പീപ്പിള്‍സ് റിവ്യൂ 15 വര്‍ഷം പിന്നിടുമ്പോള്‍

പീപ്പിള്‍സ് റിവ്യൂ 15 വര്‍ഷം പിന്നിടുമ്പോള്‍

ചരിത്രം രേഖപ്പെടുത്തപ്പെടാതെ പോയ 2006ലെ ഒരു ദിനത്തിലാണ് പീപ്പിള്‍സ് റിവ്യൂ പിറവിയെടുക്കുന്നത്. സത്യത്തില്‍ ഒരു പത്രമാണ് രൂപപ്പെടുന്നതെന്നും അത് രേഖപ്പെടുത്തപ്പെട്ട് വെക്കേണ്ട ഒന്നായിരുന്നുന്നെന്നുമുള്ള ഗൗരവം വേണ്ടത്ര ആ സമയത്ത് ഇല്ലാത്തതിനാലാണ് ആ ദിനം അജ്ഞാതമായി പോയത്. 2006ല്‍ കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയിലുള്ള കെ.കെ.ആര്‍ ബില്‍ഡിംഗിലാണ് പീപ്പിള്‍സ് റിവ്യൂ പിറവിയെടുത്തത്. പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍.കെ.രമേഷ് നാടമുറിച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പീപ്പിള്‍സ് റിവ്യൂ ചരിത്രത്തിലെ അതിന്റെ ആദ്യ ചുവട് വെച്ചു. പിന്നീട് 2007ലാണ് പീപ്പിള്‍സ് റിവ്യൂവിന്റെ അംഗീകാരം ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിക്കുന്നത്. എല്ലാ ചെറുകിട പ്രസിദ്ധീകരണങ്ങളും അനുഭവിക്കുന്ന കടുത്ത പ്രയാസത്തിലൂടെ തന്നെയാണ് പ്രയാണം മുന്നോട്ട് പോയത്.
ക്ഷേത്ര-ചര്‍ച്ച്-പള്ളി ആഘോഷ സപ്ലിമെന്റുകള്‍, നഗരത്തില്‍ നടക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട സപ്ലിമെന്റുകള്‍, സര്‍ക്കാര്‍ പരസ്യങ്ങള്‍, നല്ലവരായ സുമനസ്സുകള്‍ നല്‍കിയ പരസ്യങ്ങള്‍ എന്നിവയിലൂടെയെല്ലാം പീപ്പിള്‍സ് റിവ്യൂ വായനക്കാരിലെത്തി. ഒരു ദിനപത്രമെന്ന നിലവാരത്തിലേക്ക് വളരാന്‍ സമ്പൂര്‍ണ്ണമായി സാധിച്ചില്ലെങ്കിലും വായന ലോകത്തിനാവശ്യമായ മികച്ച വാര്‍ത്തകളും ശ്രദ്ധേയമായ ലേഖനങ്ങളും, ഇന്റര്‍വ്യൂകളും ഉള്‍പ്പെടുത്തി ഈ കൊച്ചു പത്രം പ്രയാണം തുടരുകയാണ്. പീപ്പിള്‍സ് റിവ്യൂ കുടുംബത്തില്‍ നിന്നും 2014ലാണ് പ്രവാസി മലയാളികള്‍ക്കായി പ്രവാസി റിവ്യൂ മാഗസിനും 2016ല്‍ വനിതകള്‍ക്കായി മഹിളാവീഥി മാഗസിനും പ്രസിദ്ധീകരണമാരംഭിച്ചത്. കൊറോണയടക്കമുള്ള പ്രതികൂല ഘടകങ്ങളുണ്ടായെങ്കിലും മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന പരസ്യങ്ങളിലൂടെ പ്രസിദ്ധീകരണള്‍ ഇറക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ആധുനിക ലോകത്തെ സാങ്കേതിക വിദ്യയില്‍ പീപ്പിള്‍സ് റിവ്യൂവും കാലത്തിനനുസരിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുന്‍ നോര്‍ക്ക സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കെ.സി.ജോസഫാണ് 2013ല്‍ പീപ്പിള്‍സ് റിവ്യൂവിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം ചെയ്തത്. കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാനും പ്രമുഖ സഹകാരിയുമായ ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ പീപ്പിള്‍സ് റിവ്യൂവിന്റെ ഓണ്‍ലൈന്‍ എഡിഷന്റെ വിപുലീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് 2020 മാര്‍ച്ച് 5ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. www.peoplsereview.co.in എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ ലോകത്തെല്ലായിടത്തുമുള്ള മലയാളികള്‍ക്കും ഇന്ന് വിരല്‍ തുമ്പില്‍ പീപ്പിള്‍സ് റിവ്യൂ ലഭ്യമാണ്.
നവാഗതരായ എഴുത്തുകാരുടെ രചനകള്‍ പുസ്തകങ്ങളാക്കി പ്രസിദ്ധീകരിക്കുന്നതിലും പീപ്പിള്‍സ് റിവ്യൂ സജീവമാണ്. ഇതിനകം പത്തോളം പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടര്‍ പ്രസിദ്ധീകരണത്തിനായി ചില പുസ്തകങ്ങള്‍ പണിപ്പുരയിലാണ്. കഴിഞ്ഞ 14 വര്‍ഷക്കാലമായി വാര്‍ഷികാഘോഷവും ജന്മദിന പതിപ്പുകളും എന്‍.ആര്‍.ഐ മീറ്റുകളും പ്രവാസി റിവ്യൂ, മഹിളാവീഥി മാഗസിന്‍ സ്‌പെഷ്യല്‍ പതിപ്പുകളും പ്രസിദ്ധീകരിക്കാറുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്റെ പ്രയാണത്തില്‍ കക്ഷി രാഷ്ട്രീയ-ജാതി-മത പക്ഷപാതിത്യമോ മറ്റിതര ചിന്താഗതികളോ തെല്ലും സ്പര്‍ശിക്കാതെയാണ് മാധ്യമ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് കൈരളിയുടെ മഹനീയ മഹത്വം നെഞ്ചേറ്റിയത്. ഡോ.പ്രിയദര്‍ശന്‍ലാല്‍ നിര്‍ദ്ദേശിച്ച ‘സത്യാന്ന പ്രമദിതവ്യം’ എന്ന ആപ്ത വാക്യവും, യശ്ശ:ശരീരനായ മധു മാസ്റ്റര്‍ നിര്‍ദ്ദേശിച്ച ‘സത്യത്തിന്‍ സാക്ഷി ധര്‍മ്മത്തിന്‍ പാതയില്‍’ എന്ന കാഴ്ചപ്പാടുമായാണ് പീപ്പിള്‍സ് റിവ്യൂവിന്റെ പ്രയാണം.
ജനപക്ഷത്ത് നില്‍ക്കുകയും യാതൊരു വേര്‍തിരിവുമില്ലാതെ മാധ്യമ ധര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്യുന്ന ഈ പ്രസ്ഥാനത്തെ സംരക്ഷിക്കേണ്ടത് പ്രബുദ്ധമായ സമൂഹമാണ്. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനും രാജ്യത്തെ മുതിര്‍ന്ന ആയൂര്‍വ്വേദ ഭിഷഗ്വരനുമായ ഡോ.പി.എം.വാരിയര്‍ പീപ്പിള്‍സ് റിവ്യൂവിന്റെ 15ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്ത് പ്രസ്താവിച്ചതുപോലെ ചെറുകിട മാധ്യമങ്ങള്‍ നാടിന്റെ സ്പന്ദനങ്ങളാണ്, അവ നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യവുമാണ്.
കഴിഞ്ഞകാല പ്രയാണത്തില്‍ ഈ പ്രസ്ഥാനത്തെ അനുഗ്രഹിച്ചവര്‍, സഹായിച്ചവര്‍, ഇരുകയ്യും നീട്ടി സ്വീകരിച്ച വായനക്കാര്‍ എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു. തുടര്‍ പ്രയാണം ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. മതേതരത്വം മുറുകെ പിടിച്ച് വികസന വാര്‍ത്തകളുമായി ധാര്‍മ്മിക പാതയില്‍ സത്യത്തിന്റെ പതാകയേന്തിയുള്ള തുടര്‍ പ്രയാണത്തില്‍ എല്ലാവരുടേയും അനുഗ്രഹമുണ്ടാകണമെന്നപേക്ഷിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *