അമിത ഡിജിറ്റലൈസേഷൻ ഹോമിയോ ചികിത്സയുടെ മഹത്വം കുറക്കും ഡോ.എം.ജി.ഉമ്മൻ

അമിത ഡിജിറ്റലൈസേഷൻ ഹോമിയോ ചികിത്സയുടെ മഹത്വം കുറക്കും ഡോ.എം.ജി.ഉമ്മൻ

കോഴിക്കോട്: രോഗിയെ ചികിത്സിക്കുമ്പോൾ രോഗിയെ നേരിൽ കണ്ട് ചികിത്സിക്കുന്ന രീതിയാണ് ഹോമിയോ ചികിത്സക്കുത്തമമെന്നും, ഡിജിറ്റലൈസേഷന്റെ അമിതമായ ഇടപെടൽ ഹോമിയോപ്പതിക്ക് ദോഷം ചെയ്യുമെന്നും സീനിയർ ഹോമിയോ കസൽട്ടന്റ് ഡോ.എം.ജി.ഉമ്മൻ പറഞ്ഞു. ഡോ.കെ.എസ്.പ്രകാശത്തിന്റെ 30-ാം അനുസ്മരണ പരിപാടിയിൽ ഹോമിയോപ്പതി നേരിടുന്ന വെല്ലുവിളികളും, ചെറുത്ത് നിൽപ്പുകളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാട്ടമി പഠിച്ചത് ശവശരീരം കീറിമുറിച്ചായിരുന്നെന്നും, ഇന്ന് യുട്യൂബിലൂടെ അനാട്ടമി പഠിക്കുമ്പോൾ അതിന്റേതായ പോരായ്മകൾ ഉണ്ടാവുന്നുണ്ട്.
മനുഷ്യനെ മനുഷ്യനായി കണ്ട് ചികിത്സിക്കുന്നതിന് ഭംഗം വന്നോ എന്ന് യുവ ഡോക്ടർമാർ ആത്മ പരിശോധന നടത്തണം. രാഷ്ട്രീയ-ഭരണ-മാധ്യമ മേഖലകളെ സ്വാധീനിക്കാനുള്ള കഴിവ് ഹോമിയോപ്പതി സെക്ടറിനുണ്ടോ എന്നതും മറ്റൊരു വെല്ലുവിളിയാണ്. സാമ്പത്തിക ദുഷ്ട ശക്തികൾ ഹോമിയോപ്പതിയെ പിറകോട്ടടിപ്പിക്കാൻ ശ്രമിക്കുകയാണ്. വാക്‌സിനേഷൻ എടുക്കാൻ ആരെയും നിർബന്ധിച്ചില്ലെന്ന സത്യവാങ്മൂലം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിർബന്ധിച്ച് വാക്‌സിനേഷൻ എടുപ്പിക്കുകയായിരുന്നു. വാക്‌സനേഷൻ എടുത്തില്ലെങ്കിൽ വിലക്ക് നേരിടേണ്ട അവസ്ഥവരെയുണ്ടായി. കോവിഡിന്റെ കാലത്ത് രണ്ട് കൊല്ലക്കാലമാണ് ഹോമിയോ ഡോക്ടർമാരുടെ കൈകൾ കൂട്ടികെട്ടിയത്. കേരള സർക്കാരും, ഹൈക്കോടതിയും വിലക്കിയപ്പോൾ സുപ്രീം കോടതിയാണ് ഹോമിയോ ഡോക്ടർമാർക്ക് ചികിത്സ നടത്താമെന്ന് വിധിച്ചത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ പക്ഷപാതിത്വപരമായ ഇടപെടലുകൊണ്ടാണ് ഇത് സംഭവിച്ചത്. കോവിഡിന് ചികിത്സയില്ലെന്നാണ് അലോപ്പതി ഡോക്ടർമാർ തുടക്കം മുതൽ പറഞ്ഞത്. ചികിത്സയില്ലെന്ന് പറഞ്ഞവരെകൊണ്ട് ചികിത്സിപ്പിക്കുക എന്ന വിരോധാഭാസമാണ് നടന്നത്. വാക്‌സിനെടുക്കാൻ ഞങ്ങളാരെയും നിർബന്ധിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ കള്ളം പറഞ്ഞു. വാക്‌സിനേഷൻ എടുത്തവരിൽ മഹാഭൂരിപക്ഷത്തിനും കോവിഡ് വന്നു. മാസ്‌ക് അടിച്ചേൽപ്പിച്ച് ശ്വാസകോശ രോഗങ്ങൾ വർദ്ധിക്കുന്ന സ്ഥിതിയുണ്ടായി. കോവിഡ് മൂലമുണ്ടായ മരണത്തെക്കുറിച്ച് ഒരു സോഷ്യൽ ഓഡിറ്റ് നടത്താൻ സർക്കാരുകൾ തയ്യാറാകണം.
കൊറോണ വൈറസ് മാൻമെയ്ഡാണെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായിരിക്കുകയാണ്. കേരളത്തിൽ ജനപക്ഷത്ത് നിൽക്കുന്ന സർക്കാർ എങ്ങനെ അലോപ്പതിക്കാരുടെ മാത്രം താൽപര്യം സംരക്ഷിക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നദ്ദേഹം പറഞ്ഞു. കേരളത്തിൽ ആരോഗ്യ മേഖല പൂർണ്ണമായി അലോപ്പതിക്ക് അടിയറവെക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. പ്രപഞ്ച സത്യത്തിലധിഷ്ഠിതമാണ് ഹോമിയോപ്പതി. അത് ശരിയായ അർത്ഥത്തിൽ ജനങ്ങൾക്ക് നൽകാൻ ഹോമിയോപ്പതി ഡോക്ടർമാർ പ്രതിജ്ഞാബദ്ധരാണെന്നദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ബിനോയ് വിശ്വം എം.പി അധ്യക്ഷത വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *