കെയര്‍ഗിവിംഗ്, ജെറിയാട്രിക്ക് കോഴ്‌സുകള്‍; ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ധാരണാ പത്രം ഒപ്പ് വച്ചു

 കെയര്‍ഗിവിംഗ്, ജെറിയാട്രിക്ക് കോഴ്‌സുകള്‍; ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ധാരണാ പത്രം ഒപ്പ് വച്ചു

കൊല്ലം: വര്‍ദ്ധിച്ചുവരുന്ന കെയര്‍ഗിവിംഗ്, ജെറിയാട്രിക്ക് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ മുന്നില്‍ക്കണ്ട്, നൈപുണ്യ വികസന കോഴ്‌സുകള്‍ സംയുക്തമായി ആരംഭിക്കുന്നതിനായി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള, ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ പ്രായോഗിക പരിശീലനം നല്‍കിയ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ഗിവിംഗും(ജി.ഐ.എ.എസ്) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സംസ്ഥാനത്ത് ഒരു യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ ആരംഭിക്കുന്ന ആദ്യത്തെ കെയര്‍ഗിവിംഗ്, ജെറിയാട്രിക്ക് തൊഴിലധിഷ്ഠിത പ്രോഗ്രാമാണിത്. ആദ്യ ഘട്ടത്തില്‍ ‘സര്‍ട്ടിഫിക്കറ്റ് ഇന്‍ കെയര്‍ഗിവിംഗ്’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും തുടര്‍ന്ന് ഡിപ്ലോമ പ്രോഗ്രാമുകളും ഉടന്‍ ആരംഭിക്കും. വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജഗതി രാജ് വി. പി. യുടെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ പ്രൊഫ. ഡോ. അഭിലാഷ് ബാബു, ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ഗിവിംങ്ങ് ഡയറക്ടര്‍ ജോസഫ് എന്നിവര്‍ ധാരണാപത്രം ഒപ്പുവച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത പഠന കേന്ദ്രങ്ങളിലൂടെയും ഓണ്‍ലൈനായും പ്രായോഗിക പരിശീലനത്തിനായി ജി.എ.ഐ.സി വിവിധ കേന്ദ്രങ്ങളിലൂടെയുമാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്. ഇന്ത്യയിലെ മികച്ച പ്രായോഗിക പരിശീലനം ലഭിച്ച ശാസ്ത്രീയമായുള്ള കെയര്‍ഗിവിംഗ് പരിശീലന കോഴ്‌സുകളുടെ പട്ടികയില്‍ ഗാര്‍ഡിയന്‍ എയ്ഞ്ചലിന്റെ ‘കെയര്‍ഗിവര്‍ ട്രെയിനിംഗ് പ്രോഗ്രാം’, ‘ഫാമിലി കെയര്‍ഗിവര്‍ ട്രെയിനിംഗ്’ എന്നിവയെ നിതി ആയോഗ് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റിനൊപ്പം എന്‍.സി.വി.ആര്‍.ടി സര്‍ട്ടിഫിക്കറ്റും കൂടി നല്‍കുന്നതുകൊണ്ട് ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുണ്ടാകും.

യുകെ, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ കെയര്‍ഗിവര്‍മാര്‍ക്ക് വന്‍ തൊഴില്‍ സാധ്യതയാണുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാസ്ത്രീയമായ പരിശീലനവും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിലൂടെ പഠിതാക്കള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി നേടാനുള്ള വാതിലുകള്‍ തുറക്കപ്പെടും. അങ്ങനെ ഈ മേഖലയില്‍ പഠിതാക്കള്‍ക്ക് മെച്ചപ്പെട്ട ഗ്ലോബല്‍ കരിയര്‍ പാതകള്‍ തുറക്കുകയാണ്.എന്‍ എസ് ഡി സി ലെവല്‍ 4 മാനദണ്ഡങ്ങളനുസരിച്ച് മികച്ച ശാസ്ത്രീയമായ പരിശീലനം ലഭിക്കുന്ന മികച്ച അത്യാധുനിക ലാബുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും പഠിതാക്കള്‍ക്ക് ലഭിക്കും. പേയ്ഡ് ഇന്റേണ്‍ഷിപ്പും പൂര്‍ണ്ണ പ്ലേസ്മെന്റ് സഹായവും ഇരു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലഭ്യമാക്കും. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഈ നൂതന പ്രോഗ്രാമിലൂടെ ഈ മേഖലയില്‍ കഴിവും നല്ല പ്രാവീണ്യവുമുള്ള കെയര്‍ഗിവര്‍മാരെ വാര്‍ത്തെടുക്കാനും, പ്രായമായവര്‍ക്കും പരിചരണം ആവശ്യമുള്ളവര്‍ക്കും വ്യക്തിഗതവും ശാസ്ത്രീയവുമായ പരിചരണം ലഭ്യമാക്കാനും സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘സര്‍ട്ടിഫിക്കറ്റ് ഇന്‍ കെയര്‍ഗിവിംഗ്’ കോഴ്‌സിനൊപ്പം ഉടന്‍ തന്നെ ഡിപ്ലോമ ഇന്‍ കെയര്‍ഗിവിംഗ് കോഴ്‌സുകളും സ്ഥാപനവുമായി സഹകരിച്ചു ഉടന്‍ ആരംഭിക്കും.

ആഗോളതലത്തില്‍ വയോജന പരിപാലന രംഗത്ത് അതിവേഗം വളരുന്ന ധാരാളം തൊഴിലവസരങ്ങള്‍ കണക്കിലെടുത്താണ് യൂണിവേഴ്‌സിറ്റി ഈ നൂതന പദ്ധതിക്ക് തുടക്കമിടുന്നതെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജഗതി രാജ് വി പി പറഞ്ഞു. കൃത്യമായ ശാസ്ത്രീയമായ പ്രായോഗിക പരിശീലനവും അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യവും സമന്യയിപ്പിച്ചുകൊണ്ട് പഠിതാക്കള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും മികച്ച കരിയര്‍ ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ഈ കെയര്‍ഗിവര്‍ പ്രോഗ്രാം ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിലധിഷ്ഠിത കോഴ്‌സുകളിലും പുതിയൊരു ചരിത്ര വഴിത്തിരിവാകും എന്ന് അദ്ദേഹം പറഞ്ഞു.
ഫിനാന്‍സ് ഓഫീസര്‍ ശരണ്യ എം എസ്, പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. ഡോ.അനന്തരശ്മി എസ്.,പി ആര്‍ ഒ ശാലിനി കെ എസ്, കോഴ്‌സ് കോര്‍ഡിനേറ്റര്‍മാരായ ഡോ. മായ രവീന്ദ്രന്‍, ഫൗസിയ ഷുക്കൂര്‍, സെക്ഷന്‍ ഓഫീസര്‍ റോബിന്‍ സേവ്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

 

 

കെയര്‍ഗിവിംഗ്, ജെറിയാട്രിക്ക് കോഴ്‌സുകള്‍; ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും
ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ധാരണാ പത്രം ഒപ്പ് വച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *