അപകടങ്ങളുണ്ടാക്കുന്ന നൊമ്പരങ്ങള്‍
പത്തൊമ്പതുകാരന് ഓടിച്ച മിനികൂപ്പര്‍ ഇടിച്ച് മൂന്ന് വിലപ്പെട്ട ജീവന് നഷ്ടപ്പെട്ട വാര്‍ത്തയും, പതിനേഴ്കാരനോടിച്ച ബെന്‍സിടിച്ച് മറ്റൊരു മരണവുമാണ് നടന്നത്. രണ്ട് സംഭവങ്ങളും കേരള മനഃസാക്ഷിയെ നടുക്കുന്നതാണ്. രണ്ടിലും കുട്ടികളാണ് പ്രതികള്‍. ഈ രണ്ട് സംഭവങ്ങളിലും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്നാലിത്തരം സംഭവങ്ങള്‍ എന്ത്കൊണ്ടുണ്ടാവുന്നു എന്ന ചോദ്യം നമുക്ക് മുന്പിലുയരുകയാണ്. മിനികൂപ്പറോടിച്ചയാള് മദ്യപിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തുന്നുണ്ട്. വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ മക്കളാണ് നിയന്ത്രണങ്ങളില്ലാതെ വാഹനമോടിച്ച് ദുരന്തമുണ്ടാക്കിയെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. മക്കളെ നിയന്ത്രിക്കാന്‍ രക്ഷിതാക്കള്ക്കാവുന്നില്ലേ, സുഖ സൗകര്യങ്ങളില്‍ മതിമറക്കുകയാണോ പുതു തലമുറ എന്നീ ചോദ്യങ്ങളും പ്രസക്തമാണ്. ആഭ്യന്തര മന്ത്രി ഇടപെട്ടപ്പോഴാണ് അഡീഷണല്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്റെ പേരില്‍ കേസ്സെടുത്തത്. ഇതെല്ലാം നാമെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യമുയര്‍ത്തുന്നു.
ഗവര്‍ണറുടെ വരവും സെക്രട്ടേറിയന് ചര്‍ച്ചയും
ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ഭക്ഷണ വിവാദമുണ്ടായത്. കേട്ടത് പാതി കേള്‍ക്കാത്തത് പാതി ആഹാര തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിനായി നേതാക്കളും എടുത്തുചാടി. സ്വതന്ത്ര തിരഞ്ഞെടുപ്പിനായി സമരം ചെയ്യുന്ന പാര്‍ട്ടിയുടെ ദേശീയ നേതാവ് കെ.സി.വേണുഗോപാലിന് തിരിഞ്ഞും, മറിഞ്ഞും നോക്കാനില്ലായിരുന്ന ആഹാരത്തിലെ വിവേചനം രാഷ്ട്രീയ അജണ്ടയുടെ തുടര്‍ച്ചയാണെന്ന വാദമുഖവും രംഗത്ത് വരാനിടയാക്കിയത്. രാജ് ഭവനിലെ വെജിറ്റേറിയന്‍ വിവാദത്തില്‍ തനിക്കും ഭാര്യക്കും മാത്രമാണ് വെജിറ്റേറിയന്‍ നിഷ്ക്കര്ഷിച്ചതെന്ന തിരുത്ത് ഗവര്‍ണര്‍ ഭവനില്‍ നിന്ന് പിന്നീടാണ് പുറത്തേക്ക് വന്നത്. ഗവര്‍ണര്‍ എന്ന പദം കേട്ടാല്‍ ശുണ്ഠിപിടിക്കുന്ന എം.വി.ഗോവിന്ദന് മാസ്റ്റര്‍, ഗവര്‍ണര്‍ പദവിമൂലം തന്റെ പാര്‍ട്ടിക്കുണ്ടായ പീഢനങ്ങളാണ് എണ്ണിയെണ്ണി പറഞ്ഞത്. കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഗവര്‍ണര്‍മാരെ എതിര്‍ക്കുന്നതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അടുത്ത 30 കൊല്ലത്തേക്ക് ഗവര്‍ണര്‍മാരെ നിയമിക്കാനുള്ള അധികാരം കോണ്‍ഗ്രസ്സിന് ലഭിക്കില്ലെന്ന് ആഭ്യന്ത്ര മന്ത്രി അമിത്ഷാ പറയുമ്പോള്‍, ഗോവിന്ദന് മാസ്റ്ററുടെ പാര്‍ട്ടി 100 കൊല്ലത്തേക്കെങ്കിലും അത് സ്വപ്നം കാണാതിരിക്കുകയാണ് ബുദ്ധി.
പിഎസ്എസിക്കിട്ടൊരു തട്ട്
നിലവില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പോകുന്ന പോക്കില്‍ ഭരണഘടനാ സ്ഥാപനമായ പിഎസ്സിക്കിട്ടൊരു കൂറ്റന്‍ തട്ടുകൊടുത്തിട്ടാണ് യാത്രയാവുന്നത്. പി എസ് എസിയില്‍ ഗുരുതര ക്രമക്കേടാണെന്നും രാഷ്ട്രപതി പി എസ് എസി യെ പിരിച്ചുവിടണമെന്നുമാണ് അങ്ങേര് ശുപാര്‍ശ നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ കയ്യിലാക്കിയും, അട്ടിമറിച്ചുമുള്ള ബിജെപിയുടെ നടപടികളുടെ തുടര്‍ച്ചയാണിതെന്നാണ് സിപിഎം ആരോപിക്കുന്നത്. നിലവിലെ പി എസ് സി യെ പിരിച്ചുവിട്ടാല്‍ അതില്‍ കണ്ണ് നട്ട് നില്ക്കുന്ന കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സിഎംപി, കേരള കോണ്‍ഗ്രസ്സ്, ആളില്ലാ, അഡ്രസ്സില്ലാ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ പ്രതിനിധികളെ പി എസ് സിയില്‍ തിരുകി കയറ്റാമെന്ന യുഡിഎഫിന്റെ ഗൂഢ അജണ്ടക്ക് പച്ചപരവതാനി വിരിക്കുകയാണ് രാജേന്ദ്ര ആര്‍ലേക്കര്‍ ചെയ്തതെന്നും, വി.ഡി.സതീശന്, സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്നും എകെജി സെന്ററില്‍ അടക്കിപ്പിടിച്ച സംസാരമുണ്ട്. അതിനിടയില്‍ ആര് വന്നാലും നാട് നന്നാവില്ലെന്ന് നാട്ടില്‍ നാട്ടാര്‍ക്കിടയിലും സംസാരമുണ്ട്.
ശക്തിപ്പെടുന്ന എല്‍ഡിഎഫ് – അതിന് ബലം പകരുന്ന ലയനങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലംപരിശായ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ വിശാല പാര്‍ട്ടി സമ്മേളനങ്ങളുമായി സിപിഎം അരങ്ങ് തകര്‍ക്കുമ്പോള്‍ എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ കാഴ്ചക്കാരായി നോക്കിയിരിക്കുന്നത് ശരിയാണോ?
തീരെ ശരിയില്ലെന്ന് തിരിച്ചറിഞ്ഞാണ് എല്‍ഡിഎഫിലെ രണ്ട് ഘടക കക്ഷികള്‍ ഒന്നായി തീരാന്‍ തീരുമാനിച്ചത്. ലയന സമ്മേളനം മൂന്ന് ദിവസം കൊച്ചിയിലാണ് നടന്നത്. മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന് നയിക്കുന്ന എന്‍സിപിയും, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നയിക്കുന്ന കോണ്‍ഗ്രസ്സ് എസ്സുമാണ് ലയിച്ചത്. കോണ്‍ഗ്രസ്സ് (എസും), നാഷലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്നാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപാന്തരപ്പെട്ടത്. ഇതോടെ എല്‍ഡിഎഫ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് നേതാക്കള്‍ ആണയിടുന്നുണ്ട്. എല്ലാവരും ഒത്ത്പിടിച്ചാല്‍ ഇഡിയെവരെ മലര്ത്തിയടിക്കാമെന്നാണ് പൊതു സംസാരം.
ആരോഗ്യ വകുപ്പിലെ പോരാട്ടങ്ങള്‍
സംസ്ഥാന് ആരോഗ്യ വകുപ്പ് കെ.മുരളീധരന് നയിക്കുന്നത് മുന്‍ ആരോഗ്യ മന്ത്രിമാര്ക്കത്ര സുഖിക്കുന്നില്ല. കേവലം അഞ്ച് മാസമായ ആരോഗ്യമന്ത്രിയെ നിലംതൊടീക്കില്ല എന്ന നിലയ്ക്കാണ് മുന്‍ ആരോഗ്യ മന്ത്രിമാരായ പി.കെ.ശ്രീമതി ടീച്ചറും, ശൈലജ ടീച്ചറും, വീണാ ജോര്‍ജും വാളും പരിചയുമായി അങ്കത്തിനിറങ്ങിയത്. യുദ്ധം ആരോ ജയിക്കട്ടെ, പൊതു ജനത്തിന് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ജാഗ്രത വേണമെന്ന് സാരം.
