക്യാപ്പിറ്റൽസിന്റെ സഹപരിശീകനായിരുന്ന അഗാർക്കർ വ്യാഴാഴ്ച സ്ഥാനം രാജിവെച്ചതോടെ അഗാർക്കർ ചീഫ് സെലക്ടറായേക്കുമെന്ന അഭ്യൂഹം ശക്തമാവുകയും ചെയ്തു.