86 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മാധ്യമ മേഖലയെ തേടി നോബേൽ പ്രൈസ്് എത്തുമ്പോൾ ലോകത്താകമാനമുള്ള മാധ്യമ പ്രവർത്തകർക്ക് ആഹ്ലാദിക്കാം. നിഷ്പക്ഷതയുടെയും ധീരതയുടെയും പ്രതീകങ്ങളായി മരിയ റെസയും, ദിമിത്രി മുടടോവും തലയുയർത്തിപ്പിടിക്കുമ്പോൾ മാധ്യമ ലോകം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് ആവേശം പകരുന്ന കാഴ്ച തന്നെയാണ്. അസത്യ വാർത്തകളുടെ ഘാഷയാത്രകൾ ഭരണകൂടവും അവരുടെ പിന്നണിയാളുകളും പ്രചരിപ്പിക്കുമ്പോൾ, സത്യത്തിന്റെ ശരം നിർഭയമായി തൊടുത്ത് ഭരണകൂടങ്ങളെ വിറപ്പിക്കുന്നവരാണ് ഇരുവരും. ഫിലിപ്പീൻസ് പ്രസ്സ് റോഡ്രിഗോഡുട്ടെർട്ടിന്റെ വിവാദ ലഹരി മരുന്ന് വേട്ടയിലെ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത റാപ്ലർ ന്യൂസ് വെബ് സഹസ്ഥാപകയാണ് റെസ. അധികാരികളുടെ നുണപ്രചരണങ്ങളെ അവർ ശക്തമായി തുറന്നുകാട്ടി. രാജ്യത്ത് ഏകാധിപത്യ പ്രവണതകൾ വർദ്ധിക്കുന്നതിനെതിരെയും റാപ്ലറിലൂടെ ഫിലിപ്പീൻസ് ഭരണകൂടത്തെ വിറപ്പിക്കാനും, അവരുടെ കിരാത നടപടികളെ ലോകത്തിന് മുൻപിലെത്തിക്കാനും മരിയറെസക്ക് സാധിച്ചിരിക്കുന്നു.
റഷ്യൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടത്തിൽ കനത്ത നഷ്ടം സംഭവിച്ചിട്ടും പിന്തിരിയാതെ പോരാടുകയാണ് റഷ്യയിലെ പ്രധാന സ്വതന്ത്ര ദിനപത്രമായ നൊവയ ഗസറ്റ. അതിന്റെ സഹസ്ഥാപകരിലൊരാളാണ് ദിമിത്രിമുറടോവ്. പുടിന്റെ ചെയ്നിയൻ നയത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ ആറ് മാധ്യമ പ്രവർത്തകരെയാണ് ഭരണകൂടം വകവരുത്തിയത്. ലോകപ്രശസ്ത റിപ്പോർട്ടർ അന്നപോളിറ്റ് കോവ്സ്ക്യയും അതിലുൾപ്പെടുന്നു. ജനാധിപത്യം എവിടെയെല്ലാം അട്ടിമറിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം മാധ്യമ സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ ലോകം ഓർക്കുന്നത് അതാണ്. മാധ്യമ പ്രവർത്തകരെ ഉന്നംവെച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന വാർത്തകൾ ഈയടുത്ത കാലത്താണ് അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്ത് വന്നത്. ജനാധിപത്യത്തിന് വിരുദ്ധമായി ഭരണകൂടങ്ങൾ പ്രവർത്തിക്കുമ്പോൾ മാധ്യമങ്ങൾക്ക് കൈയ്യുംകെട്ടി നോക്കിനിൽക്കാനാവില്ല. മാധ്യമ സ്വാതന്ത്ര്യം ഏറ്റവുമധികം അപകടത്തിലായിരുന്ന ഒരു ലോക സാഹചര്യമാണുള്ളത്. നമ്മുടെ രാജ്യത്തും മാധ്യമ സുരക്ഷ കുറഞ്ഞ് വരികയാണ്. ഏകാധിപത്യ പ്രവണതകൾ രാജ്യത്ത് വളർന്നുവരുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. തങ്ങൾക്കിതഹരമല്ലാത്ത വാർത്തകൾ എഴുതുന്നവരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി അന്യായമായി ജയിലിലടയ്ക്കുന്ന സംഭവങ്ങൾ ഇന്ത്യയിൽ ആവർത്തിക്കുകയാണ്. പരമോന്നത നീതിപീഠമായ സുപ്രീം കോടതി പോലും മാധ്യമ പ്രവർത്തകരുടെ നീതിക്കായി ഇടപെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാക്കാൻ ഏത് ഭരണകൂടമായാലും സമ്മതിച്ചുകൂടാ! രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യ മാർഗ്ഗത്തിൽ അധികാരത്തിൽ വരികയും പോകുകയും ചെയ്യും. എന്നാൽ തങ്ങളുടെ ചൊൽപ്പടിക്ക് മാധ്യമങ്ങളെ വളയ്ക്കാൻ ഭരണകൂടങ്ങൾ ശ്രമിച്ചാൽ അവിടെ ചെറുത്ത് നിൽപ്പ് നടത്താൻ നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നതാണ് മരിയറെസയുടേയും, ദിമിത്രി മുറടോവിന്റെയും മാധ്യമ ശൈലി. അതിന്റെ പിന്തുടർച്ചക്കാരായി മാറാനാണ് ഇന്ത്യൻ മാധ്യമ ലോകം ശ്രമിക്കേണ്ടത്.
വസ്തുതകൾ റിപ്പോർട്ട് ചെയ്യാത്ത ലോകമെന്നത് ഏകാധിപത്യത്തിന്റെ അടയാളമാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി മാധ്യമ ലോകം പോരാടിയേ മതിയാകൂ. കേരളത്തിലും തങ്ങൾ വിമർശിക്കപ്പെടുമ്പോൾ രാഷ്ട്രീയ പാർട്ടികളും, ഭരണാധികാരികളും മോശമായി പെരുമാറുകയും കായികമായി അക്രമിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇതിനെയും ചെറുത്തേ മതിയാകൂ. മാധ്യമ പ്രവർത്തനമെന്നാൽ സത്യവും, വസ്തുതയും ജനങ്ങളിലെത്തിക്കലാണ്. അല്ലാതെ ഭരണകൂടങ്ങളുടേയും, കോർപ്പറേറ്റുകളുടേയും കുഴലൂതലല്ല.
ലോകത്തിന് മാതൃകയായി, പൗരാവകാശ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഈ രണ്ട് മഹത് മാധ്യമ പ്രവർത്തകർക്ക് നമുക്ക് അഭിവാദ്യമർപ്പിക്കാം. അവരുടെ ശൈലി മാധ്യമ പ്രവർത്തകരായ മനമുക്ക് മുറുകെ പിടിക്കാം.
