ഗുഡ്ഗാവ്: സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ അതിതീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൃക്കയിലെ അണുബാധയ്ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ ഐ.സി.യുവില്‍ നിന്നും സി.സി.യുവിലേക്ക് മാറ്റിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഓക്‌സിജന്‍ അളവിലെ കുറവുമാണ് മുലായത്തിന്റെ സ്ഥിതി ഗുരുതരമാക്കിയത്.
അനാരോഗ്യത്തെ തുടര്‍ന്ന് മുലായം സിങ് യാദവ് ഏറെ നാളായി രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ കുറവ് പൊതുപരിപാടികളില്‍ മാത്രമാണ് മുലായം സിംഗിന്റെ സാന്നിധ്യമുണ്ടായിരുന്നത്. മൂന്നുതവണ യു.പി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്സഭാംഗമാണ്. യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകന്‍. മല്‍തി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍.
