ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞ സംഭവത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരെ കേസ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മാര്‍ച്ച് 29 ന് മാണ്ഡ്യയിലാണ് സംഭവം നടന്നത്.
ബെവിനാഹള്ളിയില്‍ തെരഞ്ഞടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രജ ധ്വനി യാത്രക്കിടെ ബസിന് മുകളില്‍ കയറി നിന്ന് ജനക്കൂട്ടത്തിലേക്ക് നോട്ടുകള്‍ വീശിയെറിയുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാല്‍, താന്‍ ജനങ്ങള്‍ക്കു നേരെയല്ല നോട്ടുകള്‍ എറിഞ്ഞതെന്നാണ് ശിവകുമാറിന്റെ വാദം. റാലിയില്‍ പങ്കെടുത്ത ജനങ്ങള്‍ ദൈവങ്ങളുടെ വിഗ്രഹം തലയില്‍ ചുമന്നിരുന്നു. വിഗ്രഹങ്ങള്‍ക്കു നേരെയാണ് താന്‍ പണം സമര്‍പ്പിച്ചത് എന്നാണ് ശിവകുമാര്‍ പറയുന്നത്. അതേസമയം, റാലിയില്‍ പങ്കെടുത്ത കലാകാരന്മാര്ക്ക് പണം നല്‍കുക മാത്രമാണ് ശിവകുമാര്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരുവിഭാഗം വിലയിരുത്തപ്പെടുന്ന നേതാവാണ് ഡി കെ ശിവകുമാര്‍. കനക്പുര നിയോജക മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ഇക്കുറി ജനവിധി തേടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ശിവകുമാറും സിദ്ധരാമയ്യയും തമ്മില്‍ പോര് രൂക്ഷമാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരെയും ഒരേപോലെ മുന്‍നിരയില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
