ന്യൂഡല്‍ഹി: തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറിയത്. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആശയവിനിമയം ഹിന്ദിയിലാക്കണമെന്നാണ് ആവശ്യം. ഇത്തരത്തില്‍ 112 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.
കേന്ദ്രസര്‍ക്കാര#് ജോലികളിലേക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിനു പകരം ഹിന്ദി നിര്‍ബന്ധമാക്കണം. നിയമനത്തില്‍ ഹിന്ദി പ്രാവിണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഓഫിസുകളില്‍ അത്യാവശ്യത്തിന് ഇംഗ്ലീഷ് ഉപയോഗിക്കണം. പിന്നീട് ഇതും ഹിന്ദിയിലേക്ക് മാറ്റണം. ഹിന്ദി അറിയുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കണം. എഴുത്തുകള്‍, ഫാക്സ്, ഇ-മെയില്‍, ക്ഷണക്കത്തുകള്‍ എന്നിവ ഹിന്ദിയിലാകണം. ഹിന്ദിയില്‍ നടപടിക്രമങ്ങള്‍ നടത്താത്ത ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടണം. മറുപടി തൃപ്തീകരമല്ലെങ്കില് ഇക്കാര്യം ജീവനക്കാരുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.
കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സാങ്കേതിക-ഇതര കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണം. ഇംഗ്ലീഷ് ഒപ്ഷണലായി തുടരും. കൂടാതെ ഹിന്ദി സംസാര ഭാഷയായുള്ള സംസ്ഥാനങ്ങളിലെ ഹൈക്കോടതി, കീഴ്ക്കോടതി എന്നിവകളിലെ നടപടികള്‍ ഹിന്ദിയിലാകണം. സര്‍ക്കാര്‍ പരസ്യങ്ങളുടെ 50 ശതമാനത്തിലധികവും ഹിന്ദിയില്‍ പ്രസിദ്ധീകരിക്കണം. ബാക്കി പ്രാദേശിക ഭാഷകളിലാകണം. പത്രങ്ങളില്‍ പരസ്യങ്ങള്‍ ഹിന്ദിയാണെങ്കില്‍ വലുതായും ഇംഗ്ലീഷ് ആണെങ്കില്‍ ചെറുതായി ഉള്‍പ്പേജുകളിലും നല്കിയാല് മതി.
