ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്കെതിരെ അതിക്രമം; 3 പേര്‍ കസ്റ്റഡിയില്‍

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്കെതിരെ അതിക്രമം; 3 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ രണ്ട് ദിവസം മുമ്പ് നടന്ന ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. ഹോളി ആഘോഷത്തിനിടെ രാജ്യതലസ്ഥാനത്ത് വിദേശ യുവതിക്കു നേരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സംഭവവുമായി ബന്ധപ്പെട്ട മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് ദിവസം മുമ്പാണ് ഹോളി ആഘോഷങ്ങള്‍ ഡല്‍ഹിയില്‍ എല്ലായിടത്തും നടന്നത്. ഡല്‍ഹിയിലെ പഹാഡ്ഗഞ്ചിലാണ് ജാപ്പനീസ് യുവതിയും ഒപ്പമുണ്ടായിരുന്നവരും താമസിച്ചിരുന്നത്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഇവര്‍ തെരുവിലേക്ക് ഇറങ്ങിയ സമയത്താണ് മൂന്നിലധികം ചെറുപ്പക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ബലമായി നിറങ്ങള്‍ തേക്കുകയും പെണ്‍കുട്ടിയോട് അതിക്രമം കാണിക്കുകയും ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള പ്രതിഷേധം ശക്തമായത്. വിദേശത്ത് നിന്ന് ഹോളി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കാണാന്‍ ഇന്ത്യയിലേക്കെത്തിയ ഒരു ടൂറിസ്റ്റിനോട് ഇത്തരത്തിലുള്ള പ്രവര്‍ത്തി ശരിയായില്ല എന്നുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിത കമ്മീഷന്‍ അടക്കം ഇടപെടലുകള്‍ നടത്തിയിരുന്നു. ദൃശ്യങ്ങള്‍ വളരെയധികം പ്രചരിക്കുകയും നിരവധി ആളുകള്‍ ഇതില്‍ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്.

മൂന്ന് പേരെയാണ് ഇത് സംബന്ധിച്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്. ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പെണ്‍കുട്ടി കുടുംബത്തോടൊപ്പം ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി മടങ്ങിപ്പോയി. ട്വിറ്ററിലടക്കം ഇത് സംബന്ധിച്ച് പെണ്‍കുട്ടി പ്രതികരിക്കുന്നുണ്ട്. എന്നാല്‍ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇപ്പോള്‍ ധാക്കയിലുള്ള ഇവരില്‍ നിന്ന് പരാതി എഴുതി വാങ്ങുമെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *